കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോയ ആറു വയസ്സുകാരി മോചിതയായി. എന്നാൽ ആരാണ് ആ കുട്ടിയെ കൊണ്ടു പോയതെന്ന് ഇപ്പോഴും ആർക്കും അറിയില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്വിഫ്റ്റ് ഡിസയറിന് പിറകെയാണ് പൊലീസ്. സിസിടിവികൾ പരിശോധിച്ച് കല്ലുവാതുക്കൽ വരെ എത്തിയെന്നും ഇല്ലെന്നും പറയുന്നു. ഇനി അതിൽ വലിയ പ്രതീക്ഷയും വേണ്ട. കാർ നമ്പറും വ്യാജം. അതുകൊണ്ട് തന്നെ അതുവഴി പ്രതിയെ പിടിക്കുക അസാധ്യമാണ്. എന്നാൽ ആശ്രാമം മൈതാനത്താണ് കുട്ടിയെ ഉപേക്ഷിച്ചത്. അതും ഒരു സ്ത്രീ. കൊല്ലം ലിങ്ക് റോഡിൽ നിന്നാണ് ഓട്ടോയിൽ കയറിയത്. ഈ മേഖലയിലെ സിസിടിവി പരിശോധിച്ചാൽ അവർ എങ്ങനെ ലിങ്ക് റോഡിൽ എത്തിയെന്ന് വ്യക്തമാകും. പക്ഷേ അത് പൊലീസ് ചെയ്യുന്നുണ്ടോ എന്ന് ആർക്കും അറിയില്ല.

കുട്ടിയുടെ കുടുംബത്തെ സംശയ നിഴലിൽ നിർത്തിയുള്ള ചില ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടക്കം മുതലേ ഉണ്ട്. അതിന് പിന്നാലെയാണ് പൊലീസും പായുന്നത്. അല്ലാതെ ആരാണ് ആ സ്ത്രീ എന്നു കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന സംശയം ശക്തമാണ്. ലിങ്ക് റോഡ് പരിസരത്ത് ക്യാമറകളുണ്ടാകും. ഈ ക്യമാറകളിൽ നിന്നും സ്ത്രീയും കുട്ടിയും വന്ന വഴി മനസ്സിലാകും. ഓയൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ അതേ ദിവസം മറ്റൊരു തട്ടിക്കൊണ്ടു പോകൽ ശ്രമം നടന്നു. അവിടുത്തെ കുട്ടിയിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി പൊലീസ് ഒരു രേഖാ ചിത്രം തയ്യാറാക്കി. ആ സ്ത്രീ തന്നെയാണ് ഓയൂരിലെ വില്ലത്തിയെന്ന് ഉറപ്പിക്കാനും പൊലീസിന് കഴിയുന്നില്ല. കുട്ടിയെ ചിത്രം കാണിച്ച് ചോദിക്കാനുള്ള സാഹചര്യവും ഇല്ല. ഇത് അന്വേഷണത്തിൽ പുതിയ വെല്ലുവളിയുമാണ്.

ആറു വയസുകാരിയെ നഗര മധ്യത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി 21 മണിക്കൂർ പിന്നിട്ടെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയോ തട്ടിക്കൊണ്ടുപോയ കാറോ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. പ്രധാന റോഡുകളിൽ പൊലീസ് പരിശോധന നടത്തുമ്പോഴും സംഘം ഓട്ടോയിൽ കറങ്ങിയത് വീഴ്ചയായി. പാരിപ്പള്ളിയിൽ കറങ്ങിയ ഓട്ടോയേയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഈ ഓട്ടോയേയോ ലിങ്ക് റോഡിൽ എത്തിയ വഴിയോ കണ്ടെത്തിയാൽ അതിവേഗം പ്രതികളിലേക്ക് പൊലീസിന് എത്താൻ കഴിയും. പക്ഷേ അതിന് പൊലീസ് താൽപ്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പ്രതികൾ കേരളം വിട്ടാൽ അവരിലേക്ക് എത്തുക അസാധ്യമാകും. അന്വേഷണത്തിലെ കാലതാമസം അതിനാകും വഴിയൊരുക്കുക.

കൊല്ലം ഓയൂർ ഓട്ടുമലയിൽനിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് അതേ ദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ സംഘം ലക്ഷ്യമിട്ടിരുന്നതായി സൂചനയുണ്ട്. ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുൻപ് പള്ളിക്കൽ മൂതല ഭാഗത്തെ സിസിടിവികളിൽ പതിഞ്ഞ ദുരൂഹതയുണർത്തുന്ന വെള്ള കാറിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഒറ്റയ്ക്ക് നിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് വരുന്ന വാഹനം വേഗം കുറയ്ക്കുന്നതും, കുട്ടിയുടെ അമ്മ വരുന്നതു കണ്ട് ഓടിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്. തിങ്കൾ 3.22 എന്നാണ് ദൃശ്യങ്ങളിലുള്ളത്. ഇതിൽ നിന്ന് തന്നെ ആസൂത്രിത ഗൂഢാലോചന വ്യക്തമാണ്.

ഈ സംഭവത്തിന് ശേഷം തിങ്കൾ നാലരയോടെയാണ് കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. മുത്തശിയാണ് കുട്ടികളെ സാധാരണ ട്യൂഷനു കൊണ്ടാക്കുന്നത്. മുത്തശി ഫോൺ എടുക്കാൻ വീട്ടിലേക്കു കയറിയപ്പോൾ കുട്ടികൾ റോഡിലേക്കിറങ്ങുകയായിരുന്നു. കുട്ടികളുടെ വീട്ടിൽനിന്ന് ട്യൂഷൻ എടുക്കുന്ന വീട്ടിലേക്ക് ഏകദേശം 200 മീറ്ററാണ് ദൂരം. മുൻപും ഈ കാർ ഇവിടെ കണ്ടിരുന്നതായി കുട്ടികൾ വീട്ടുകാരോട് പറഞ്ഞിരുന്നു. വെള്ള നിറത്തിലുള്ള കാർ സ്ഥലത്ത് ചുറ്റിത്തിരിയുന്നതായി നാട്ടുകാരിൽ ചിലരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളുടെ രേഖാചിത്രം കൂടി പൊലീസ് പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്നും പൊലീസിന് സംശയമുണ്ട്. പ്രതികളെ കണ്ടെത്താനായി 30 സ്ത്രീകളുടെ ചിത്രങ്ങൾ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. ആഘാതത്തിൽ നിന്ന് കുട്ടി പൂർണമായും മുക്തി നേടാൻ സമയമെടുക്കും. അതിനാൽ സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം.

കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പമുണ്ട്.കുട്ടിയെ തട്ടിയെടുത്ത ശേഷം സംഘം വർക്കല ഭാഗത്തേക്ക് പോയെന്നാണ് കരുതുന്നത്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.