- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ തുടങ്ങിയ നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് ജാമ്യം നിഷേധിച്ചു കോടതി; കോൺഗ്രസ് യുവനേതാവിനെ ഈ മാസം 22 വരെ റിമാൻഡിൽ വിട്ടു; രണ്ട് തവണ മെഡിക്കൽ പരിശോധന നടത്തി മെഡിക്കലി ഫിറ്റ് എന്ന് ഉറപ്പിച്ച ശേഷം വിധി
തിരുവനനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്. രാഹുലിന്റെ വഞ്ചിയൂർ കോടതി ജാമ്യം നിഷേധിച്ചു. ഇതോടെ കോൺഗ്രസിന്റെ യുവനേതാവ് ഇന്ന് പൂജപ്പുര ജയിലിൽ കഴിയേണ്ടി വരും. രാഹുലിന് രണ്ട് തവണ മെഡിക്കൽ പരിശോധന നടത്തി മെഡിക്കലി ഫിറ്റ് എന്ന് ഉറപ്പിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്. സെക്രട്ടറിയേറ്റ് സംഘർഷത്തിൽ രാഹുലിന് നിർണായ റോളെന്ന പൊലീസ് വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈമാസം 22 വരെയാണ് രാഹുലിനെ റിമാൻഡ് ചെയ്തത്.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും രാഹുൽ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു രണ്ട് തവണ മെഡിക്കൽ പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പുള്ള ആരോഗ്യ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന് ശേഷം പരിശോധക്ക് ശേഷം രാഹുൽ മെഡിക്കലി ഫിറ്റ് എന്ന് ഉറപ്പിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്. ഒരു ദിവസം നീണ്ട നാടകീയ നീക്കങ്ങൾക്ക് ഒടുവിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ജയിലിലേക്ക് നീങ്ങുന്നത്.
സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അക്രമകേസിലാണ് കന്റോൺമെന്റ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. നവകേരള സദസ്സിനുനേരെ നടന്ന പ്രതിഷേധങ്ങളെ പൊലീസും സിപിഎമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബർ 20-ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കേസിൽ എംഎൽഎമാരായ ഷാഫി പറമ്പിൽ, എം. വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്. പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് കേസ്.
കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ വാദമാണ് പ്രോസിക്യൂഷൻ നടത്തിയ്. സെക്രട്ടേറിയറ്റ് സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് പൊലീസ് കോടതിയിൽ വാദിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ഉടനടി ജാമ്യം നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റു ചെയ്തു വാഹനത്തിൽ കയറ്റിയ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മറ്റ് പ്രതികൾ വാഹനത്തിൽനിന്ന് രക്ഷപ്പെടുത്തി. നാലാം പ്രതിയായ രാഹുലിനു ജാമ്യം അനുവദിച്ചാൽ കുറ്റകൃത്യങ്ങൾ ആവർത്തിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുമെന്നും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.
മുന്നൂറോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളും കയ്യിൽ കൊടിക്കമ്പുകളും തടിക്കഷണവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധിക്കുകയും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയെ തടസ്സപ്പെടുത്തുകയും ചെയ്തതായി പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ ഫൈബർ ഷീൽഡ്, ഹെൽമറ്റ്, ഫൈബർ ലാത്തി എന്നിവയ്ക്ക് പ്രവർത്തകർ കേടുപാടു വരുത്തി. 50000 രൂപയുടെ നഷ്ടം സംഭവിച്ചു. പൂജപ്പുര എസ്എച്ച്ഒ റജിന്റെ കൈയിലെ അസ്ഥിപൊട്ടി. സെക്രട്ടേറിയറ്റിന്റെ സുരക്ഷയിലുണ്ടായിരുന്ന വ്യവസായ സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതര പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലാത്തിയും ഷീൽഡും അടിച്ചു പൊട്ടിക്കുന്ന വിഡിയോയും പൊലീസ് കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ പൊതുവേദികളിൽ ഉണ്ടായിരുന്ന രാഹുലിനെ രഹസ്യമായി പൊലീസ് അറസ്റ്റു ചെയ്തത് മുതൽ കേരളം ഈ വിഷയം ചർച്ച ചെയ്തിരുന്നു. പത്തനംതിട്ട ജില്ലയിലെ മുണ്ടപ്പള്ളിയിലെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റു രണ്ട് കേസുകളിൽകൂടി രാഹുൽ പ്രതിയാണ്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും സുഗമമായ അന്വേഷണത്തിന് തടസം നിൽക്കാനിടയുണ്ടെന്നും വാദിച്ചു.
പ്രതി സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടാനും സാധ്യതയുണ്ട്. ഉടനടി ജാമ്യം നൽകി വിട്ടയച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. സർക്കാരിന്റെ പൊതുമുതലിനു നാശനഷ്ടം വരുത്തിയ കേസാണ്. സംഘം ചേർന്ന് ഗുരുതര കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു. ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
എന്തായാലും രാഹുലിന്റെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസിന്റെയും ശ്രമം. അക്രമികളായി സിപിഎം പ്രവർത്തകരെ തൊടാതെ സർക്കാർ രാഷ്ട്രീയമായി പകപോക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. രാഹുലിന്റെ അറസ്റ്റിനെ തുടർന്ന് പ്രതിഷേധം വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാനും നീക്കമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ