കൊല്ലം: ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പ്രതികളെയും ഈ മാസം പതിനഞ്ചുവരെ റിമാൻഡ് ചെയ്തു. മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്മകുമാർ (52), ഭാര്യ എംആർ അനിതകുമാരി (45), മകൾ പിഅനുപമ (20) എന്നിവരെ 14 ദിവസത്തേയ്ക്കാണു റിമാൻഡ് ചെയ്തത്.

പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതകുമാരി, അനുപമ എന്നിവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി. അതേസമയം, പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് സൂചന. പ്രതികൾക്കെതിരെ വലിയ ഗൂഢാലോചന ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിയിരിക്കുന്നത്.

പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആറു വയസുകാരിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച സഹോദരനെ ആക്രമിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. പ്രതികൾക്കായി 2 അഭിഭാഷകർ ഹാജരായി. പ്രതിക്കൂട്ടിൽ വലിയ ഭാവവ്യത്യാസം ഇല്ലാതെയാണ് പ്രതികൾ നിന്നത്. കോടതിയിൽ വച്ചാണ് ഇവരുടെ മുഖാവരണം നീക്കിയത്. കേരളത്തെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ കാണാൻ വൻ ജനത്തിരക്കും കോടതി മുറിയിൽ അനുഭവപ്പട്ടു.

തിങ്കളാഴ്ച പൊലീസ് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും. പത്മകുമാർ ആണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകൾ അനുപമ രണ്ടാം പ്രതിയുമാണ്. അറസ്റ്റു രേഖപ്പെടുത്തിയതിനു പിന്നാലെ പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചിരുന്നു. പ്രതികളെ മുഖം മറച്ചാണ് കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷനു പുറത്ത് ഇവർക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനമുണ്ടായി. ആറു വയസുകാരിയും സഹോദരനും പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെ 10 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രധാന ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് പൊലീസ് പറയുന്നത്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു പോന്നത് അനിതാകുമാരിയെന്നും വെളിപ്പെടുത്തൽ. കുട്ടി സുരക്ഷിതയെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികൾ ആശ്രാമം മൈതാനം വിട്ടുപോയത്. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറി ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിച്ചത് അനിതാകുമാരിയാണ്. അനിതകുമാരിക്ക് ഈ പരിസരം വ്യക്തമായി അറിയാമായിരുന്നു. അതുപോലെ തന്നെ പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചതും അനിതാകുമാരിയാണെന്ന് എഡിജിപി അജിത്കുമാർ വ്യക്തമാക്കി.

അതേസമയം കുട്ടിയുമായി അനിതാ കുമാരി ഓട്ടോയിൽ കയറിയ സമയത്ത് മറ്റൊരു ഓട്ടോയിൽ പത്മകുമാറും ഇവരുടെ പിന്നാലെ പോയി. കുട്ടിയെ മൈതാനത്തെ ബെഞ്ചിലിരുത്തി കോളേജ് കുട്ടികൾ ഇവരെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പ്രതികളായ പത്മകുമാറും അനിതാ കുമാരിയും മറ്റൊരു ഓട്ടോ വിളിച്ച് തിരികെ പോയത്. രണ്ട് ഓട്ടോകളിലായിട്ടാണ് ഇവർ ലിങ്ക് റോഡിൽ വന്നിറങ്ങിയത്. പിന്നീട് കാറിൽ വീട്ടിലേക്ക് മടങ്ങിപ്പോയുകയാണുണ്ടായത്.

കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ആ ദൃശ്യങ്ങളിൽ കുട്ടിയെ ഒക്കത്തിരുത്തിയാണ് ഒരു സ്ത്രീ ഓട്ടോയിൽ നിന്ന് കുട്ടിയെ മൈതാനത്ത് എത്തിക്കുന്നത്. ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ആശ്രാമം മൈതാനത്ത് തനിച്ചിരിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത് കോളേജ് വിദ്യാർത്ഥികളായിരുന്നു. മഞ്ഞ ചുരിദാർ ധരിച്ച, മാസ്‌ക് ധരിച്ച സ്ത്രീ കുഞ്ഞിനെ ഇവിടെ ഇരുത്തി പോകുന്നത് കണ്ടതായി കോളേജ് വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തിയിരുന്നു.