തിരുവനന്തപുരം: പേർഷ്യൻ പൂച്ചക്കച്ചവടം സംഘർഷമായി. കാശ് ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ വീട് കയറി ആക്രമണം നടത്തിയത് മരുതംകുഴിയലെ മാഫിയ. കാട്ടാക്കട. നെയ്യാർഡാം മരക്കുന്നത്ത് എ എൻ നിവാസിൽ വിജിതകുമാരി (41) മകൻ അരവിന്ദ് (22) , അഖിൽ (26) നെയും വീടു കയറി ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ചത് ഗുണ്ടകളാണെന്നാണ് ആരോപണം. ഇവരെ പിടിക്കാൻ ഇനിയും പൊലീസിന് ആയിട്ടില്ല.

നെയ്യാർഡാം പൊലീസ് കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം. തിങ്കളാഴ്ച വൈകുന്നേരമാണ് നാലു ബൈക്കുകളിൽ എത്തിയ സംഘം വീട്ടിൽ കയറി അമ്മയേയും മകനെയും ആക്രമിച്ചത്. അരവിന്ദിനെയും അഖിലിനെയും അപായപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞപ്പോഴാന്ന് വിജിതകുമാരിയേയും ആക്രമിച്ചത്. വീട്ടിലെ സാധന സാമഗ്രികൾ നശിപ്പിച്ച ഗുണ്ടാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങി പോയത്.

വിജിതയും മക്കളും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഗുണ്ടകളെ സംബന്ധിച്ച് നാട്ടുകാർ വിളിച്ച് പറഞ്ഞിട്ടും പോലും പൊലീസ് എത്തിയില്ലെന്ന് പരാതി ഉണ്ട്. സംഭവം സംബന്ധിച്ച് അന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാ സംഘങ്ങളിൽ പ്രധാനിയാണ് കേസിലെ ഒന്നാം പ്രതി.

മറ്റ് പ്രതികൾ പൊലീസിന്റെ കൺവെട്ടത്ത് ഉണ്ടായിട്ടും ഇതുവരെ പിടികൂടിയിട്ടില്ല. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേസിലെ പ്രതികളെ പിടികൂടാത്തതിൽ നാട്ടുകൾക്കും അമർഷം ഉണ്ട്. പേർഷ്യൻ പൂച്ചവാങ്ങലുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിക്ക് കാരണമെന്ന് എഫ് ഐ ആറിൽ വിശദീകരിക്കുന്നുണ്ട്.