- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓയൂർ തട്ടിക്കൊണ്ടു പോകലിൽ നടന്നത് സിനിമയെ വെല്ലുന്ന ആസൂത്രണം; ഒഎൽഎക്സ് നോക്കി വ്യാജ നമ്പർ പ്ലേറ്റ് തയ്യാറാക്കി; സി സി ടിവിയിൽ കുടുങ്ങാതിരിക്കാൻ കൃത്യമായ റൂട്ട് മാപ്പും; പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ചു തെളിവെടുത്തു പൊലീസ്; നാട്ടുകാർക്ക് മുഖം കൊടുക്കാതെ അനുപമയും അനിതാകുമാരിയും
കൊല്ലം: കേരളത്തെ ഞെട്ടിച്ച ഓയൂർ തട്ടിക്കൊണ്ടു പോകലിൽ പ്രതികൾ നടത്തിയത് സിനിമയെ വെല്ലുന്ന ആസൂത്രണമായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ വേണ്ടി വലിയ പ്ലാൻ തയ്യാറാക്കിയെങ്കിലും ഒരു ഫോൺവിളിയിൽ എല്ലാം തീർന്നു. ഇപ്പോൽ പ്രതികളുമായി തെളിവെടുപ്പിലാണ് പൊലീസ്. തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്ത പത്മകുമാറിന്റെ ചാത്തന്നൂരിലെ വസതിയിൽ എത്തിച്ചാണ് തെളിവെടുപ്പു നടന്നത്.
കേസിൽ അറസ്റ്റിലായ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരുമായാണ് രാവിലെ അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചത്. രണ്ടു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പ്രതികളെ വലിയ രീതിയുള്ള പൊലീസ് സുരക്ഷയിൽ സ്ഥലത്ത് എത്തിച്ചത്. തെളിവെടുപ്പിനായി ഫോറൻസിക് സംഘവും ചാത്തന്നൂരിലെ വീട്ടിലെത്തിയിട്ടുണ്ട്.
പ്രതികളുമായി പൊലീസ് എത്തിയപ്പോർ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, ആർക്കും മുഖം കൊടുക്കാതെയായിരുന്നു പ്രതികൾ. അനിതാകുമാരിയും അനുപമയും മുഖം ഷാൾകൊണ്ട് മറച്ചു. ക്യാമറകളിൽ പെടാതിരിക്കാനും നാട്ടുകാർക്ക് മുഖം കൊടുക്കാതിരിക്കാനും പ്രതികൾ പ്രത്യേകം ശ്രദ്ധിച്ചു.
അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള 13 സംഘമാണ് പ്രതികളെ തെളിവെടുപ്പ് എത്തിച്ചത്. തട്ടിക്കൊണ്ടുപോയ ശേഷം അന്നുരാത്രി കുട്ടിയെ ഈ വീട്ടിലായിരുന്നു താമസിപ്പിച്ചത്. ആദ്യം പത്മകുമാറിനെയാണ് പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്. പിന്നാലെ രണ്ടാം പ്രതി അനിതകുമാരി, മൂന്നാം പ്രതി അനുപമ എന്നിവരെയും വീട്ടിലെത്തിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ കേന്ദ്രീകരിച്ചുള്ള വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. ഗേറ്റടക്കം പൂട്ടിയാണ് വിശദമായ പരിശോധന. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിയ ശേഷമാണ് മൂന്നാംദിനമായ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചത്.
ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്. കാറിൽ നിന്ന് കുട്ടിയുടെ വിരലടയാളം ഉൾപ്പെടെ ശേഖരിക്കേണ്ടതുണ്ട്. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം കുട്ടിയുമായി പോയ മറ്റിടങ്ങളിലേക്കും കൊണ്ടുപോവുമെന്നാണ് വിവരം. തുടർന്ന് പ്രതികൾ ഒളിവിൽ താമസിച്ചിരുന്ന തെങ്കാശിയിലും കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തുമുൾപ്പെടെ ഇതിനു ശേഷം തെളിവെടുപ്പ് നടത്തും.
ഇതിനിടെ, തട്ടിക്കൊണ്ടുപോകൽ കേസിലെ ആസൂത്രണത്തിന്റെ നിർണായകമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. റൂട്ട് മാപ്പ് തയ്യാറാക്കിയാണ് തട്ടിക്കൊണ്ടുപോകൽ നടപ്പാക്കിയതെന്ന് പ്രതികളുടെ ഫോൺ പരിശോധിച്ചതിൽനിന്ന് പൊലീസിന് വ്യക്തമായി. സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയിൽ മാസങ്ങൾ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഓയൂരിൽനിന്ന് രക്ഷപ്പെടുന്നതിനായി വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം ഇവർ തയ്യാറാക്കി. കൃത്യമായ ബ്ലൂ പ്രിന്റ് തയ്യാറാക്കിയാണ് തട്ടിക്കൊണ്ടുപോകൽ നടപ്പാക്കിയത്. വിപുലമായ ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് തയ്യാറാക്കിയത്. സിസിടിവി ഇല്ലാത്ത ഗ്രാമീണ റൂട്ടുകൾ ഉൾപ്പെടെ ഇവർ ബ്ലൂ പ്രിന്റിൽ ഉൾപ്പെടുത്തിയിരുന്നു. ഫോണിൽനിന്നാണ് പൊലീസിന് ബ്ലൂ പ്രിന്റ് ലഭിച്ചത്. സിസിടിവി യുള്ള സ്ഥലങ്ങൾ പോലും ഇതിൽ അടയാള പ്പെടുത്തിയിരുന്നു.
തങ്ങളെ പിടികൂടാതിരിക്കാൻ പഴുതടച്ച രീതിയിലുള്ള വലിയ ആസൂത്രണമാണ് ഇവർ നടത്തിയത്. അതിനാൽ തന്നെ ചോദ്യം ചെയ്യലിനിടെ എവിടെനിന്നാണ് തങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പത്മകുമാറും ഭാര്യ അനിതയും പലതവണ അന്വേഷണ സംഘത്തോട് ചോദിച്ചു. ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു പ്രതികൾ കരുതിയിരുന്നതെന്നും പൊലീസ് പറഞ്ഞു. ഒഎൽഎക്‌സിൽ വിൽക്കാൻ വെച്ചിരുന്ന കാറുകൾ പരിശോധിച്ച് അതിൽനിന്നുള്ള നമ്പറുകൾ നോക്കിയാണ് ഇവർ തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച് കാറിന് വ്യാജ നമ്പർ പ്ലേറ്റുകൾ തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
ചാത്തന്നൂരിലെ വീട്ടിൽ വച്ചാണ് ബ്ലൂ പ്രിന്റ് ഉൾപ്പെടെ തയ്യാറാക്കിയുള്ള വലിയ രീതിയുള്ള ആസൂത്രണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നിലവിൽ കൊല്ലം റൂറൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പൂജപ്പുര ജയിലിൽനിന്നാണ് പത്മകുമാറിനെ ചാത്തന്നൂരിലെത്തിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നാണ് അനിത കുമാരിയെയും മകൾ അനുപമയെയും തെളിവെടുപ്പിനായി എത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ