കൊച്ചി : തൊടുപുഴ കൈവെട്ട് കേസിലെ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പരിതോഷികം പ്രഖ്യാപിച്ചത്. സംഭവം നടന്നത് മുതൽ ഇയാൾ ഒളിവിലായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് സവാദ്

2010 ൽ ആണ് തൊടുപുഴ ന്യൂമൻ കോളേജ് അദ്ധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടുന്നത്. അദ്ധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മൂവാറ്റുപുഴ പൊലീസ് അന്വേഷിച്ച കേസ് 2011 മാർച്ച് ഒൻപതിനാണ് എൻഐഎ ഏറ്റെടുത്തത്. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന് വിധിപറഞ്ഞു. 31 പ്രതികളിൽ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു.

അറ്റുപോകാത്ത ഓർമകളിലെ നടുക്കുന്ന സംഭവം

ജോസഫ് മാഷിന്റെ ആത്മകഥയായ 'അറ്റുപോകാത്ത ഓർമ്മകളിലെ' പരശുരാമന്റെ മഴു എന്ന 25ാം അധ്യായം നടുക്കുന്നതാണ്. പള്ളികഴിഞ്ഞ് വീട്ടിലേക്ക് കാറിൽ മടങ്ങുന്ന തന്നെയും കുടുംബത്തെും ഇസ്ലാമിക മതമൗലിക വാദികൾ ആക്രമിച്ചതിന്റെ വിവരങ്ങൾ ഈ അധ്യായത്തിലാണ് ജോസഫ് മാസ്റ്റർ വിവരിക്കുന്നത്.

'അടുത്ത നിമിഷം മഴുകൊണ്ടുള്ള വെട്ടേറ്റ് എന്റെ വലതുവശത്തുള്ള ഡോറിന്റെ ഗ്ലാസ് തകർന്നുവീണു. അക്ഷണത്തിൽതന്നെ വാക്കത്തികൊണ്ടുള്ള വെട്ടിൽ, ചേച്ചിയുടെ വശത്തെ ചില്ലും തകർന്നു. രണ്ടാം വാക്കത്തിക്കാരൻ കാറിന്റെ മുൻവശത്തെ ചില്ല് വെട്ടിപ്പൊളിച്ചെങ്കിലും അത് അടർന്നുവീണില്ല.

ചില്ലില്ലാത്ത ഡോറിലൂടെ മഴു അകത്തേക്കിട്ട് ഒന്നാമൻ എന്നെ തുരുതുരാ വെട്ടാൻ തുടങ്ങി. അതോടെ ചേച്ചിയും അമ്മയും ആവുന്നത്ര ശബ്ദത്തിൽ രക്ഷിക്കണേ, ഓടിവായോ, എന്ന് നിലവിളി തുടങ്ങി. ഞാനാകട്ടെ ശരീരം ആവുന്നത്ര, ഉള്ളിലേക്ക ഒതുക്കിക്കൊണ്ട്, മഴുവിന്റെ പിടിയിൽ കടന്നുപിടിക്കാനുള്ള ശ്രമം നടത്തി. ഒന്നു രണ്ടുതവണ എനിക്ക് പിടി കിട്ടിയെങ്കിലും എന്റെ കൈകൾ വിട്ടുപോയി. ഇരുകൈകളിലും വെട്ടേറ്റ് മാംസവും ഞരമ്പുകളും മുറിഞ്ഞു മറിഞ്ഞപ്പോൾ എന്റെ കൈകൾ പൊങ്ങാതായി. പിൻ സീറ്റിൽ ഇരുന്ന എന്റെ അമ്മ ഒരു മടക്കുകുട കൊണ്ട് എന്നെ വെട്ടുന്ന കൈയിൽ അടിച്ചുകൊണ്ട് അലറിക്കരഞ്ഞെങ്കിലും ഒരു ദീനശബ്ദമേ പറുത്തുവന്നുള്ളൂ.

എന്റെ കൈൾ പൊങ്ങാതായതോടെ, മഴു പിടിച്ചയാൾ കൈ ഉള്ളിലേക്കിട്ട് കാറിന്റെ ഡോർ തുറന്നു. അപ്പോഴേക്കും ചേച്ചിയുടെ വശത്തുനിന്ന വാക്കത്തിപിടിച്ച രണ്ടാളുകളും അങ്ങോട്ട് വന്നു. നാലുപേർ കൂടി എന്നെ വലിച്ചെടുത്ത് കാറിന്റെ പിന്നിലേക്ക് കൊണ്ടുപോയി. എന്റെ അടുത്തേക്ക് വരാനായി ഡോർ തുറന്ന് പുറത്തെത്തിയ ചേച്ചിയെ അവിടെ നിന്നിരുന്ന കഠാരക്കാരൻ ഇടം കൈയാൽ കഴുത്തിന് കുത്തിപ്പിടിച്ച് വലം കൈയിലെ കഠാര നീട്ടിപ്പിടിച്ച് റോഡിന്റെ ഇടതുവശത്തുള്ള കൈയാലയിലേക്ക് തള്ളി നിർത്തി.

കാറിന്റെ പിന്നിലേക്ക് എന്നെ അൽപ്പദൂരം വലിച്ചിഴച്ചിട്ട് ആ ഒരു വാക്കത്തിക്കാരൻ, എന്റെ ഇടതുകാലിന്റെ കുതികാൽ ഭാഗത്ത് ആഞ്ഞൊരു വെട്ട്. അതിനുശേഷം കാലിൽ പിടിച്ച് തിരിച്ചിട്ട് അതിനോട് ചേർന്ന് പാദത്തിന് മുകളിലായി ഒരു വെട്ടും തന്നു. തുടർന്ന് മഴു പിടിച്ച ആൾ എന്റെ ഇടതുചന്തിയോട് ചേർന്ന തുടഭാഗത്ത് മഴുകൊണ്ട് ആഞ്ഞുവെട്ടി. കൂടാതെ ഇടതുകാലിൽ തന്നെ കണ്ണയുടെ മുകൾഭാഗത്തും പാദത്തിലും ആഞ്ഞു വെട്ടി. മഴു പതിച്ച ഭാഗങ്ങൾ അസ്ഥി ഉൾപ്പടെ മുറിഞ്ഞു. മുറിവുകളിൽനിന്ന് ചീറ്റിയൊലിക്കുന്ന രക്തത്തോടൊപ്പം, ജീവനും വാർന്നുപോകുന്നതായി എനിക്കപ്പോൾ തോന്നി. എന്നിൽ പതിക്കാൻവേണ്ടി അയാളുടെ കൈയിലിരുന്ന് വെമ്പുന്ന മഴുവിൽ ദൃഷ്ടിയൂന്നി ജന്തുസഹജമായ മരണഭയത്തോടെ, 'കൊല്ലല്ലോ, കൊല്ലല്ലേ' എന്ന് ഞാൻ വിലപിച്ചു.

പിന്നീട് അവർ എന്നെതൂക്കിയെടുത്ത് കുറച്ചുകൂടി പിന്നിലേക്ക് കൊണ്ടുപോയി. റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി. ഉടൽ ടാർറോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയിൽ അവർ എന്നെ മലർത്തിയിട്ടു. മഴുപിടിച്ച ആൾ, മുറിവേറ്റ് തളർന്ന എന്റെ ഇടതുകൈത്തണ്ട എടുത്തുപിടിച്ചിട്ട് വിറകുകീറുന്നുമാതിരി ആഞ്ഞൊരു വെട്ട്. കൈക്കുഴയോടെ ചേർന്ന് കൈപ്പത്തിയിൽ ചെരിഞ്ഞു പതിച്ച മഴു, ചെറുവിരൽ ഭാഗത്തെ മൂന്നുവരലുകൾ കടയറ്റു തുങ്ങത്തക്കവിധം കൈപ്പത്തിയുടെ മുക്കാൽ ഭാഗത്തോളം എത്തിനിന്നു. ഉദ്ദേശിച്ച കൈ മാറിപ്പോയെന്ന് വാക്കത്തിക്കാരൻ സൂചന കൊടുത്തതിനാൽ, എന്റെ ഇടതുകൈ അയാൾ പൊടുന്നനെ താഴേക്കിട്ടു.

ആ സമയം വലുതായൊരു സ്ഫോടന ശബ്ദം എന്റെ കാതിൽ വന്നലച്ചു. പുകപടലങ്ങൾക്കിടയിൽ കൈയിൽ ഒരു വാക്കത്തിയുമായി മകൻ മിഥുൻ അവിടേക്ക് പാഞ്ഞടുക്കുന്നത് ഒരു മിന്നായംപോലെ എന്റെ ദൃഷ്ടിയിൽപ്പെട്ടു. അൽപ്പം സമയം കഴിഞ്ഞ് വാക്കത്തിക്കാരിലെ അപരൻ മുറിവുകളാൽ വിവൃതമായ എന്റെ വലതുകൈ മുട്ടുഭാഗത്ത് പിടിച്ച് ടാർ റോഡിൽ ചേർത്തുവെച്ചു. മഴു പിടിച്ചയാൾ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തിൽ വിപരീത ദിശയിൽ ചെരിച്ച് രണ്ടു വെട്ടുവെട്ടി. രണ്ടിടത്തും അസ്ഥികൾ മുറിഞ്ഞ് കൈത്തണ്ട മുക്കാൽ ഭാഗം അറ്റു. പിന്നീട് കൈക്കുഴയാട് ചേർന്ന് പലതവണ വെട്ടി. അവർ എന്റെ വലതുകൈപ്പത്തി മുറിച്ചുമാറ്റി.'- ജോസഫ് മാസ്റ്റർ എഴുതുന്നു.

വെട്ടേറ്റ് അർധ അബോധവസ്ഥയിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ തന്റെ കൈപ്പത്തി കൂടി എടുത്തോളാൻ താൻ പറഞ്ഞ കാര്യവും ജോസഫ് മാസ്റ്റർ എഴുതുന്നുണ്ട്. 'പക്ഷേ എവിടെ തിരഞ്ഞിട്ടും ആറ്റുപോയ കൈപ്പത്തി കണ്ടുകിട്ടിയില്ല. അയൽക്കാരൻ ജോസഫ് സാർ സംഭവം നടന്ന സ്ഥലത്തെ കുറ്റിച്ചെടികൾക്കിടയിൽ പരതുകയായിരുന്നു. അപ്പോഴാണ് സമീപത്തെ വീട്ടുമുറ്റത്ത് കൈപ്പത്തി വീണുകിടക്കുന്നുണ്ടെന്ന് ആരോ അറിയിച്ചത്.അദ്ദേഹം ചെന്നുനോക്കിയപ്പോൾ ശരിയാണ്. മുറ്റത്തുവിരിച്ച ചരലിൽ ഉണങ്ങി വീണ തേക്കിലപോലെ അതാ കിടക്കുന്നു! അദ്ദേഹം പെട്ടെന്ന് അതെടുത്ത് മണൽത്തരികൾ കുടഞ്ഞുകളഞ്ഞ്, ഒരു പ്ലാസ്റ്റിക്ക് കൂടിൽ ഐസ് കട്ടയും വെച്ച് പാക്ക് ചെയ്തതോടെ പൊലീസ് ജീപ്പെത്തി.'-ജോസഫ് മാസ്റ്റർ എഴുതുന്നു.

ഈ കൈപ്പത്തിയാണ് പിന്നീട് അദ്ദേഹത്തിന് തുന്നിപ്പിടിപ്പിച്ചത്.