- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാട്ടാക്കടയിൽ കുരുന്നിനെ അരുംകൊല നടത്തിയ മഞ്ജുവിന് മാനസികാസ്വാസ്ഥ്യം
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കുരുന്നിന്റെ അരുംകൊലയുടെ വാർത്തയാണ് ഇന്ന് കാട്ടാക്കടയിൽ നിന്ന് വന്നത്. കൊണ്ണിയൂരിൽ ഒന്നരവയസുകാരനെയാണ് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ശ്രീകണ്ഠൻ- സിന്ധു ദമ്പതികളുടെ ഒന്നര വയസുള്ള അനന്ദനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ദാരുണ സംഭവം. കൊണ്ണിയൂരിലെ വീടിനോട് ചേർന്ന കിണറ്റിൽ എറിഞ്ഞാണ് മഞ്ജു ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത്.
ശ്രീകണ്ഠന്റെ ആദ്യഭാര്യയായിരുന്നു മഞ്ജു. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. എന്നാൽ രണ്ടാമത്തെ പ്രസവത്തോടെ മഞ്ജുവിന് മാനസികാസ്വാസ്ഥ്യം നേരിട്ടു. ഇതോടെയാണ് ശ്രീകണ്ഠൻ മഞ്ജുവിന്റെ സഹോദരി സിന്ധുവിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലാണ് കൊല്ലപ്പെട്ട കുഞ്ഞ് അനന്ദൻ പിറന്നത്. ശ്രീകണ്ഠനും മഞ്ജുവും സിന്ധുവും മൂന്ന് മക്കളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.
ഇന്ന് രാവിലെ കൊലപാതക കൃത്യം നടത്തിയ മഞ്ജു പിന്നീട് പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. പിന്നാലെ കാട്ടാക്കട ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കുട്ടി കൊല്ലപ്പെടുന്ന രണ്ടാമത്തെ ദാരുണ സംഭവമാണിത്.