മാന്നാർ: ഒന്നേകാൽ വയസ്സുള്ള മകനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിനു പൊലീസിൽ പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മാന്നാർ കുട്ടംപേരൂർ 12-ാം വാർഡിൽ എളവ അക്‌ബർ മൻസിലിൽ അനീഷ (32) ആണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരെ മാന്നാർ പൊലീസിൽ പരാതി നൽകിയത്.

രണ്ടു ദിവസം മുൻപാണ് ഒന്നേകാൽ വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ചതിന് അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപു രണ്ടുവട്ടം വിവാഹ മോചിതയായ അനീഷ സമൂഹമാധ്യമം വഴി പരിചയത്തിലായ നജുമുദീനൊപ്പം 2022 ഏപ്രിൽ മുതൽ ജീവിക്കുകയായിരുന്നെങ്കിലും ഔദ്യോഗികമായി വിവാഹിതരായിരുന്നില്ല. ഇതിനിടെയാണു അനീഷ നജുമുദീനു മറ്റു രണ്ടു ഭാര്യമാർ ഉണ്ടെന്നറിഞ്ഞത്. അനീഷ ഗർഭിണിയായിരുന്ന സമയത്തു നജുമുദീൻ മറ്റൊരു സ്ത്രീയെകൂടി വിവാഹം ചെയ്തതോടെ പ്രശ്‌നങ്ങൾ രൂക്ഷമാകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

2023ൽ പിഞ്ചുകുഞ്ഞുമായി മാന്നാറിലുള്ള വീട്ടിലേക്കു തിരിച്ചെത്തിയ അനീഷ പിതാവ് ഇസ്മായേലിനോടൊപ്പം ആണ് താമസിക്കുന്നത്. നജുമുദീൻ മറ്റു വിവാഹങ്ങൾ കഴിച്ച വിവരം മറച്ചുവച്ചു കൂടെ താമസിപ്പിച്ചതെന്ന് അനീഷ പൊലീസിനു മൊഴി നൽകി. കുട്ടിയെ ഉപദ്രവിച്ച കേസിൽ അനീഷയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മർദനത്തിനിരയായ കുഞ്ഞിനെയും അനീഷയുടെ ആദ്യ വിവാഹത്തിലുള്ള മകനെയും ജില്ലാ ശിശുക്ഷേമ സമിതിക്കു കൈമാറി.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ മർദിക്കുന്നതിന്റെ വിഡിയോ പകർത്തി യുവതി നജുമുദീന് അയച്ചത്. ഇത് പുറത്തുവന്നതോടെ ഇവർ അറസ്റ്റിലായി. പിന്നാലെയാണ് നജുമുദീനെതിരെ യുവതി രംഗത്തെത്തിയത്. രണ്ടുവട്ടം വിവാഹ മോചിതയായ യുവതി സമൂഹമാധ്യമം വഴിയാണ് നജുമുദീനുമായി പരിചയത്തിലാവുന്നത്. 2022 ഏപ്രിൽ മുതൽ ഇവർ ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ വിവാഹിതരായിരുന്നില്ല.

ഒന്നിച്ച് താമസിക്കുന്നതിനിടെയാണ് നജുമുദീന് രണ്ട് ഭാര്യമാരുണ്ടെന്ന വിവരം ഇവർ അറിയുന്നത്. ഗർഭിണിയായിരുന്ന സമയത്തു നജുമുദീൻ മറ്റൊരു സ്ത്രീയെകൂടി വിവാഹം ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ പ്രശ്‌നത്തിലാവുകയും വീട്ടിലേക്ക് യുവതി മടങ്ങുകയുമായിരുന്നു. നജുമുദീൻ മറ്റു വിവാഹങ്ങൾ കഴിച്ച വിവരം മറച്ചുവച്ചു കൂടെ താമസിപ്പിച്ചതെന്നാണ് യുവതി പൊലീസിനു മൊഴി നൽകി.

കുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി വിദേശത്തുള്ള നജുമുദീന് അയച്ചു കൊടുത്തിരുന്നു. നജുമുദീൻ തന്നെയാണ് ദൃശ്യങ്ങൾ ബാലാവകാശ കമ്മീഷന് നൽകിയതും. ഇതിന്റെ അടിസ്ഥാനത്തിലാണ് അനീഷയ്‌ക്കെതിരെ കേസെടുത്തത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നജുമുദീനോടുള്ള ദേഷ്യമാണ് കുഞ്ഞിനെ മർദ്ദിക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.