- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് മെഡിക്കൽ കോഡിങ് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്; നൈജീരിയൻ സ്വദേശി യുവതിയിൽ നിന്ന് തട്ടിയത് 18 ലക്ഷം രൂപ; ബംഗളുരിവിൽ ഡിജെ പ്രോഗ്രാമറായി ജോലി ചെയ്യുന്ന മോസസിനെ സൈബർ പൊലീസ് പൊക്കിയത് സമർഥമായ നീക്കങ്ങളിലൂടെ
കൽപറ്റ: വിദേശത്തു മെഡിക്കൽ കോഡിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്നു 18 ലക്ഷത്തോളം രൂപ തട്ടിയ നൈജീരിയൻ പൗരനെ ബംഗളുരുവിൽ പോയി പൊക്കി കേരളാ പൊലീസ്. ബെംഗളൂരുവിൽ ഡിജെ പ്രോഗ്രാമറായി ജോലി ചെയ്യുന്ന നൈജീരിയ സ്വദേശി മോസസിനെയാണ്(30) കൽപറ്റ സൈബർ പൊലീസ് പൊക്കിയത്.
ഇൻസ്പെക്ടർ ഷജു ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, കെ.റസാഖ്, കെ.സി.അനൂപ് എന്നിവർ അടങ്ങുന്ന സംഘം ബെംഗളൂരു മർഗോവന ഹള്ളിയിൽ നിന്നു പിടികൂടിയത്. സമർഥമായ നീക്കങ്ങളിലൂടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. കൽപറ്റ സ്വദേശിനിയായ യുവതി ജോലി ആവശ്യത്തിന് വെബ്‌സൈറ്റുകളിൽ അപ്ലോഡ് ചെയ്ത ഡേറ്റ ഉപയോഗപ്പെടുത്തി ഇയാൾ തട്ടിപ്പു നടത്തുകയായിരുന്നു.
കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ടാണ് മോസസ് യുവതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ പ്രതി തട്ടിപ്പു നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പഥം സിങ് പറഞ്ഞു. വീസ ഉറപ്പുനൽകിയ പ്രതി കാനഡയിലേക്കുള്ള വിമാന ടിക്കറ്റ് അടക്കം ലഭ്യമാക്കിയാണ് യുവതിയുടെ വിശ്വാസം ആർജിച്ചത്. ഇതിന് ശേഷമായിരുന്നു കൂടുതൽ പണം ആവശ്യപ്പെട്ടു തുടങ്ങിയത്.
പലപ്പോഴായി 17 ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ടിൽ കൈപ്പറ്റിയ പ്രതി കൂടുതൽ പണം ആവശ്യപ്പെട്ടപ്പോഴാണ് പന്തികേട് തോന്നിയത്. പിന്നീടു നടത്തിയ പരിശോധനയിൽ, പ്രതി ജോലിയുമായി ബന്ധപ്പെട്ടു ലഭ്യമാക്കിയ രേഖകൾ വ്യാജമാണെന്നു ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു യുവതി.
പ്രതി ഉദ്യോഗാർഥിക്ക് വാട്‌സാപ് സന്ദേശം അയയ്ക്കുന്നതിനുപയോഗിച്ച ഫോണിന്റെ ഐപി അഡ്രസ് കണ്ടെത്താനായതാണ് നിർണായകമായത്. പ്രതി ബെംഗളൂരുവിലുണ്ടെന്നു സ്ഥിരീകരിച്ച് അവിടെ എത്തിയ പൊലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. 2 ലാപ്‌ടോപ്പുകൾ, 4 മൊബൈൽ ഫോണുകൾ, 15 സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. തട്ടിയെടുത്ത തുകയിൽ 11.6 ലക്ഷം രൂപ പ്രതി നൈജീരിയയിലെ അക്കൗണ്ടിലേക്കും 6 ലക്ഷം രൂപ ഇന്ത്യൻ അക്കൗണ്ടിലേക്കും മാറ്റിയതായി കണ്ടെത്തി.
തട്ടിപ്പിൽ കുടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിച്ചു വരികയാണെന്നും വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവർ ജോബ് സൈറ്റുകളിൽ ഡേറ്റ അപ്ലോഡ് ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്നും പഥം സിങ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ