ന്യൂഡൽഹി: ഹോളിവുഡ് സ്‌പൈ ത്രില്ലറിലെ പോലെയായിരുന്നു രംഗങ്ങൾ. ഒരു കറുത്ത എസ് യുവിയിലേക്ക് നിഖിൽ ഗുപ്തയെ തള്ളിക്കയറ്റി. പിന്നീട് ചെക്ക് റിപ്പബ്ലിക്കിലെ നഗരത്തിലൂടെ വാഹനം ഓടുന്നതിനിടെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യൽ, മൊബൈൽ ഫോൺ പിടിച്ചെടുക്കൽ-ജൂൺ 30 ന് പ്രാഗിലെ വാക്ലാക് ഹാവൽ വിമാനത്താവളത്തിൽ നിഖിൽ ഗുപ്ത ലാൻഡ് ചെയ്തപ്പോഴാണ് അമേരിക്കൻ ഏജന്റുമാർ തട്ടിയെടുത്തുകൊണ്ടുപോയി ചോദ്യം ചെയ്തത്.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത് വന്ത് സിങ് പാനുനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. മൂന്നു മണിക്കൂർ അനധികൃത ചോദ്യം ചെയ്യലിന് ശേഷം നിഖിലിനെ ചെക്ക് അധികൃതർക്ക് കൈമാറി. ഇപ്പോൾ നിഖിൽ ഗുപ്തയെ ചെക്ക് ജയിലിൽ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്. വൈകാതെ വാടക കൊലശ്രമത്തിന്റെ പേരിൽ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കും.

ചെക്ക് കോടതിയെ സമീപിക്കൂ: സുപ്രീം കോടതി

സുപ്രീം കോടതിയിൽ മിസ്റ്റർ എക്‌സ് എന്ന പേരിൽ ഹർജി നൽകിയ നിഖിൽ ഗുപ്തയുടെ കുടുംബാംഗമാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. നിഖിലിന്റെ മൗലികാവകാശങ്ങൾ പലവട്ടം ലംഘിക്കപ്പെട്ടുവെന്നും, അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും നേരേ ഭീഷണി ഉയർന്നെന്നും ഹർജിയിൽ പറയുന്നു. അമേരിക്കയ്ക്ക് കൈമാറുന്നത് കേന്ദ്രസർക്കാർ ഇടപെട്ട് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.

മറ്റൊരു രാജ്യത്തെ അറസ്റ്റ് ഇന്ത്യയിലെ ഉന്നത കോടതിയുടെ അധികാര പരിധിയിൽ വരാത്തതുകൊണ്ട് നിഖിൽ ഗുപ്തയുടെ കാര്യത്തിൽ നിയമ ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ, ചെക്ക് കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദ്ദേശിച്ചത്. കേസ് അടുത്ത മാസം കേൾക്കാമെന്ന് കോടതി സമ്മതിച്ചിട്ടുണ്ട്.

അനധികൃത തടങ്കലും ചോദ്യം ചെയ്യലും

അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാതെയാണ് അമേരിക്കൻ ഏജന്റുമാർ നിഖിലിനെ വാഹനത്തിൽ തടഞ്ഞുവച്ച് ചോദ്യം ചെയ്തതെന്ന് ഹർജിയിൽ പറയുന്നു. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ വച്ചല്ല അറസ്റ്റുണ്ടായത്. ഔദ്യോഗികമായി പ്രവേശന നടപടി ക്രമങ്ങൾ പൂർത്തിയാക്കി വാക്ലാവ് ഹാവൽ വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോഴാണ് നിഖിലിനെ കറുത്ത എസ് യുവിയുടെ പിന്നിൽ കയറ്റി മൂന്നു മണിക്കൂറോളം നിയമ വിരുദ്ധമായി ചോദ്യം ചെയ്തത്. പ്രാദേശിക അധികൃതർക്ക് കൈമാറും മുമ്പ് യുഎസ് ഏജന്റുമാർ നിഖിൽ ഗുപ്തയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

നിഖിലിന്റെ രക്തപരിശോധനയും, ബയോമെട്രിക് പരിശോധനയും നടത്തി. എന്നാൽ, പിറ്റേന്ന് രാവിലെ വരെ എന്താണ് താൻ ചെയ്ത കുറ്റകൃത്യമെന്ന് അറിയിച്ചില്ല. പിന്നീട് ചെക്ക് അധികൃതർ നിഖിലിന് ഡിഫൻസ് അറ്റോർണിയെ ചുമതലപ്പെടുത്തി. ഇയാളാകട്ടെ ന്യൂയോർക്കിലേക്ക് നിഖിലിനെ കൊണ്ടുപോകാൻ സമ്മതം മൂളണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇത് അമേരിക്കൻ ഏജന്റുമാരുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് ആരോപണം.

ഏംബസിയെ യഥാസമയം അറിയിച്ചില്ല

നിഖിൽ ഗുപ്തയുടെ അറസ്‌റ്റോ, തടങ്കലോ മറ്റു വിവരങ്ങളോ ചെക്ക് അധികൃതർ ഇന്ത്യൻ ഏംബസിയെ അറിയിച്ചില്ല. കോൺസുലേറ്റുമായും, തന്റെ ഇന്ത്യയിലെ കുടുംബവുമായും ബന്ധപ്പെടാനുള്ള നിഖിലിന്റെ അവകാശം നിഷേധിച്ചു. നിയമസഹായം തേടാനുള്ള സ്വാതന്ത്ര്യവും തടഞ്ഞതായി സുപ്രീം കോടതിയിലെ ഹർജിയിൽ പറയുന്നു. അനധികൃത തടങ്കലിന് 20 ദിവസത്തിന് ശേഷം, ജൂലൈ 19 നാണ് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനെ കാണാൻ നിഖിലിനെ അനുവദിച്ചത്.

ജയിലിൽ പോർക്കും ബീഫും തീറ്റിച്ചു

ജയിലിലെ ആദ്യ 10-11 ദിവസം നിഖിൽ ഗുപ്തയ്ക്ക് പോർക്കും ബീഫും മാത്രമേ കൊടുത്തുള്ളു. ഹിന്ദുവിശ്വാസിയും, സസ്യഭുക്കുമായ നിഖിലിന് അത് കഴിക്കാൻ കഴിയുമായിരുന്നില്ല. അധികൃതരെ വിവരം അറിയിച്ചിട്ടും, സസ്യാഹാരം നൽകിയില്ലെന്ന് മാത്രമല്ല, തന്റെ മതവിശ്വാസങ്ങൾക്കും, വിരുദ്ധമായി പോർക്കും ബീഫും കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു.

എന്താണ് നിഖിൽ ഗുപ്തയ്ക്ക് എതിരായ കേസ്?

ന്യൂയോർക്ക് നഗരത്തിൽ ഖലിസ്ഥാനി ഭീകരൻ ഗുർപത് വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ശ്രമം നടത്തി. വാടക കൊലയാളിയാണ് നിഖിൽ എന്നാണ് ആരോപണം. പന്നുവിന്റെ പേര് കുറ്റപത്രത്തിൽ പറയുന്നില്ല. എന്നാൽ, നിഖിലിനെ കൊലയ്ക്കായി നിയോഗിച്ചത് സിസി-1 എന്ന് പരാമർശിക്കുന്ന ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനാണെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉന്നതതല സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നിഖിൽ ഗുപ്തയെ 20 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചേക്കും.