നൂറനാട്: നവവത്സരം ആഘോഷിക്കുന്നവരുടെ വാഹനങ്ങൾ തകർക്കുന്ന നൂറനാട്ടെ പൊലീസുകാർ എന്ന പേരിൽ ഒരു വീഡിയോ ദശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൊലീസിന്റെ ക്രൂരകൃത്യം കണ്ട എല്ലാവരും കടുത്ത വിമർശനം അഴിച്ചു വിടുന്നു. ശബരിമല പ്രക്ഷോഭ സമയത്ത് നിലയ്ക്കലിൽ കണ്ടതു പോലെയുള്ള പൊലീസ് ആക്ഷൻ ആണിതെന്ന് വരെ പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ, ഇതിന്റെ വാസ്തവം എന്താണ്?

നൂറനാട് ചാരുംമൂട് കരിമുളയ്ക്കലിൽ പൊലീസ് സംഘം അഴിഞ്ഞാടിയെന്ന പേരിൽ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സിസിടിവി ദൃശ്യങ്ങളിൽ ഒരു ഭാഗം മാത്രമുപയോഗിച്ചുള്ള പ്രചാരണം കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള മാർഗമെന്ന് പൊലീസ് പറയുന്നു.

നൂറനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കരിമുളയ്ക്കൽ ദേവീക്ഷേത്ര പരിസരത്ത് നടന്നതാണ് സംഭവം. കേരളത്തിൽ പൊലീസ് രാജ് എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഇവിടെ കൂടി നിൽക്കുന്ന യുവാക്കൾ പൊലീസ് വരുന്നത് കണ്ട് ഓടുകയും തുടർന്ന് അവിടെയുണ്ടായിരുന്ന ഇരുചക്രവാഹനങ്ങൾ പൊലീസുകാർ മറിച്ചിടുകയും അടിച്ചു തകർക്കുയും ചെയ്യുവെന്നുമുള്ള പ്രചാരണമാണ് നടക്കുന്നത്.

എന്നാൽ, ഈ പ്രചാരണം ശരിയല്ലെന്ന് നൂറനാട് പൊലീസ് എസ്എച്ച്ഒ പി. ശ്രീജിത്ത് പറയുന്നു. ജനുവരി ഒന്നിന് പുലർച്ചെ രണ്ടിനാണ് സംഭവം. ക്രിമിനൽ കേസിൽ പ്രതികളും ലഹരി വിൽപ്പന സംഘാംഗങ്ങളും ഉൾപ്പെടുന്ന യുവാക്കൾ ക്ഷേത്രപരിസരത്ത് പരസ്പരം തമ്മിലടിക്കുകയായിരുന്നു.

പുതുവത്സര ആഘോഷം കഴിഞ്ഞ് മദ്യപിച്ച് ലക്കുകെട്ട യുവാക്കളുടെ സംഘം ആണ് ചേരിതിരിഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. വെട്ടിക്കോട്ട് ഭാഗത്തുള്ള
യുവാക്കളും തുരുത്തിയിൽ ഭാഗത്തുള്ള യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ക്ഷേത്രപരിസരത്ത് സംഘർഷം നടക്കുന്നുണ്ട് എന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് വരുന്നത് കണ്ടു യുവാക്കൾ ഓടി രക്ഷപ്പെടുകയും സ്ഥലത്തുനിന്നും ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

തുടർന്ന് റോഡിന് നടുക്ക് വെച്ചിരുന്ന പ്രതികളുടെ ബൈക്കുകൾ പൊലീസ് നീക്കം ചെയ്തു. റോഡരികിലേക്ക് മാറ്റി ഇടുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെയും കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയും പൊതുസ്ഥലത്തു അടിപിടി ഉണ്ടാക്കിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെട്ടിക്കോട്ട് കൊച്ചുപ്ലാവിളയിൽ ഷാലു ഭവനം ഷാലുവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

സംഭവം നടന്നതിന്റെ പിറ്റേന്ന് സിസിടിവി ദൃശ്യങ്ങളിൽ പൊലീസ് ബൈക്കുകൾ നീക്കം ചെയ്യുന്നതും തള്ളിമറിച്ചിടുന്നതുമായ രംഗങ്ങൾ മാത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നു. ഇടതുപക്ഷ സൈബർ പോരാളികൾ വരെ പൊലീസിനെ വിമർശിച്ച് രംഗത്ത് വന്നു. വൽസൻ തില്ലങ്കരിയാണോ ആഭ്യന്തരമന്ത്രി എന്നു വരെ ചോദ്യമുണ്ടായി.

എന്നാൽ, സിസിടിവി ദൃശ്യങ്ങൾ മുഴുവനായി പൊലീസ് പുറത്തു വിട്ടതോടെയാണ് യഥാർഥ സംഭവം വെളിയിൽ വന്നത്. മദ്യലഹരിയിൽ യുവാക്കൾ തമ്മിലടിക്കുന്നതും പൊലീസിനെ കണ്ട് ഓടുന്നതടക്കമുള്ള വീഡിയോയുടെ ആദ്യഭാഗം പുറത്തു വന്നതോടെ നേരത്തേ പൊലീസിനെ തള്ളിപ്പറഞ്ഞവരും അനുകൂല പ്രചാരണവുമായി രംഗത്തു വന്നു.