- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാക്കളെ കൊണ്ട് ഐസിസിനോട് കൂറ് പ്രഖ്യാപിക്കുന്ന പ്രതിജ്ഞ ചൊല്ലിക്കും; മൊഡ്യൂളുകൾ വികസിപ്പിച്ചെടുക്കും; താനെയിലെ പഡ്ഗ ഗ്രാമം വിമോചിത മേഖലയായി പ്രഖ്യാപിച്ച് പ്രവർത്തനം; മഹാരാഷ്ട്രയിലും കർണാടകയിലുമായി 15 ഐസിസ് ഭീകരരെ എൻഐഎ വലയിലാക്കി
മുംബൈ: മഹാരാഷ്ട്രയിലും, കർണാടകയിലും നടത്തിയ റെയ്ഡുകളുടെ പരമ്പരയിൽ, ഐസിസ് ഭീകരശൃംഖലയിൽ പെട്ട 15 ഭീകരരെ കസ്റ്റഡിയിൽ എടുത്ത് എൻഐഎ. അറസ്റ്റിലായവരിൽ, വളരെ സജീവമായ ഐസിസ് മൊഡ്യൂളിന്റെ നേതാവുമുണ്ട്. ഇയാൾ പുതുതതായി റിക്രൂട്ട് ചെയ്യപ്പെടുന്ന അംഗങ്ങൾ ഐസിസിനോട് കൂറ് പ്രഖ്യാപിക്കുന്ന പ്രതിജ്ഞ ചൊല്ലി കൊടുക്കുന്ന വ്യക്തിയായിരുന്നുവെന്ന് ഏജൻസിയുടെ വക്താവ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് എൻഐഎ സംഘങ്ങൾ ഒരേസമയം, മഹാരാഷ്ട്രയിൽ പഡ്ഗ-ബോറിവാലി, താനെ, മിറ റോഡ്, പൂണെ എന്നിവിടങ്ങളിലും, കർണാടകയിലെ ബെംഗളൂരുവിലും റെയ്ഡ് നടത്തിയത്. ഭീകരവാദം പ്രോത്സാഹിപ്പിക്കുകയും, നിരോധിത സംഘടനയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനാണ് 15 പേരെയും കസ്റ്റഡിയിൽ എടുത്തത്.
കണക്കിൽ പെടാത്ത പണം, വെടിക്കോപ്പുകൾ, മൂർച്ചയേറിയ ആയുധങ്ങൾ, കുറ്റകരമായ രേഖകൾ, സ്മാർട്ട് ഫോണുകൾ അടക്കം ഡിജിറ്റൽ ഡിവൈസുകൾ എന്നിവയും റെയ്ഡിൽ കണ്ടെടുത്തു.
നിരപരാധികളുടെ ജീവൻ അപകടത്തിലാക്കാൻ ലക്ഷ്യമിട്ട് ഐസ്സിസ് മൊഡ്യൂൾ നടത്തി ഭീകരപ്രവർത്തനം തടയുന്നതിന്റെ ഭാഗമായിരുന്നു എൻഐഎയുടെ ഓപ്പറേഷൻ. അറസ്റ്റിലായവർ ഐസിസ് മഹാരാഷ്ട്ര മൊഡ്യൂളിലെ അംഗങ്ങളായിരുന്നുവെന്ന് മാത്രമല്ല, ഐഇഡികൾ അടക്കം സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലും ഏർപ്പെട്ടുവരികയായിരുന്നു. വിദേശത്ത് നിന്നുള്ള ഐസിസ് ഭീകരരുടെ സഹായത്തോടെയായിരുന്നു ഇവരുടെ പ്രവർത്തനം.
പഡ്ഗ ഗ്രാമത്തെ വിമോചിത മേഖലയായി ഭീകരർ പ്രഖ്യാപിച്ചു
പഡ്ഗ-ബോറിവാലിയിൽ നിന്നാണ് പ്രതികൾ തങ്ങളുടെ പദ്ധതികൾ ആസൂത്രണം ചെയ്യുകയും, ഏകോപിപ്പിക്കുകയും ചെയ്തത്. ഇന്ത്യയിലുടനീളം വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു ഇവരുടെ ലക്ഷ്യം. അക്രമോത്സുകമായ ജിഹാദ് എന്ന പ്രത്യയശാസ്ത്രത്താൽ പ്രചോദിതരായ ഇവർ രാജ്യത്തെ ശാന്തിയും, സമുദായ സൗഹാർദ്ദവും തകർക്കാൻ ലക്ഷ്യമിട്ടുപ്രവർത്തിക്കുകയായിരുന്നു.
ഗ്രാമീണ താനെയിലെ പഡ്ഗ ഇവർ വിമോചിത മേഖലയായി സ്വയം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ താവളം ശക്തിപ്പെടുത്തുന്നതിനായി മുസ്ലിം യുവാക്കൾ പഡ്ഗയിലേക്ക് വരണമെന്ന് ഇവർ ആഹ്വാനം ചെയ്തിരുന്നു. .യുവാക്കൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തിരുന്നത് സാഖ്വിബ് നച്ചാൻ എന്ന മുഖ്യപ്രതിയാണ്. പ്രാദേശികമായി മൊഡ്യൂളുകളും സ്ലീപ്പർ സെല്ലുകളും സൃഷ്ടിച്ച് തക്ക അവസരം വരുമ്പോൾ ആഞ്ഞടിക്കാനുമായിരുന്നു ഇവരുടെ പ്ലാൻ.
നേരത്തെ എൻഐഎ ഐസ്സിന്റെ മഹാരാഷ്ട്ര മൊഡ്യൂളിന് എതിരെ കേസെടുത്തിരുന്നു. .ഓഗസ്റ്റിൽ സ്‌ഫോടക വസ്തുക്കൾ നിർമ്മിച്ചതിന് ആക്കിഫ് അതീഖ് നചൻ എന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കുകയും,
വിവിധ സ്ഥലങ്ങളിലെ ഐസിസി മൊഡ്യൂളുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ വ്യാപക റെയ്ഡുകളും നടത്തി.
മറുനാടന് മലയാളി ബ്യൂറോ