- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലക്കുടിയിൽ നടന്നത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംഘടിത ആക്രമണം; പൊലീസ് ജീപ്പ് അടിച്ചു തകർക്കുന്നത് കണ്ട് നിസ്സഹായരായി പൊലീസ്; കസ്റ്റഡിയിൽ നിന്നും ബലം പ്രയോഗിച്ചു സിപിഎമ്മുകാർ മോചിപ്പിച്ച നിധിൻ പുല്ലൻ ഒളിവിൽ തന്നെ
ചാലക്കുടി: ചാലക്കുടിയിൽ ഡിവൈഎഫ്ഐയും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിയായ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിധിൻ പുല്ലൻ ഒളിവിൽ. നിധിനെ ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും സിപിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ ഇയാൾ ഒളിവിൽ പോയത്.
ഐ.ടി.ഐ യൂണിയൻ തിരഞ്ഞെടുപ്പിന്റെ എസ്.എഫ്.ഐ ആഹ്ലാദ പ്രകടനത്തിൽ ഹെൽമെറ്റ് ധരിക്കാത്തവർക്ക് പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ - ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തകർത്തത്. പൊലീസുകാർ ജീപ്പിലിരിക്കെയാണ് പ്രവർത്തകർ ജീപ്പിന് മുകളിൽ വരെ കയറി അക്രമം അഴിച്ചുവിട്ടത്
സംഭവത്തിന് ശേഷം നിധിൻ പുല്ലനെ അറസ്റ്റ് ചെയ്യാൻ പൊലീസുകാർ എത്തിയപ്പോൾ സിപിഎം പ്രവർത്തകർ ചേർന്ന് തടഞ്ഞിരുന്നു. എന്നാൽ പൊലീസുകാർ വിട്ടില്ല. ബലം പ്രയോഗിച്ച് നിധിൻ പുല്ലനെ പൊലീസുകാർ കസ്റ്റഡിയിലെടുത്തു. പിന്നാലെ സിപിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് പുറത്തിറക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അടക്കം കേസുണ്ടെന്നാണ് വിവരം.
സംഘടിതമായ ആക്രമണമാണ് നടന്നത്. എണ്ണത്തിൽ കുറവായിരുന്ന പൊലീസിൽനിന്ന് പ്രതിയെ മോചിപ്പിച്ച് ഓട്ടോയിൽ കടത്തിക്കൊണ്ടു പോയപ്പോൾ നിസ്സഹായരായി നിൽക്കാനേ പൊലീസിന് കഴിഞ്ഞുള്ളൂ. പ്രവർത്തകർ കൂട്ടത്തോടെ പൊലീസ്ജീപ്പിനു മുകളിൽ കയറിനിന്ന് അക്രമം കാണിച്ചപ്പോൾ തടയാൻ ആരുമുണ്ടായില്ല. ഇതിലെ പ്രതിയെ പൊലീസ് പിടിച്ചപ്പോഴാകട്ടെ, പൊലീസിനെ ആക്രമിക്കുകയും ലാത്തിയടിയെ കൂസാതെ പ്രതിയെ മോചിപ്പിക്കുകയും ചെയ്തു. രാത്രി സംഘടിച്ചെത്തിയ സിപിഎമ്മുകാർ ഡിവൈ.എസ്‌പിയെ കൈയേറ്റംചെയ്യുമെന്ന സ്ഥിതി വന്നപ്പോഴാണ് പൊലീസ് വീണ്ടും ലാത്തി വീശിയത്. ഈ ഘട്ടത്തിൽപ്പോലും ശക്തമായ പൊലീസ് സാന്നിധ്യം സ്ഥലത്തുണ്ടായില്ല. കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തുമെന്ന നിലയായപ്പോഴേക്കും ചില നേതാക്കൾ പിന്തിരിപ്പിക്കുകയായിരുന്നു. അല്ലെങ്കിൽ പൊലീസിനുനേരേ വീണ്ടും ആക്രമണമുണ്ടാകുമായിരുന്നു.
സർക്കാർ ഐ.ടി.ഐ.യിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെത്തുടർന്ന് ഡിവൈഎഫ്ഐ.ക്കാർ പൊലീസ്ജീപ്പ് അടിച്ചുതകർത്തു. ഇതിലെ പ്രതിയായ ഡിവൈഎഫ്ഐ. ഏരിയാ സെക്രട്ടറി നിധിൻ പുല്ലനെ മോചിപ്പിച്ച് പ്രവർത്തകർ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി. വെള്ളിയാഴ്ച വൈകീട്ട് 5.45-ഓടെയാണ് അക്രമം നടന്നത്. ഐ.ടി.ഐ. കാമ്പസിലും റോഡിലും ബോർഡുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് രണ്ടു ദിവസം മുൻപ് എസ്.എഫ്.ഐ., എ.ബി.വി.പി. പ്രവർത്തകർ തമ്മിൽ തർക്കം നടന്നിരുന്നു. പൊലീസെത്തി ഇരുവരുടെയും ബോർഡുകൾ നീക്കംചെയ്തു. എസ്.എഫ്.ഐ.ക്കാരുടെ ബോർഡുകൾ നീക്കംചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ.യുടെ പൊലീസ്ജീപ്പ് ആക്രമണം. എസ്.എഫ്.ഐ.ക്കാരും ഇതിൽ ചേർന്നു. പൊലീസ് ജീപ്പിന്റെ ബോണറ്റിൽ കയറി നിന്ന് ചില്ല് അടിച്ചുപൊട്ടിച്ചു.
ആക്രമണം നടന്ന് അര മണിക്കൂർ കഴിഞ്ഞ് സിപിഎം. പ്രവർത്തകർക്കൊപ്പം നിധിൻ പുല്ലൻ നടന്നുപോയപ്പോൾ കാത്തുനിന്ന പൊലീസ്സംഘം പിടികൂടാൻ ശ്രമിച്ചു. സിപിഎം. ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, പ്രവർത്തകനായ ഗോപി (60), ഡിവൈഎഫ്ഐ. പ്രവർത്തകരായ അശ്വിൻ (22), സാംസൺ (22) ഉൾപ്പെടെയുള്ളവർ ഇത് തടഞ്ഞു. ബലപ്രയോഗത്തിലൂടെ നിധിനെ കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചെങ്കിലും നടക്കാതായപ്പോൾ ലാത്തി വീശി. നിധിൻ പുല്ലനെ പിടികൂടി റോഡിലൂടെ വലിച്ചുകൊണ്ടുപോയി ജീപ്പിട്ടിരുന്ന സ്ഥലത്തേക്കെത്തിയപ്പോഴേക്കും പ്രവർത്തകർ ബലം പ്രയോഗിച്ച് നിധിനെ മോചിപ്പിച്ചുകൊണ്ടുപോയി.
രാത്രി എട്ടരയോടെ സ്ഥലത്ത് വീണ്ടും സംഘർഷമുണ്ടായി. പ്രതികളെ തിരക്കിയിറങ്ങിയ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ സിപിഎം., ഡിവൈ.എഫ്.ഐ. പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്ന ഡിവൈ.എസ്‌പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ് എന്നിവർക്കുനേരെ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. പൊലീസിനുനേരെ ആക്രമണമുണ്ടാകുമെന്ന തരത്തിലായി കാര്യങ്ങൾ. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. അനേകംപേർക്ക് പരിക്കുണ്ട്. പൊലീസ് പല സംഘങ്ങളായിത്തിരിഞ്ഞ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ജീപ്പ് തകർത്തതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ. ചാലക്കുടി മേഖലാസെക്രട്ടറി ജിയോ കൈതാരൻ ഉൾപ്പെടെ പത്തോളംപേരെ രാത്രി വൈകി പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ എംഎൽഎ. ബി.ഡി. ദേവസി ഉൾപ്പെടെയുള്ളവർ ചാലക്കുടി സ്റ്റേഷനിലെത്തി.
മറുനാടന് മലയാളി ബ്യൂറോ