ബംഗളൂരു: കന്നഡ സൂപ്പർ താരം ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെട്ട കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്. രേണുകസ്വാമിയെ തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്താൻ സുഹൃത്തായ ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

രേണുകാസ്വാമിയെ മർദിച്ച് കൊലപ്പെടുത്തിയ ബെംഗളൂരുവിലെ ഷെഡ്ഡിൽ പവിത്ര ഗൗഡയും എത്തിയിരുന്നതായാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പവിത്ര ഗൗഡ യുവാവിനെ ചെരിപ്പ് കൊണ്ട് അടിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേസിൽ പ്രധാന തെളിവുകളായ ചെരിപ്പുകളും ദർശന്റെ ഉൾപ്പെടെ വസ്ത്രങ്ങളും പവിത്ര ഗൗഡയുടെ വീട്ടിൽനിന്നാണ് പൊലീസ് കണ്ടെടുത്തത്.

പവിത്ര ഗൗഡക്കെതിരേ സാമൂഹിക മാധ്യമത്തിൽ മോശം കമന്റുകളിട്ടതും അശ്ലീല സന്ദേശങ്ങൾ അയച്ചതുമാണ് രേണുകാസ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ നടി പവിത്ര ഗൗഡയാണ് ഒന്നാംപ്രതി. സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു.

ജൂൺ 8ന് ദർശനേർപ്പെടുത്തിയ സംഘം രേണുകാസ്വാമിയെ ചിത്രദുർഗ എന്ന സ്ഥലത്ത് വച്ച് നടനെ പരിചയപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് വണ്ടിയിൽ കയറ്റി. ബെംഗളൂരുവിൽ ആർആർ നഗറിലെ ഒരു ഷെഡിലെത്തിച്ച യുവാവിനെ കാണാൻ പിന്നീട് ദർശനും പവിത്രയുമെത്തി. തുടർന്നായിരുന്നു മർദനപരമ്പര. രേണുകാസ്വാമിയെ തല്ലിച്ചതയ്ക്കുന്നതിനും ഇലക്ട്രിക് ഷോക്കുകൾ നൽകുന്നതിനുമെല്ലാം ദർശനും പവിത്രയും നേതൃത്വം നൽകിയെന്നാണ് പൊലീസ് പറയുന്നത്.

ശരീരത്തിലേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നതാണ് രേണുകാസ്വാമിയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകർന്ന നിലയിലായിരുന്നുവെന്നും ഒരു ചെവി നഷ്ടപ്പെട്ടിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

കൊലപാതകത്തിനായി 50 ലക്ഷം രൂപയാണ് പല ആളുകൾക്കായി ദർശൻ നൽകിയത്. കിഡ്നാപ്പിംഗിനും കൊലപാതകത്തിനും മൃതദേഹം അഴുക്കുചാലിൽ തള്ളുന്നതിനുമൊക്കെ നേതൃത്വം നൽകിയ പ്രദോഷ് അലിയാസ് പവൻ എന്നയാളാണ് ഇവരിലൊരാൾ. ഇയാൾക്ക് 30 ലക്ഷം രൂപയാണ് ദർശൻ നൽകിയത്. കുറ്റമേൽക്കാൻ അഞ്ചു ലക്ഷം വീതം രാഘവേന്ദ്ര, കാർത്തിക്ക് എന്നിവർക്കും നൽകി.

തുടർന്ന് ഇരുവരും പൊലീസിൽ കീഴടങ്ങി, ദർശനും പവിത്രയ്ക്കും പകരം ജയിലിൽ പോകണമെന്നായിരുന്നു കരാർ. എന്നാൽ ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ദർശന്റെയും പവിത്രയുടെയും പേര് വെളിപ്പെടുകയായിരുന്നു. ദർശനും പവിത്രയുമുൾപ്പടെ 17 പേരെയാണ് രേണുകാസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലാണ് പവിത്ര.

ദർശൻ ഉൾപ്പെടെ നാല് പ്രതികളെ ജൂലായ് നാല് വരെ റിമാൻഡ് ചെയ്തു. ദർശൻ, കൂട്ടുപ്രതികളായ വിനയ്, പ്രദോഷ്, ധനരാജ് എന്നിവരെയാണ് ജൂലായ് നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തത്. കേസിൽ അറസ്റ്റിലായ നടൻ ദർശൻ ജൂൺ 11-ാം തീയതി മുതൽ പൊലീസ് കസ്റ്റഡിയിലായിരുന്നു. ശനിയാഴ്ചയാണ് ദർശനെയും മറ്റുപ്രതികളെയും വീണ്ടും കോടതിയിൽ ഹാജരാക്കിയത്.

യുവാവിനെ കൊലപ്പെടുത്തിയശേഷം കുറ്റം ഏറ്റെടുക്കാനും തെളിവ് നശിപ്പിക്കാനുമായി കൂട്ടുപ്രതികൾക്ക് ദർശൻ പണം നൽകിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിനായി 40 ലക്ഷം രൂപ ഒരു സുഹൃത്തിൽനിന്ന് ദർശൻ കടം വാങ്ങിയതായാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിൽ 37.4 ലക്ഷം രൂപയും നടന്റെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തതായും റിപ്പോർട്ടിലുണ്ടായിരുന്നു.