- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യമിട്ടത് കുറഞ്ഞത് 25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാൻ; ഓയൂരിലേത് പരീക്ഷണ കിഡ്നാപ്പിങ്! നരബലിയിലേക്കും അവയവ ദാന മാഫിയയിലേക്കും അന്വേഷണം നീളും; ഇനി ചാത്തന്നൂർ കുടുംബത്തിന്റെ മുഖം മറയ്ക്കില്ല; അച്ഛനേയും അമ്മയേയും മകളേയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
കൊട്ടാരക്കര: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണ ഏജൻസിയായ ജില്ലാ ക്രൈംബ്രാഞ്ച് പ്രതികളെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങുന്നതോടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്. പ്രതികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ വ്യാഴാഴ്ച കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഉച്ചയോടെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്യും.
കടബാധ്യത സംബന്ധിച്ച നിലവിലുള്ള വിശദീകരണങ്ങൾ അന്വേഷണസംഘം വിശ്വസിക്കുന്നില്ല. വായ്പകൾമൂലമുള്ള കടബാധ്യതയെക്കാൾ ഓൺലൈൻ വാതുവെപ്പു പോലുള്ള ഇടപാടുകളിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു അന്വേഷണവും നടത്തും. നരബലിയിലേയും ആവയവ കടത്ത് മാഫിയയിലേക്കും സംശയങ്ങൾ നീളുന്നുണ്ട്. ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. കേസിൽ നാലാമനുണ്ടെന്ന അഭ്യൂഹം ശക്തമാണ്.
ഇനി മുഖംമറച്ചാകില്ല ഇനി പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതും തെളിവെടുപ്പിനു കൊണ്ടുപോകുന്നതും. അടൂർ എ.ആർ.ക്യാമ്പിൽനിന്ന് പ്രതികളെ മുഖംമറച്ച് പൂയപ്പള്ളി സ്റ്റേഷനിലേക്കും കോടതിയിലേക്കും ജയിലിലേക്കും കൊണ്ടുപോയതും വിവാദമായിരുന്നു. തീവ്രവാദ കേസുകളിലേതു പോലെ പ്രതികളെ കൊണ്ടു പോയതിന് പിന്നിൽ പ്രതികൾക്ക് വേണ്ടിയുള്ള താൽപ്പര്യമാണെന്ന വാദം ചർച്ചയായിരുന്നു.
പ്രതികളുടെ ചിത്രം പുറത്തു വിടരുതെന്നും മുഖംമറച്ചു കൊണ്ടുപോകണമെന്നതും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കർശന നിർദേശമായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ കാണിച്ച് പ്രതികളെ തിരിച്ചറിയുന്നതുവരെ പ്രതികളുടെ പരസ്യപ്പെടുത്തൽ പാടില്ലെന്ന വാദമാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ അന്ന് നൽകിയത്. എന്നാൽ പടം കാട്ടി കുട്ടിയെ കൊണ്ട് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഇതിനൊപ്പം തിരിച്ചറിയിൽ പരേഡും ഈ കേസിൽ ഇല്ലെന്നതാണ് വസ്തുത.
പത്തു ദിവസത്തെ കസ്റ്റഡിയാകും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുക. പ്രതികളിൽനിന്ന് സമ്പൂർണമായ മൊഴിയെടുപ്പിനുശേഷമേ തെളിവെടുപ്പുണ്ടാകൂ. സി.സി.ടി.വി.ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ഇതിനകം സംഘം വിലയിരുത്തി. തട്ടിക്കൊണ്ടുപോകലിനു സഹായംചെയ്തവരുണ്ടെങ്കിൽ അവരെയും സംഭവത്തിനു പിന്നിലെ യഥാർഥകാരണവും കണ്ടെത്തണം. അനുപമയുടെ ഓൺലൈൻ ഇടപാടുകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ തേടും.
പത്മകുമാർ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറി പൊലീസിനു ലഭിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് കുട്ടികളെ തട്ടിയെടുക്കാൻ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങൾ, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പത്മകുമാർ വിശദമായി പഠിച്ചിരുന്നു. 25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാനായിരുന്നു ആലോചന. ഇതിൽ ആദ്യത്തേതായിരുന്നു ഓയൂരിലേത്.
ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പത്മകുമാർ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു. ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കുഞ്ഞയ്യപ്പക്ഷേത്രപരിസരത്തെ വീടിനടുത്ത് മൂന്നുമണിക്കൂറോളം ചെലവഴിച്ചതായി പൊലീസ് കണ്ടെത്തി. എന്നാൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു.
ഓയൂരിനടുത്ത് കാറ്റാടിയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് നവംബർ 27-ന് വൈകീട്ട് 4.20-നാണ്. ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാർ പലയിടങ്ങളിൽ ചുറ്റുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പലയിടത്തും തട്ടിയെടുക്കൽശ്രമം പരാജയപ്പെട്ടതായി പ്രതി പൊലീസിനോട് പറഞ്ഞു. ഒരു കുട്ടിയെമാത്രം തട്ടിയെടുത്ത് പത്തുലക്ഷം രൂപ കൈക്കലാക്കാനായിരുന്നില്ല പത്മകുമാർ ഉദ്ദേശിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലമനുസരിച്ച് മൂന്നുലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു തീരുമാനം.
പിടിക്കപ്പെടുമെന്ന ചിന്ത ആസൂത്രണവേളയിലൊന്നും കുടുംബത്തിനുണ്ടായിരുന്നില്ലെന്നും ഇതിന്റെ ആത്മവിശ്വാസത്തിലാണ് പത്മകുമാറും അനിതയും അനുപമയും മുന്നോട്ടുപോയിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ