- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു, പേടിച്ചിട്ടാണ് നാടുവിട്ടത്; തിരിച്ചുപോകാൻ താല്പര്യമില്ല; ഭാര്യക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു; 'കൊലപാതക വാർത്ത' അറിഞ്ഞത് രാവിലെ പത്രങ്ങളിലൂടെ; അഫ്സാന കൊലപ്പെടുത്തിയെന്ന് പറഞ്ഞ നൗഷാദ് ജീവനോടെ മാധ്യമങ്ങൾക്ക് മുന്നിൽ; ഒളിവിൽ പോയ കാലമത്രയും മൊബൈൽ ഫോൺ ഉപയോഗിക്കാതെ ജീവിതം
തൊടുപുഴ: അടൂർ വടക്കേടത്തുകാവ് പരുത്തിപ്പാറയിൽ ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് പറഞ്ഞ യുവാവിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയതടെ കേസിൽ വൻ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. തൊടുപുഴയിലെ കുഴിമറ്റം എന്ന സ്ഥലത്തുനിന്നാണ് നൗഷാദിനെ കണ്ടെത്തിയത്. ഇവിടെ കൂലിപ്പണിയെടുത്തു ജീവിക്കുകയായിരുന്നു ഇയാൾ. ജെയ്മോൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് നൗഷാദിനെ കണ്ടെത്തിയത്.
ഭാര്യക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്ന് നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു. പേടിച്ചിട്ടാണ് നാടുവിട്ടത്. ഭാര്യയുമായുള്ള പ്രശ്നങ്ങൾ കാരണമാണ് നാടുവിട്ടത്. തിരിച്ചുപോകാൻ താല്പര്യമില്ല. രാവിലെ പത്രവാർത്തയിലൂടെയാണ് വിവരങ്ങൾ അറിഞ്ഞതെന്നും നൗഷാദ് പ്രതികരിച്ചു. ഭാര്യ എന്തുകൊണ്ടാണ് തന്നെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും നൗഷാദ് പറഞ്ഞു.
ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. അതേസമയം സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കിയ ട്വിസ്റ്റുകൾ നിറഞ്ഞ കേസിലാണ് അപ്രതീക്ഷിതമായ അവസാനമുണ്ടായത്. പത്തനംതിട്ടയിൽ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവർ നൗഷാദിനെ
മർദ്ദിച്ചിരുന്നെന്നും ഇതിനെ തുടർന്നാണ് നാട് വിട്ടതെന്നുമാണ് മൊഴി. തുടർന്നുള്ള കാലമത്രയും നൗഷാദ് ഫോൺ ഉപയോഗിക്കാതെയാണ് ജീവിച്ചത്. അതിനാലാണ് ബന്ധുക്കളായ ആർക്കും ഇദ്ദേഹത്തെ കണ്ടെത്താനോ ബന്ധപ്പെടാനോ കഴിയാതെ പോയത്.
ഒന്നര വർഷം മുൻപ് കാണാതായ നൗഷാദ് തൊടുപുഴയിലാണ് താമസിച്ചിരുന്നത്. ഇന്നലെ മുതൽ വാർത്തകളിൽ ഇദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നു. ഈ ചിത്രം കണ്ട് തൊടുപുഴയിലെ പൊലീസുകാരനായ ജയ്മോനാണ് വിവരം ലഭിച്ചത്. തൊടുപുഴ ഭാഗത്ത് തന്നെ ഒന്നര വർഷമായി കഴിയുകയായിരുന്നു നൗഷാദ്. ബന്ധുവായ ഒരാളാണ് ജയ്മോന് നൗഷാദിനെ കുറിച്ച് വിവരം നൽകിയത്.
ജയ്മോൻ നടത്തിയ അന്വേഷണത്തിൽ നൗഷാദ് പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. തൊടുപുഴയിൽ ഒരു പറമ്പിൽ കൈത്തൊഴിൽ ചെയ്ത് ജീവിക്കുകയായിരുന്നു നൗഷാദെന്ന് വീട്ടുടമയും സ്ഥിരീകരിച്ചു. രണ്ട് വർഷത്തോളമായി നൗഷാദ് ഇവിടെ താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ പൊലീസ് നൗഷാദിനെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചിട്ടുണ്ട്. കൂടലിൽ നിന്നുള്ള പൊലീസ് സംഘം തൊടുപുഴയിലേക്കു തിരിച്ചു.
ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന ഇന്നലെ പൊലീസിനു മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.
അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു. അഫ്സാനയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് വൈകാതെ അപേക്ഷ നൽകും. ഇന്നലെ വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടു മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്സാനയെ ജോലിയ്ക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു.
ആദ്യം സമീപത്തെ സെമിത്തേരിയിൽ ഉണ്ടെന്നു പറഞ്ഞ് അവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപ്പോഴാണ് വീടിനുള്ളിൽ കുഴിച്ചിട്ടെന്നു പറഞ്ഞ് അവിടെ നോക്കിയത്. എന്നാൽ അവിടെയും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ അഫ്സാനയെ വീണ്ടും വീട്ടിലെത്തിച്ചു ചോദ്യം ചെയ്തു. അപ്പോൾ പറഞ്ഞത് വീടിനു വെളിയിലാണെന്നാണ്. അങ്ങനെയാണ് വീടിനു വെളിയിൽ പല സ്ഥലത്തായി പൊലീസ് പരിശോധന നടത്തിയത്. എന്നാൽ അവിടെനിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നും യുവതി പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ