- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുവർഷം നീണ്ട പദ്ധതി; തട്ടിയെടുക്കാൻ പറ്റിയ കുട്ടിയെ അന്വേഷിച്ച് നടന്നത് ഒന്നരമാസം; തട്ടിക്കൊണ്ടുപോയ ശേഷം പെൺകുട്ടിയെ ഗുളിക കൊടുത്തു മയക്കി; പ്രതികളെ കുടുക്കിയത് ശബ്ദരേഖ; അന്വേഷണം ശക്തമായതോടെ ഉപേക്ഷിച്ചു
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് എഡിജിപി എം.ആർ. അജിത്കുമാർ. സംഭവത്തിന് പിന്നിൽ നടന്ന നീക്കങ്ങളും കഥകളും വിശദമാക്കി കൊണ്ടായിരുന്നു എഡിജിപിയുടെ വാർത്താസമ്മേളനം. ഈ കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ ഏറെ പഴികേൾക്കേണ്ടി വന്ന പൊലീസ് അന്ന് വിമർശിച്ചവരുടെ കൊണ്ട് കൈയടിപ്പിക്കുന്ന അന്വേഷണ മികവാണ് കാഴ്‌ച്ച വെച്ചത്. പ്രതികൾ എന്തിനാണ് ഇത്തരമൊരു കിഡ്‌നാപ്പിംഗിന് മുതിർന്നതെന്നും എങ്ങനെയാണ് അത് ആസൂത്രണം ചെയ്തതെനും പ്രതികളിലേക്ക് പൊലീസ് എത്തിയത് എങ്ങനെയാണെന്നും എഡിജിപി വിശദീകരിച്ചു.
പൊലീസിന്റെ പ്രാഥമിക ആവശ്യം എത്രയും പെട്ടെന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും ആദ്യദിവസം തന്നെ കിട്ടിയ ഒരു സുപ്രധാന ക്ലൂവിൽ നിന്നാണ് ഈ കേസ് തെളിയിക്കാനായി സാധിച്ചതെന്നും എഡിജിപി അജിത്കുമാർ വ്യക്തമാക്കി. മോചനദ്രവ്യം ആവശ്യപ്പെട്ടു വിളിച്ച ശബ്ദരേഖയായിരുന്നു ഇതിൽ പ്രധാനമായ കാര്യം. ഇതായിരുന്നു പ്രതികളിലേക്ക് എത്തുന്നതിൽ നിർണായകമായി മാറിയതും.
ആ ക്ലൂവിൽ നിന്നുതന്നെ വ്യക്തമായിരുന്നു ഈ കേസിലെ പ്രതി കൊല്ലം സ്വദേശിയാണെന്നും ഈ പരിസരം പരിചയമുള്ളവരാണെന്നും. അതിൽ നിന്നാണ് കേസ് അന്വേഷണം വികസിപ്പിച്ചത്. വളരെ നന്നായി പദ്ധതിയിട്ട്, പൊലീസ് ഏതൊക്കെ രീതിയിൽ നീങ്ങുമെന്ന് മനസിലാക്കി പ്രതികൾ നടത്തിയ കുറ്റകൃത്യമാണിത്. പൊലീസിന് ലഭിച്ച വിവരങ്ങൾ, സൈബർ അനാലിസിസ്, പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച കാര്യങ്ങൾ എന്നിവ ക്രോഡീകരിച്ച് നിരന്തരമായി നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് കേസ് തെളിയിക്കാനായതെന്നും എം.ആർ. അജിത്കുമാർ പറഞ്ഞു.
ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ പത്മകുമാർ കേബിൾ ടിവി ബിസിനസ് നടത്തുന്നയാളാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന പത്മകുമാർ ഒരുവർഷമായി എങ്ങനെ പണമുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു.
ഒരുവർഷം മുമ്പുതന്നെ ഇത്തരം കുറ്റകൃത്യം നടത്താൻ പദ്ധതിയിട്ടു. ഒരുവർഷം മുമ്പ് ഒരു വ്യാജനമ്പർ പ്ലേറ്റ് ഉണ്ടാക്കി. അടുത്തിടെ മറ്റൊരു നമ്പർ പ്ലേറ്റും ഉണ്ടാക്കി. പദ്ധതി ഇടയ്ക്ക് മാറ്റിവച്ചിരുന്നെങ്കിലും ഒന്നരമാസം മുമ്പ് വീണ്ടും പുനരാരംഭിച്ചു. സ്ഥിരമായി കാറെടുത്ത് പല സ്ഥലങ്ങളിലും യാത്രചെയ്ത് തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടിയെ അന്വേഷിക്കുകയായിരുന്നു.
സംഭവത്തിന് ഒരാഴ്ച മുമ്പ് രണ്ട് കുട്ടികളും വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് പോകുന്നത് കണ്ടു. ഈ കുട്ടികളെ തട്ടിക്കൊണ്ടുപോകാമെന്ന് ഉറപ്പിച്ചു. വീണ്ടും രണ്ടുമൂന്നുതവണ സ്ഥലത്ത് വന്ന് നിരീക്ഷിച്ചു. ഒരുതവണ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും കുട്ടികളെ ട്യൂഷൻ സെന്ററിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുപോയി. മറ്റൊരു തവണ അമ്മൂമ്മയാണ് വന്നത്.
സംഭവദിവസം നാലേകാലോടെ പ്രതികൾ സ്ഥലത്തെത്തി കുട്ടികളെ കാത്തിരുന്നു. പെൺകുട്ടിയെ കാറിൽ വലിച്ചുകയറ്റി. ഇതുകണ്ട സഹോദരൻ ജോനാഥൻ, അദ്ദേഹമൊരു ഹീറോയാണ്. അയാളാണ് ആദ്യമായി കുറ്റകൃത്യം പ്രതിരോധിക്കാൻ ശ്രമിച്ചത്. പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിരോധമാണ് സഹോദരന്റെ ഭാഗത്തുനിന്നുണ്ടായത്. കുട്ടി നന്നായി പോരാടി ഒടുവിൽ പുറത്തേക്ക് വീണു. പെൺകുട്ടിയെയും കൊണ്ട് പ്രതികൾ പോയി.
വണ്ടിയിൽ കയറ്റിയ ശേഷം പെൺകുട്ടി ആദ്യം കരച്ചിലായിരുന്നു. അച്ഛന്റെയടുത്തുകൊണ്ടുപോകുകയാണെന്നു പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു, കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു, മടിയിൽ കിടത്തി. കുറച്ചുകഴിഞ്ഞ് ഒരു ഗുളിക കൊടുത്തപ്പോൾ ശാന്തമായി. പിന്നീട് പലസ്ഥലങ്ങളിലും കൊണ്ടുപോയി.
പിന്നീട് വീട്ടിലെത്തിച്ച ശേഷം കുട്ടിയിൽ നിന്ന് അമ്മയുടെ നമ്പർ വാങ്ങിയ ശേഷം പാരിപ്പള്ളിയിലേക്ക് പോയി. അവിടെനിന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങി, കടയുടമയുടെ ഫോൺ വാങ്ങി അമ്മയെ വിളിച്ചു. ആ ശബ്ദരേഖയായിരുന്നു പൊലീസിനു ലഭിച്ച നിർണായക ക്ലൂ.
തിരികെ വീട്ടിൽ ചെന്നപ്പോൾ സംഭവം വലിയ വാർത്തയായെന്ന് മനസിലായി. ഗത്യന്തരമില്ലാതെ കുട്ടിയെ തിരികെവിടാൻ തീരുമാനിച്ചു. പത്തുമണിയോടെ കുട്ടിയെ ഉപേക്ഷിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചത്. എന്നാൽ 11 മണിയോടെ അവർ കൊല്ലം കെഎസ്ആർടിസി സ്റ്റേഷനു സമീപമെത്തി, പിന്നീട് അവിടുന്ന് ആശ്രാമം മൈതാനത്ത് എത്തി. കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉള്ളതിനാൽ അത് നടന്നില്ല.
പിന്നീട് പ്രതികൾ വീണ്ടും കുട്ടിയുമായി തിരിച്ചുവന്ന് വാഹനം ലിങ്ക് റോഡിൽ പാർക്ക് ചെയ്തു. പിന്നീട് അനിതാകുമാരി ഓട്ടോറിക്ഷ പിടിച്ച് കുട്ടിയെയും കൊണ്ട് അശ്വതി ബാറിന്റെ എതിർവശത്തുള്ള ബെഞ്ചിൽ ഇരുത്തി. ഭർത്താവ് പത്മകുമാർ ഈസമയം മറ്റൊരു ഓട്ടോറിക്ഷയിൽ പിന്നാലെ വന്നിരുന്നു. അച്ഛൻ വരുമെന്ന് പറഞ്ഞ് കുട്ടിയെ അവിടെയിരുത്തി.
കുട്ടിയെ സുരക്ഷിതമായി വിടണമെന്നുള്ളതുകൊണ്ട് കോളജ് വിദ്യാർത്ഥികൾ കുട്ടിയെ കണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് പ്രതികൾ സ്ഥലംവിട്ടത്. ഇവർ അവിടുന്ന് പുറത്തിറങ്ങി വീണ്ടും ഓട്ടോറിക്ഷ പിടിച്ച് ബിഷപ് ജെറോം നഗറിൽ പോയി. അവിടെ അനിതകുമാരിയെ വിട്ടിട്ട് പത്മകുമാർ തിരിച്ച് ലിങ്ക് റോഡിൽ വന്ന് കാറെടുത്ത് ചെന്ന് ഭാര്യയെ കൂട്ടി. മകൾ അനുപമയും ഒപ്പമുണ്ടായിരുന്നു. ഈ യാത്രയിലൊന്നും ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ചില്ല.
തിരിച്ചു വീട്ടിൽ ചെന്ന ശേഷം ഇവർ തത്കാലത്തേക്ക് മാറിനില്ക്കാൻ തീരുമാനിച്ചു. പത്മകുമാറിന് തെങ്കാശിയിൽ പാട്ടത്തിന് സ്ഥലമുണ്ടായിരുന്നു. അതിനാൽ തെങ്കാശിയിൽ വന്ന് മുറിയെടുത്തു. സ്ഥലത്തിന്റെ ഉടമയെ കാത്ത് ഹോട്ടലിൽ ഇരുന്നപ്പോളാണ് പൊലീസിന്റെ പിടിയിലായതെന്നും എഡിജിപി പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഒരു വർഷം മുമ്പേ ആസൂത്രണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. മുഖ്യപ്രതി പത്മകുമാറിന്റെ ആറുകോടി രൂപയോളം വരുന്ന ആസ്തികൾ പണയത്തിലായിരുന്നു. അടിയന്തരമായി പത്മകുമാറിന് 10 ലക്ഷം രൂപയുടെ ബാധ്യത തീർക്കേണ്ടി വന്നു. അതിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിയെടുക്കാൻ പദ്ധതിയിട്ടതെനനാണ് പൊലീസ് വിശദീകരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ