കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ പെൺബുദ്ധി. അനിതാ കുമാരിയാണ് പ്രധാന ആസൂത്രകയെന്ന് എഡിജിപി അജിത് കുമാറും സ്ഥിരീകരിച്ചു. ഒന്നര വർഷം മുമ്പ് തന്നെ കുട്ടിയെ തട്ടിയെടുക്കാനുള്ള ആലോചന തുടങ്ങി. അനിതാ കുമാരിയുടെ ഈ ആശയത്തെ അന്ന് പൂർണ്ണമായും പത്മകുമാർ അംഗീകരിച്ചില്ല. പത്മകുമാറിന്റെ അമ്മ പാരിജാതം അറിയുമെന്നതായിരുന്നു ഇതിന് കാരണം. അമ്മയുള്ളപ്പോൾ ഇതു പറ്റില്ലെന്നായിരുന്നു പത്മകുമാറിന്റെ നിലപാട്. ജൂണിൽ അമ്മ പാരിജാതം മരിച്ചു. ഇതോടെ ഭാര്യയുടെ ആശയത്തെ ഭർത്താവും ഉൾക്കൊണ്ടു. നേരത്തെ മകൾ അനുപമ ഇതിനെ അനുകൂലിച്ചിരുന്നില്ല. യൂട്യൂബിലെ താരമായിരുന്നു ആ കുട്ടി. മാസം മൂന്ന് ലക്ഷം രൂപവരെ അവർക്ക് വരുമാനം കിട്ടുമായിരുന്നു. എന്നാൽ പെട്ടെന്ന് യൂട്യൂബ് ഈ ചാനലിനുള്ള പണം നൽകൽ അവസാനിപ്പിച്ചു. ഇതോടെ കുട്ടിയും അച്ഛനും അമ്മയ്ക്കുമൊപ്പം ചേർന്നു. അങ്ങനെയാണ് അനിതാ കുമാരിയുടെ തട്ടിക്കൊണ്ടു പോകൽ ആശയത്തിനൊപ്പം മൂന്നംഗ കുടുംബം ഒന്നിച്ചു നീങ്ങിയത്.

യൂട്യൂബിന്റെ ഡീ മോണിട്ടൈസേഷൻ വന്നതോടെ അനുപമ തീർത്തും നിരാശയായി. ഇതോടെയാണ് അച്ഛന്റെ കടം തീർത്ത് മുമ്പോട്ട് കുതിക്കാൻ മറ്റ് മാർഗ്ഗമില്ലെന്ന അമ്മയുടെ ആശയോത്തോട് ഈ കുട്ടിയും യോജിച്ചത്. വലിയ ആൾത്തിരക്കില്ലാത്ത ഓയൂരിൽ നിന്നും കുട്ടിയെ തട്ടിയെടുക്കാനായിരുന്നു തീരുമാനം. എല്ലാം അനിതാ കുമാരിയുടെ പദ്ധതി അനുസരിച്ചാണ് നീങ്ങിയത്. കേസിലെ സുപ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു ആദ്യമേ വ്യക്തമായിരുന്നെന്നും ആദ്യദിവസം തന്നെ ലഭിച്ച ക്ലൂ നിർണായകമായെന്നും എഡിജിപി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു നടന്നതെന്നും എഡിജിപി പറഞ്ഞു. അഞ്ചു കോടിയുടെ കടമാണ് പത്മകുമാറിനുണ്ടായിരുന്നത്. കുട്ടിയുടെ അച്ഛനുമായി പത്മകുമാറിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായിട്ടുണ്ട്. പത്മകുമാറിന്റെ അമ്മയ്ക്കും ഈ പദ്ധതികൾ അറിയാമായിരുന്നു. അവർ ഇതിനെ എതിർത്തു. അതുകൊണ്ടു തന്നെ മകൻ ആദ്യം ഈ പദ്ധതിക്കൊപ്പം കൂടിയില്ല.

''ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന ആളാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു. വളരെയധികം കടമുണ്ടായിരുന്നു. ഒരുവർഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു'' എം.ആർ.അജിത് കുമാർ പറഞ്ഞു. കടം കൂടിയതിന്റെ കണക്ക് പൊലീസിനോട് പത്മകുമാർ വിശദീകരിച്ചിട്ടുണ്ട്. കടം കൂടുമ്പോൾ മുതൽ എന്തെങ്കിലും ചെയ്യണമെന്ന അഭിപ്രായക്കാരിയായിരുന്നു അനിതാ കുമാരി. ഓയൂരിൽ നിരവധി ദിവസം കറങ്ങിയാണ് തട്ടിക്കൊണ്ടു പോകേണ്ട കുട്ടിയെ ഉറപ്പിച്ചത്. ഒരാഴ്ചയായി കുട്ടിയെ നിരീക്ഷിച്ചു. ഇതിന് ശേഷമായിരുന്നു തട്ടിക്കൊണ്ടു പോകൽ.

പത്മകുമാറിന്റെ അമ്മ ആർടിഒയിൽ ജീവനക്കാരിയായിരുന്നു. ഇവരുടെ പെൻഷനും മറ്റ് സമ്പാദ്യവുമെല്ലാം പത്മകുമാറിനായിരുന്നു. ഇവർ ജൂണിൽ മരിച്ചു. ഇതോടെ ആ വരുമാനവും നിലച്ചു. ഇതോടെയാണ് ഭാര്യയുടെ ക്രിമിനൽ ബുദ്ധിക്ക് ഭർത്താവ് സമ്മതം മൂളിയത്. ഇത്രയും വലിയ പ്രശ്‌നമാകില്ലെന്നും പണം വാങ്ങി കുട്ടിയെ മോചിപ്പിക്കാമെന്നും ഇവർ ആഗ്രഹിച്ചു. ഈ പദ്ധതി വിജയിച്ചാൽ കൂടുതൽ കുട്ടികളെ ഇതേ മാതൃകയിൽ തട്ടിക്കൊണ്ടു പോയി വില പേശൽ നടത്താമെന്നും തീരുമാനിച്ചു. എന്നാൽ ആദ്യ പദ്ധതി തന്നെ എല്ലാ അർത്ഥത്തിലും പൊളിഞ്ഞു. ഓയൂരിൽ നിന്ന് രണ്ട് കുട്ടികളേയും തട്ടിയെടുക്കാനായിരുന്നു പദ്ധതി. എന്നാൽ സഹോദരൻ രക്ഷപ്പെട്ടത് എല്ലാം അവതാളത്തിലാക്കി. ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ വലിയ വാർത്തയുമായി.

''ചുറ്റുമുള്ള പലരും ഇത്തരത്തിൽ പൈസയുണ്ടാക്കുന്നത് കണ്ടതിന്റെയും ദൃശ്യമാധ്യമങ്ങളുടെയും അടിസ്ഥാനത്തിലാണു കൃത്യം ചെയ്തതെന്നാണ് പത്മകുമാർ പറഞ്ഞത്. ഒരുവർഷം മുൻപു തന്നെ പദ്ധതി ഇട്ടിരുന്നു. ആദ്യത്തെ നമ്പർ പ്ലേറ്റ് ഒരുവർഷം മുൻപാണ് ഉണ്ടാക്കിയത്. രണ്ടാമത്തെ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് അടുത്തകാലത്താണ്. ഇടയ്ക്കു വച്ചു പദ്ധതി നിർത്തിവച്ചു. പിന്നീട് വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. സ്ഥിരമായി കാറുമെടുത്ത് പല സ്ഥലങ്ങളിലും പോയി തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഹാൻഡിൽ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു കുട്ടിയെയായിരുന്നു അവർക്ക് ആവശ്യം''അജിത് കുമാർ വിശദീകരിച്ചു.

തട്ടിക്കൊണ്ടുപോയ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. നീലക്കാറിൽ പത്മകുമാറും ഭാര്യയും കുട്ടിയുമായി കൊല്ലം നഗരത്തിൽ എത്തി. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ലിങ്ക് റോസിൽ കാർ നിർത്തി ഭാര്യയെയും കുട്ടിയെയും ഇറക്കിയശേഷം പത്മകുമാർ സമീപത്തെ ജ്യൂസ് കടയ്ക്ക് അടുത്ത് കാത്തുനിന്നു. ഇതിനിടയിൽ അനിത കുട്ടിയുമായി ഓട്ടോറിക്ഷയിൽ കയറി ആശ്രാമം മൈതാനിയിൽ എത്തി. അവിടെ പാർക്കിലെ ബെഞ്ചിൽ കുട്ടിയെ ഇരുത്തിയശേഷം കടന്നു. പിന്നീട് മറ്റൊരു ഓട്ടോയിൽ കയറി കാറിന് സമീപമെത്തി. തുടർന്ന് ഇരുവരും കാറിൽ നഗരത്തിലെ ഷോപ്പിങ് കോംപ്ലക്‌സിലെ ബേക്കറിയിൽ കയറി. കുട്ടിയെ ഉപക്ഷിച്ച വിവരം അവിടുത്തെ ടിവിയിൽ വാർത്തയായി കേട്ടതോടെ ഇരുവരും തിരികെപോകുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സഹോദരന്റെ കൈയിൽ പത്മകുമാർ ഭീഷണിക്കത്ത് നല്കിയിരുന്നുവെന്നാണ് പുതിയ വിവരം. പണം നല്കിയാൽ മാത്രമേ കുട്ടിയെ വിട്ടുതരികയുള്ളൂ എന്നായിരുന്നു കത്തിൽ. എന്നാൽ, സഹോദരൻ കുറിപ്പ് വാങ്ങിയില്ല. ഇത് കാറിനുള്ളിൽത്തന്നെ വീഴുകയായിരുന്നു. തുടർന്ന് കുട്ടിയുമായി ഫാംഹൗസിലെത്തിയ പത്മകുമാർ ടിവിയിൽ വാർത്ത കണ്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം നാടുമുഴുവൻ അറിഞ്ഞെന്നും പൊലീസ് എല്ലായിടവും പരിശോധന ശക്തമാക്കിയെന്നും മനസിലായതോടെ ഗത്യന്തരമില്ലാതെ കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഭീമമായ കടബാധ്യതയുണ്ടായിരുന്ന പ്രതി വായ്പകളെല്ലാം തീർക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നല്കുന്ന വിവരം. ബാങ്ക് വായ്പകൾക്ക് പുറമേ ലോൺ ആപ്പ് വഴിയും ക്രെഡിറ്റ് കാർഡ് മുഖേനയും പത്മകുമാർ വായ്പയെടുത്തിരുന്നു.