തിരുവനന്തപുരം: ഒളിവിലായിരുന്നപ്പോഴും ഓംപ്രകാശ് തിരുവനന്തപുരത്തെ അധോലോകത്തെ നിയന്ത്രിച്ചുവെന്ന് സൂചന. ഇത് മനസ്സിലാക്കി നടത്തിയ നിരീക്ഷണമാണ് ഓംപ്രാകാശിനെ കുടുക്കുന്നത്. പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസിൽ ഓംപ്രകാശിനെ കുടുക്കിയത് റിയൽ എസ്റ്റേറ്റ് കച്ചവടവുമായി ബന്ധപ്പെട്ട ഫോൺ വിളികളെന്നാണ് പുറത്തു വരുന്ന വിവരം. ഓംപ്രകാശിന്റെ ഇടപെടലുകൾ അധോലോകത്തിലെ ചിലർ തന്നെ പൊലീസിന് ചോർത്തിക്കൊടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതും നിർണ്ണായകമായി. ഓംപ്രകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് തീരുമാനം.

ഒളിവിൽ കഴിഞ്ഞിരുന്ന ഓംപ്രകാശ് തലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളിലും തർക്കങ്ങളിലും രഹസ്യമായി ഇടപെടുന്നതും പലരെയും ഭീഷണിപ്പെടുത്തുന്നതും പൊലീസ് കണ്ടെത്തിയിരുന്നു. ചില രഹസ്യ വിവരങ്ങളാണ് നിർണ്ണായകമായത്. ഇതോടെ ഓംപ്രകാശുമായി ബന്ധമുള്ളവരുടെ പട്ടിക തയാറാക്കി ഇവരുടെ ഫോൺ വിളികളും സമൂഹമാധ്യമ അക്കൗണ്ടുകളും ബാങ്ക് ഇടപാടുകളും നിരീക്ഷിച്ചു. ഇതാണ് അറസ്റ്റിലേക്ക് എത്തിയത്. 11മാസം നീണ്ട തിരച്ചിലിനൊടുവിൽ ഗോവയിൽനിന്ന് തിങ്കളാഴ്ചയാണ് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. പാറ്റൂരിൽ നടന്ന ആക്രമണ കേസിലാണ് അറസ്റ്റ്.

പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച ശേഷം ഓംപ്രകാശ് സ്ഥിരമായി ഫോൺ നമ്പർ ഉപയോഗിച്ചില്ല. താമസ സ്ഥലം മാറുന്നതിനൊപ്പം പലരുടെയും പേരിൽ എടുത്ത സിം കാർഡുകളാണ് ഉപയോഗിച്ചത്. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലും താമസിച്ചു. 6 മാസം മുൻപ് ബെംഗളൂരുവിൽ ഡിജെ പാർട്ടിക്കിടെ ഓംപ്രകാശിനെ കണ്ടതായി അജ്ഞാത സന്ദേശവും കിട്ടിയിരുന്നു. വൻകിട ഹോട്ടലുകളിൽ ആണ് താമസിച്ചിരുന്നത്. അക്കൗണ്ടുകൾ മരവിപ്പിച്ചെങ്കിലും ഇയാൾക്ക് ധനസഹായം പലരും പലവഴിക്ക് എത്തിച്ചിരുന്നു.

അതിനിടെ ഓംപ്രകാശിനെ ഗോവയിൽ നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിച്ചു. ഇന്നലെ വൈകിട്ട് 7.30നാണ് ഓം പ്രകാശിനെ പേട്ട സ്റ്റേഷനിലെത്തിച്ചത്. ഗോവയിൽ നിന്ന് ക്രൈംബ്രാഞ്ചിന്റെ വാഹനത്തിൽ റോഡു മാർഗമാണ് ഇയാളെ എത്തിച്ചത്. തുടർന്ന് അറസ്റ്റും രേഖപ്പെടുത്തി. പേട്ട സിഐ സാബുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. വധശ്രമം,ഭീഷണി ഉൾപ്പെടയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 11 മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ഗോവയിൽ വച്ച് തിങ്കളാഴ്ച ഉച്ചയ്ക്കാണ് തിരുവനന്തപുരം സിറ്റി ക്രൈം ബ്രാഞ്ച് ഓംപ്രകാശിനെ അറസ്റ്റുചെയ്തത്.

ജനുവരിയിൽ പാറ്റൂരിന് സമീപത്തുവച്ച് ഓംപ്രകാശും സംഘവും കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ, സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ, ജഗതി സ്വദേശി പ്രവീൺ, പൂജപ്പുര സ്വദേശി ടിന്റു ശേഖർ എന്നിവരെ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്. ഗോവയിലെ കാസിനോകളിലും മറ്റുമായിരുന്നു ഓംപ്രകാശിന്റെ രഹസ്യ താമസം.

പേട്ട സ്റ്റേഷനിൽ ഓംപ്രകാശിനെ എത്തിച്ചപ്പോൾ ഇയാളുടെ കൂട്ടാളികളും ഇവിടെ എത്തിയിരുന്നു. വിവധ കാറുകളിലായി പൊലീസ് സ്റ്റേഷന്റെ പല ഭാഗങ്ങളിൽ സംഘാംഗങ്ങൾ നിറഞ്ഞു. സ്റ്റേഷന് മുന്നിൽ വൻ പൊലീസ് സന്നാഹമാണുണ്ടായിരുന്നത്. ഒരു എ.സി.പി മൂന്ന് സ്റ്റേഷനുകളിലെ സിഐ,എസ്‌ഐമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്ന സുരക്ഷ ചുമതല.

ജനുവരിയിലാണ് പാറ്റൂരിന് സമീപം ഓംപ്രകാശും സംഘവും കാർ തടഞ്ഞുനിർത്തി യുവാക്കളെ വെട്ടിയത്. കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റിസ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ ്വദേശി ടിന്റു ശേഖർ (35) എന്നിവരെയാണ് വെട്ടിപ്പരിക്കേല്പിച്ചത്. പാറ്റൂരിലെ ആക്രമണത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ്, ഫ്‌ളാറ്റ് നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പൊലീസ് പറഞ്ഞു.

ജനുവരി 9ന് പുലർച്ചെ കൺസ്ട്രക്ഷൻ കമ്പനിയുടമയായ നിഥിനെയും സുഹൃത്തുക്കളെയും കാർ തടഞ്ഞു നിർത്തി കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. കേസിൽ 8ാം പ്രതിയാണ് ഓംപ്രകാശ്. രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്.