- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും ട്രാവൽസിലും എൻ.ഐ.എ റെയ്ഡ്; ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു; റെയ്ഡ് മണത്തറിഞ്ഞ് അസ്ലം മുങ്ങി; എൻഐഎ ഓഫീസിൽ ഈ മാസം 11 ന് ഹാജരാകാൻ നോട്ടീസ്; പോപ്പുലർ ഫ്രണ്ടിൽ നിന്ന് അകലം പാലിച്ച് ജനകീയമുഖമാകാൻ എസ്ഡിപിഐ നീക്കം
മലപ്പുറം:നിരോധിത സംഘടനയ പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന അസ്ലമിന്റെ വീട്ടിലും അസ്ലമിന്റെ ഉടമസ്ഥതയിലുള്ള ട്രാവൽസിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. പുറങ്ങ് കളത്തിൽപടിയിലെ തറവാട് വീട്ടിലും കളത്തിൽപടിയിലെ ഇയാളുടെ സ്വന്തം വീട്ടിലും ഒരേ സമയമാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. ഇന്നു രാവിലെ ആറിനു തുടങ്ങിയ റെയ്ഡ് 10.30 വരെ തുടർന്നു.
പിന്നീട് പത്തരയോടെ പൊന്നാനി കുണ്ടുകടവിലെ അസ്ലമിന്റെ ട്രാവൽസിൽ നടന്ന റെയ്ഡ് വൈകിട്ട് 3.30 ഓടെയാണ് അവസാനിച്ചത്. റെയ്ഡ് നടക്കുന്ന സമയം അസ്ലം വീട്ടിലുണ്ടായിരുന്നില്ല. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഹാർഡ് ഡിസക്, ട്രാവൽസിലെ യാത്രാരേഖകൾ, പെൻഡ്രൈവ് എന്നിവ എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. മുമ്പ് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ യാത്രാവിവരങ്ങൾ ശേഖരിക്കാനാണ് റെയ്ഡ് എന്നാണ് വിവരം. മാറഞ്ചേരിയിലെ പ്രധാന പോപ്പുലർഫ്രണ്ട് നേതാവായിരുന്നു അസ്ലം. ഡൽഹിയിലെ എൻഐഎ ഓഫീസിൽ ഈ മാസം 11 ന് ഹാജരാകാനുള്ള നോട്ടീസ് ബന്ധുക്കൾക്കു നൽകിയിട്ടുണ്ട്.
അതേ സമയം പോപ്പുലർഫ്രണ്ട് നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐ ജനകീയ മുഖവുമായി മാറാൻ ശ്രമങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ ധന ഇടപാടുകൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നിരോധനം വരാനുള്ള സാധ്യത മുന്നിൽകണ്ട് കൂടുതൽ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് സമൂഹത്തിൽ സജീവമാകാനും, പോപ്പുലർഫ്രണ്ട് നിരോധനം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളിൽനിന്നും അകലം പാലിക്കാനും എസ്.ഡി.പി.ഐ തീരുമാനിച്ചത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ മലപ്പുറം ജില്ലയിൽ ലഹരിമുക്ത കാമ്പയിൻ നടത്താൻ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. മലപ്പുറം ജില്ലയെ സമ്പൂർണ ലഹരി മുക്ത ജില്ലയാക്കുന്നതിന് വേണ്ടി ഒക്ടോബർ ഒന്നുമുതൽ 15 വരെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്.കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന, പഠനത്തിൽ പിന്നാക്കം പോവുന്ന, ആരോഗ്യത്തെ ബാധിക്കുന്ന, സർവ്വ മേഖലകളിലും ദുരന്തം വിതക്കുന്ന മഹാമാരിയായ ലഹരിക്കെതിരെ എല്ലാവരും ഒരുമിച്ചു കൈകോർക്കണമെന്നും എസ്.ഡി.പി.മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനംചെയ്തു. കൗമാര-യുവ തലമുറയെ ഈ മഹാ വിപത്തിൽ നിന്നും സംരക്ഷിക്കുവാൻ ആവശ്യമായ ബോധവത്കരണം, ബോർഡ് സ്ഥാപിക്കൽ, കൗൺസലിങ്, ലഹരി വിരുദ്ധ റാലി തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും.
ഇതുസംബന്ധിച്ച യോഗത്തിൽ എസ്.ഡി.പി.ഐ മലപ്പുറം . ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അശ്റഫ് , ജനറൽ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുസ്തഫ പാമങ്ങാടൻ, വൈസ് പ്രസിഡന്റുമാരായ സൈതലവി ഹാജി,അരീക്കൻ ബീരാൻ കുട്ടി, ട്രഷറർ കെസി. സലാം , എ.കെ അബ്ദുൽ മജീദ്, മുർശിദ് ശമീം, ഷെരീ ഖാൻ പ്രസംഗിച്ചു.അതേ സമയം പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐനിരോധിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
എസ്.ഡി.പിഐയ്ക്കു രാഷ്ട്രീയ പാർട്ടയായതിനാൽ തന്നെ മറ്റു സംഘടനകളെപോലെ നിരോധനത്തിന് സാധിക്കില്ല. ഇരുസംഘടനകളിലേയും പ്രവർത്തകർ ഒരേ ആളുകൾ ആയതിനാൽതന്നെ ശക്തമായ നിരീക്ഷണം ഈ സംഘടനയ്ക്ക് മേലുണ്ടാകും. 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ലഭിച്ച സംഭാവനകളെക്കുറിച്ച് എസ്.ഡി.പി.ഐ റിപ്പോർട്ട് നൽകിയിട്ടില്ല. സംഘടനയുടെ ഓഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടിൽ ഇക്കാലയളവിൽ ഒൻപത് കോടിയോളം രൂപ എത്തിയിട്ടുണ്ട്. 2020-21 വർഷത്തിൽ 2.9 കോടി രൂപയും ലഭിച്ചു. എന്നാൽ കണക്കിൽ കാണിച്ചത് 22 ലക്ഷം രൂപ മാത്രമാണെന്ന ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്