മംഗളൂരു: സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. ഒളിവിൽ കഴിയുന്ന പ്രതികളായ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കുറിച്ച് വിവരം കൈമാറുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് വഴിവച്ച നിർണായക തെളിവുകൾ ലഭിച്ചത് കേസിലെ എൻഐഎ അന്വേഷണത്തിലായിരുന്നു.

ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമവാസിയായ മുഹമ്മദ് മുസ്തഫ എസ് എന്ന മുസ്തഫ പൈച്ചാർ, കുടക് ജില്ലയിലെ മടിക്കേരി സ്വദേശിയായ തുഫൈൽ എം.എച്ച്, ദക്ഷിണ കന്നഡ ജില്ലക്കാരനായ ഉമറുൽ ഫാറൂഖ് എം.ആർ എന്ന ഉമർ, ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമവാസിയായ അബൂബക്കർ സിദ്ദീഖ് (പെയിന്റർ സിദ്ദീഖ്/ ഗുജ്രി സിദ്ദീഖ്) എന്നിവരുടെ വിവരങ്ങളാണ് എൻ.ഐ.എ ശേഖരിക്കുന്നത്.

ഇതിൽ മുഹമ്മദ് മുസ്തഫ, തുഫൈൽ എന്നിവരുടെ വിവരങ്ങൾ കൈമാറുന്നവർക്ക് 5 ലക്ഷം വീതവും ഉമറുൽ ഫാറൂഖ്, അബൂബക്കർ സിദ്ദീഖ് എന്നിവരുടെ വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ട് ലക്ഷം വീതവുമാണ് പാരിതോഷികം നൽകുക. ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂർ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാൻ നേരം ബൈക്കുകളിൽ എത്തിയ സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്. കേരള രജിസ്‌ട്രേഷൻ ബൈക്കിൽ മാരകായുധങ്ങളുമായി എത്തിയവരാണ് കൊലപാതകം നടത്തിയത്.

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന്റെ അന്വേഷണം കർണാടക സർക്കാർ എൻ.ഐ.എക്ക് കൈമാറിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് പോപ്പുലർ ഫ്രണ്ട് നിരോധിക്കാൻ കാരണമാവുന്ന തെളിവുകൾ ശേഖരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകാൻ എൻ.ഐ.എയെ സഹായിച്ചത്.

പ്രവീണിനെ കൊലപ്പെടുത്താൻ എത്തിയ അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു രണ്ട് പേർ കൊല നടന്ന സ്ഥലത്ത് ബൈക്കിലെത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവം കർണാടക സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്വേഷണം ഊർജിതമല്ലെന്ന് ആരോപിച്ച് സർക്കാരിനും ബിജെപി നേതാക്കൾക്കും എതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

പ്രവീണിനെ കൊലപ്പെടുത്തിയവരെ യുപി മോഡലിൽ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന് ഹൊന്നാലി എംഎൽഎ എംപി. രേണുകാചാര്യ ആവശ്യപ്പെട്ടു. പ്രതികൾക്ക് തക്ക ശിക്ഷ കൊടുത്തില്ലെങ്കിൽ രാജിവെക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകിയിരുന്നു. ബെല്ലാരെയിലെ അക്ഷയ പൗൾട്രി ഫാം ഉടമയായിരുന്ന പ്രവീൺ ഫാം അടച്ച് വീട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

പ്രവീൺ കൊലപാതകക്കേസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചതിനിടെയിലാണ് കേസ് എൻഐഎക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. കേരള- കർണാടക അതിർത്തിയായ ബെള്ളാരയിൽ വച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായത്. കേരള രജിസ്ട്രേഷൻ ബൈക്കിലാണ് അക്രമികൾ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതെ സമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പ്രവീൺ കൊല്ലപ്പെട്ട ബെല്ലാരെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് കഴിയുകയായിരുന്ന കാസർകോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. പ്രവീൺ വധിക്കപ്പെട്ട് 48 മണിക്കൂറിനകം സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഹമ്മദ് ഫാസിലും (23) കൊല്ലപ്പെട്ടിരുന്നു.