മലപ്പുറം: വ്യാജ അഭിഭാഷക ചമഞ്ഞും ജോലിവാഗ്ദാനം ചെയ്തും പണം തട്ടിയതിന് ഡി.വൈ.എസ്‌പിയുടെ ഭാര്യക്കെതിരെ നാലു ജില്ലകളിൽ കേസുകൾ. ഒമ്പതുകേസുകൾ നടന്നുകൊണ്ടിരിക്കുമ്പോഴും പ്രതി കൂസലില്ലാതെ നടന്നത് ഡി.വൈ.എസ്‌പിയുടെ ബലത്തിൽ. അവസാനം അറസ്റ്റിലായത് മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ.

മലപ്പുറത്തെ യുവതിക്കു അദ്ധ്യാപന ജോലി വാഗ്ദാനംചെയ്ത് 4.85,000രൂപ തട്ടിയെടുത്ത കേസിലാണ് ഇന്നലെ തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈ.എസ്‌പി: കെ. എ സുരേഷ് ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്ത് (36)അറസ്റ്റിലായത്. തൃശൂർ ചെറുവശ്ശേരി ശിവാജി നഗർ സ്വദേശിനിയായ നുസ്രത്തിനെ മലപ്പുറം സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ് നൽകിയ ശേഷം സ്റ്റേഷനിലെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത്് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നിലവിൽ ഇവർക്കെതിരെ മലപ്പുറം, പാലക്കാട്, തൃശൂർ കൊല്ലം ജില്ലകളിലായാണു കേസുകൾ രജിസ്റ്റർചെയ്തിട്ടുള്ളത്. പ്രതിയെ ഇന്നലെ വൈകിട്ടു മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായി ഇവർ പല തട്ടിപ്പുകൾ നടത്തിയതായാണ് പരാതികൾ.

നേരത്തെ തട്ടിപ്പിനിരയായവർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതികൾ കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ കോടതിയിൽ പല കേസുകളും നിലനിൽക്കുന്നുണ്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.എന്നാൽ തനിക്കെതിരെ ഉയർന്ന പരാതിക്കെതിരെ നുസൃത്തും നേരത്തെ രംഗത്തുവന്നിരുന്നു.

നിരവധി പേരിൽ നിന്നും പണം തട്ടിയതായി ആരോപിച്ച് ഒരുകൂട്ടംപേർ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഡി.വൈ.എസ്‌പിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയാണെന്നുമാണു ഇവർ പറഞ്ഞിരുന്നത്.
തനിക്കെതിരെ ഉയർന്നിരിക്കുന്ന കേസുകളെല്ലാം വ്യാജമാണെന്നും ഇതിനെയെല്ലാം നിയമപരമായി നേരിടുമെന്നും ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും നുസ്‌റത്ത് പറഞ്ഞിരുന്നു.

ഇവരുടെ പല തട്ടിപ്പുകൾക്കും ഈ ഡിവൈഎസ്‌പിയുടെ സഹായമുണ്ടായതായും പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിക്കെതിരെ പല കേസുകളിലും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നും ആരോപണം ഉയർന്നിരുന്നു.

നുസ്രത്തിന്റെ തട്ടിപ്പിനെതിരെ തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയും രൂപീകരിച്ചിരുന്നു. തുടർന്നു കൂട്ടായ്മയ കൺവീനർ കെ. അഷ്‌റഫ്, ഭാരവാഹികളായ മോഹനൻ പനങ്ങാത്തൊടി, ബാലചന്ദ്രൻ ചെനക്ക പറമ്പിൽ, കമറുന്നിസ കോടിയിൽ, അച്യുതൻ ചട്ടിപ്പറമ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിക്കെതിരെ പത്രസമ്മേളനം നടത്തിയിരുന്നത്.