കണ്ണൂർ: കണ്ണൂർ ചാലക്കര പോന്തയാട്ടിനടുത്ത് ബിജെപി. അനുഭാവിയുടെ വീടിന് നേരേ ബോംബെറിഞ്ഞു. റെയിൻ കോട്ട് ധരിച്ചെത്തിയ അക്രമി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ സിപിഎം പ്രവർത്തകൻ അരുൺ അറസ്റ്റിലായി.

റെയിൻകോട്ട് ധരിച്ചെത്തി വീടിന് മുന്നിലേക്ക് ബോംബെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ സിപിഎം. പ്രവർത്തകനായ ന്യൂമാഹി ചാലക്കര സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചെറുകല്ലായിലെ സിപിഎം. ഓഫീസിന് നേരേയുണ്ടായ അക്രമത്തിന്റെ തുടർച്ചയായാണ് ചാലക്കര പോന്തയാട്ടിലെ ബിജെപി. അനുഭാവിയുടെ സനൂപിന്റെ വീടിന് നേരേ ബോംബേറുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ജനൽവാതിലുകൾ തകർന്നു. ജനലിന്റെ ഇരുമ്പ് കമ്പികൾ ചിതറിത്തെറിച്ചു. സ്റ്റെയർകേസിന് മുകളിലെ സീലിങ്ങിന്റെ സിമന്റ് മൂന്നടിയോളം നീളത്തിൽ അടർന്നുവീണു.

സനൂപ് കുടുംബസമേതം തലശ്ശേരിയിൽ പോയതിനാലാണ് ആളുകൾക്ക് പരിക്കേൽക്കുന്നത് ഉൾപ്പെടെയുള്ള വലിയ അപകടം ഒഴിവായത്. ഈ സംഭവത്തിന് പിന്നാലെ കോടിയേരി പാറാലിൽ രണ്ട് സിപിഎം. പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഈ കേസിൽ നാല് ബിജെപി. പ്രവർത്തകരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

എറിഞ്ഞത് സ്റ്റീൽ ബോംബെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. പ്രദേശത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഈ കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.