തൃശ്ശൂർ: ശതകോടികളുടെ ക്രിപ്‌റ്റോ തട്ടിപ്പ് നടത്തി അന്വേഷണ ഏജൻസികളെ കബളിപ്പിച്ച് വിദേശത്തേക്കു കടന്ന വ്യക്തിക്കായി എൻ.െഎ.എ. തട്ടിപ്പിൽ ദേശദ്രോഹ പ്രവർത്തനങ്ങളും നടന്നു. എൻഐഎ ഇയാളുടെ സഹോദരനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. മലപ്പുറം, വയനാട്, തൃശ്ശൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. മലപ്പുറത്തെ പൂക്കോട്ടുംപാടം പൊലീസ് 2020 സെപ്റ്റംബർ 28-ന് കേസ് രജിസ്റ്റർ ചെയ്ത് പിടികൂടാനിരുന്ന നിഷാദാണ് വിദേശത്തേക്കു കടന്നത്.

ഇയാളുടെ പാസ്പോർട്ട് പിടിച്ചെടുത്തിരുന്നു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് നാടുവിട്ടത്. തൃശ്ശൂരിലെ ഒരു ഹോട്ടലിൽ ഇയാൾക്ക് വിദേശത്തേക്ക് കടക്കാനുള്ള സഹായങ്ങൾ ചെയ്യാനായി ചിലർ ഒത്തുേചർന്നതായി വിവരം ലഭിച്ചിരുന്നു. പ്രതിയുടെ സഹോദരനാണ് ഈ വിവരം നൽകിയത്. എന്നാൽ, വിദേശത്തേക്കു കടന്ന പ്രതി പിന്നീട് സഹോദരനുമായി ബന്ധപ്പെട്ടിട്ടില്ല. പ്രതിയെ സഹായിക്കാനായി തൃശ്ശൂരിലെ ആഡംബരഹോട്ടലിൽച്ചേർന്ന രഹസ്യയോഗത്തിലെ പ്രമുഖൻ സിപിഎമ്മിന്റെ യുവനേതാവായിരുന്നെന്നാണ് കണ്ടെത്തിയത്.

നേതാവുമായി അടുപ്പമുള്ള ഒരു ഉന്നത പൊലീസുദ്യോഗസ്ഥൻ ഇടപെട്ട് പാസ്പോർട്ട് തിരികെ നൽകുകയും ലുക്ക് ഔട്ട് നോട്ടീസ് വൈകിപ്പിക്കുകയും ചെയ്തു.മോൺസൻ കേസിൽ പ്രതിക്കൂട്ടിലുള്ള വ്യക്തിയാണ് ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. ഇതിനായി ഇരുവരും വൻ തുക കൈപ്പറ്റിയെന്നും വിവരമുണ്ട്. ഇതിന്റെ ഇടനിലക്കാരും പണം വാങ്ങിയെന്നാണ് സൂചന. കേരള പൊലീസ് ഈ കേസ് ഉപേക്ഷിച്ചനിലയിലായിരുന്നു. എന്നാൽ തൃശ്ശൂർ-വിയ്യൂർ മേഖലയിലുള്ള ഒരു ഹവാല ഇടപാടുകാരനുമായി നിഷാദിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. അതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.

ക്രിപ്റ്റോ-നിക്ഷേപത്തട്ടിപ്പിൽ കുറച്ചുനാൾ മുൻപേ പൊലീസിന്റെ പിടിയിലായ വ്യക്തിയാണ് വിയ്യൂർ സ്വദേശി. ഇയാളുടെ ഹവാല ബന്ധങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് നിഷാദുമായുള്ള ബന്ധം സ്ഥിരീകരിക്കാനായത്. ബിറ്റ്‌കോയിന് സമാനമായ ന്യൂജനറേഷൻ ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിനിന്റെ പേരിൽ വൻ പണപ്പിരിവ് നിലമ്പൂരിൽ നടന്നിരുന്നു. മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ചതിന് ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന് എതിരെ നിർണ്ണായക വിവരങ്ങൾ എൻഐഎയ്ക്ക് കിട്ടി. ശതകോടീശ്വരനായ വ്യവസായിയുടെ വിശ്വസ്തൻ ഇയാൾക്കായി ഇടനില നിന്നുവെന്നാണ് സൂചന. ശതകോടീശ്വരൻ അറിയാതെയാണ് ഈ ഇടപാടുകൾ നടന്നത്. നിഷാദ് മൗറീഷ്യസിലേക്ക് കടന്നുവെന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം. ഇതിന് സഹായം ചെയ്തതും ശതകോടീശ്വരന്റെ വിശ്വസ്തനാണ്.

നിഷാദ് കളിയിടുക്കിലിന് സംസ്ഥാനത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിനു നിക്ഷേപകരുണ്ടെന്നാണ് സൂചന. മണി ചെയിൻ മാതൃകയിൽ കോടികളുടെ തട്ടിപ്പു നടന്നു. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും നിക്ഷേപകരോടു നിഷാദ് കളിയിടുക്കിൽ പറഞ്ഞിരുന്നു.

വൻതോതിൽ നിക്ഷേപം സ്വീകരിച്ച കമ്പനിക്കെതിരേ പരാതികൾ ഉയർന്നതോടെ വിശദീകരണവുമായി നിഷാദ് കിളിയിടുക്കിൽ രംഗത്തെത്തിയിരുന്നു, പണം നഷ്ടപ്പെടുമെന്ന് ഭയമുള്ളവർക്ക് റീഫണ്ട് ഓപ്ഷൻ ഉപയോഗപ്പെടുത്തി നിക്ഷേപത്തുക തിരികെവാങ്ങാമെന്നാണ് ശബ്ദസന്ദേശത്തിലൂടെ നിഷാദ് പറഞ്ഞിരുന്നു. 2018ൽ പ്രവർത്തനമാരംഭിച്ചുവെന്ന് പറയുന്ന കമ്പനിയുടെ വെബ് സൈറ്റിൽ തങ്ങളുടേത് ഓൺലൈൻ പഠന സംരംഭമാണെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതെല്ലാം കേന്ദ്ര ഏജൻസി തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയതോടെയാണ് നിഷാദ് രാജ്യം വിട്ടത്. എങ്കിലും രാജ്യത്തെ നിക്ഷേപങ്ങൾ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം.

തട്ടിപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയതിന്റെ മുഖ്യസൂത്രധാരൻ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദാണെന്ന് (നിഷാദ് കളിയിടുക്കിൽ) കേരളാ പൊലീസും കണ്ടെത്തിയിരുന്നു. മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് നേരത്തേ രജിസ്റ്റർചെയ്ത കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യമെടുത്ത ഇയാൾ രാജ്യം വിടുകയായിരുന്നു. സൗദി വഴി മൗറീഷ്യസിൽ എത്തിയെന്നാണ് സൂചന.

ബെംഗളൂരുവിലെ ലോങ്റിച്ച് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. കമ്പനിയിൽ നിക്ഷേപം നടത്തുന്നവർക്ക് ദിവസവും രണ്ടുമുതൽ അഞ്ചുശതമാനംവരെ പലിശ വാഗ്ദാനംചെയ്തും ക്രിപ്റ്റോ കറൻസി വാഗ്ദാനംചെയ്തും 1,265 കോടി പിരിച്ചെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ തുകയിൽ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്ത് മണിചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്. ബാങ്ക് അക്കൗണ്ടുകളിൽ അവശേഷിച്ച 36 കോടി രൂപ മരവിപ്പിച്ചതായി പൊലീസ് പറഞ്ഞു. അനിയന്ത്രിത നിക്ഷേപപദ്ധതി നിരോധനനിയമം പ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടും.