കൊല്ലം: തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛന്റെ സാമ്പത്തിക ഇടപാടുകളും യുഎൻഎ ഭാരവാഹി എന്ന നിലയിലുള്ള പ്രവർത്തനവും പൊലീസ് പരിശോധിക്കുന്നു. നഴ്സ്സ് മേഖലയിൽ നടത്തുന്ന ഇടപെടലും ഇതര സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നഴ്സ് ജോലി വാഗ്ദാനം നടത്തി നടത്തിയിട്ടുള്ള ഇടപാടും അന്വേഷിക്കും. ഇയാളുടെ കുടുംബ ഇടപാടുകളിലേക്കും അന്വേഷണം നീളും. ഇതിന് വേണ്ടിയാണ് കുട്ടിയുടെ അച്ഛന്റെ മൊഴി വീണ്ടും എടുക്കുന്നത്.

വിദേശത്തുള്ള ഒരു ബന്ധുവുമായുള്ള സാമ്പത്തിക ഇടപാടും അന്വേഷണവിഷയമാണ്. സംഭവം നടന്നയുടൻ കുടുംബവുമായി എന്തെങ്കിലും തരത്തിലുള്ള വിരോധമാകാം തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. അതിനിടെയാണ് സാമ്പത്തിക ഇടപാടു സംബന്ധിച്ച വിവരം ലഭിച്ചത്. കുടുംബത്തിലെ പ്രശ്‌നങ്ങൾ ഉയർത്തി സോഷ്യൽ മീഡിയയിൽ പ്രചരണവും എത്തി. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോഴത്തെ അന്വേഷണം.

നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ പണം നൽകിയവർ കുറച്ചുനാളായി കുട്ടിയുടെ അച്ഛനോടും അസോസിയേഷനിലെ മറ്റു നേതാക്കളോടും പണം തിരികെ ആവശ്യപ്പെടുന്നുണ്ടായിരുന്നെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ടെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇതു തിരികെനൽകാൻ ആരും തയ്യാറായില്ല. ഇതിന്റെ ഭാഗമായാണോ തട്ടിക്കൊണ്ടുപോകലെന്നാണ് പരിശോധന.

കുഞ്ഞിനെ കൈക്കലാക്കി പണം തിരികെ വാങ്ങുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ, സംഭവം വലിയ വാർത്തയാകുകയും മാധ്യമങ്ങൾ പിന്നാലെ ഉണ്ടെന്നു മനസ്സിലാകുകയും ചെയ്തതോടെ ക്വട്ടേഷൻ സംഘം കുട്ടിയെ ഉപേക്ഷിച്ചുവെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇക്കാര്യങ്ങളൊന്നും കുട്ടിയുടെ അച്ഛൻ പൊലീസിനോടു പറയാൻ തയ്യാറായിട്ടില്ല. പലതവണ തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിച്ചെങ്കിലും ഒന്നും വിട്ടുപറയുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇത് അന്വേഷകസംഘത്തെ വലയ്ക്കുന്നുണ്ട്.

ഇയാളുടെ കുറേ വർഷത്തെ സാമ്പത്തിക ക്രയവിക്രയങ്ങളും പൊലീസ് അന്വേഷിക്കുന്നു. അബുദാബിയിലുള്ള ജ്യേഷ്ഠൻ ഭൂമി വാങ്ങാനും വീട് നിർമ്മിക്കാനും അയച്ചുനൽകിയ പണം ദുരുപയോഗം ചെയ്തെന്ന പരാതി കുടുംബത്തിലുണ്ടെന്ന വിവരവും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ദേശാഭിമാനി വിശദീകരിക്കുന്നു. അതിനിടെ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയെ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് രണ്ടാം കോടതിയിൽ ഹാജരാക്കി മൊഴിയെടുത്തു.

വ്യാഴം വൈകിട്ട് 5.30നാണ് അച്ഛനമ്മമാർക്കൊപ്പം പൊലീസ് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽനിന്ന് 6.30ന് കുട്ടി അച്ഛനമ്മമാർക്കൊപ്പം റൂറൽ എസ്‌പി ഓഫീസിൽ എത്തി ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു. തുടർന്ന് ഏഴിന് എസ്‌പി ഓഫീസിൽനിന്ന് കുട്ടിയെയും അച്ഛനമ്മമാരെയും പൊലീസ് ഓയൂരിലെ വീട്ടിൽ എത്തിക്കുകയായിരുന്നു. കേസിന്റെ അന്വഷണ പുരോഗതി വിലയിരുത്താനായി ചേർന്ന ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വ്യാഴം രാത്രി വൈകിയാണ് അവസാനിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ ഓയൂർ, പാരിപ്പള്ളി, ചിറക്കര, കല്ലുവാതുക്കൽ എന്നിവിടങ്ങളിലെ എല്ലാ ഊടുവഴികളും അറിയാവുന്നവർ ആണെന്നാണ് നിഗമനം. സംഭവത്തിനു മുമ്പ് പ്രതികൾ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു. വൻ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പിന്നെ കുട്ടിയുമായി സഞ്ചാരം നീലക്കാറിലായി. പൊലീസിനെ കബളിപ്പിക്കാനും ശ്രമങ്ങൾ നടന്നു. ഊടുവഴികളാണ് അധികവും ഉപയോഗിച്ചത്.

കാർ കണ്ടെത്താൻ പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ്. വെള്ളക്കാർ സ്വിഫ്റ്റ് ഡിസൈർ ആണെന്ന് ഉറപ്പിച്ചു. 2013-14 മോഡൽ സ്വിഫ്റ്റ് ഡിസൈർ കാർ പരിശോധിക്കുകയാണ് പൊലീസ്. കൊല്ലം റെയിൽവേ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. റെയിൽവേ പൊലീസും സഹകരിച്ചു. പ്രതികൾ ജില്ലയ്ക്ക് പുറത്തു പോയിട്ടുണ്ടോ എന്ന് സംശയിക്കുന്നു.