കൊട്ടാരക്കര: ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ചാകും ഇനി അന്വേഷണം നടത്തുക. പ്രതികളെ നാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകിയേക്കും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതാകുമാരി (45), മകൾ പി.അനുപമ (20) എന്നിവരെ തുടർ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വിധേയരാക്കും.

ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ നാലാമന് പങ്കുണ്ടോ എന്നതാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുക. അതിനിടെ അനുപമയ്ക്ക് കുറ്റകൃത്യത്തിൽ കൂടുതൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുട്ഊബർ കൂടിയായ അനുപമയ്ക്ക് ആർട്ടിഫിഷൽ ഇന്റലിജൻസിൽ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കൃത്രിമമായി ദൃശ്യങ്ങൾ ചമച്ചു പിടിക്കപ്പെട്ടതോടെയാണ് യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത് എന്നാണ് കണ്ടെത്തൽ. ഇതിന് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന പദ്ധതി ആവിഷ്‌കരിച്ചത്.

കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. ഡിവൈഎസ്‌പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഡോ.വന്ദനാദാസിനെ കുത്തികൊലപ്പെടുത്തിയ കേസും ഡിവൈഎസ്‌പി എം.എം.ജോസാണ് അന്വേഷിച്ചത്. 90 ദിവസത്തിനകം കുറ്റപത്രം നൽകി. ഇതിന് സമാനമായി ഈ കേസിലും അതിവേഗം കുറ്റപത്രം നൽകാനാണ് പദ്ധതി. ഇതിലൂടെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങുന്നത് തടയാമെന്നാണ് പ്രതീക്ഷ. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് അന്വേഷണ സംഘം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

പത്മകുമാറിനെ താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിലാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ ജി.സന്ദീപാണ് സെല്ലിൽ ഒപ്പമുള്ളത്. പത്മകുമാറിന്റെ സുരക്ഷയെ കരുതിയാണ് അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റിയതെന്ന് പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ പറഞ്ഞു. സെല്ലിൽ 24 മണിക്കൂറും ജീവനക്കാരുടെ നിരീക്ഷണമുണ്ട്. സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൂജപ്പുര ജയിലിൽ അതീവ സുരക്ഷയുള്ള 6 സെല്ലുകളാണുള്ളത്.

കൊല്ലം കലക്ട്രേറ്റിൽ സ്‌ഫോടനം നടത്തിയവർ ഉൾപ്പെടെ, ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ടവരാണ് അതീവ സുരക്ഷാ സെല്ലിലുള്ളത്. പത്മകുമാറിനെ മറ്റു പ്രതികൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ശാന്തമായാണ് പത്മകുമാർ പെരുമാറുന്നതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ആരോടും അധികം സംസാരമില്ല. കഴിഞ്ഞ ദിവസം അഭിഭാഷകനെത്തി പത്മകുമാറുമായി സംസാരിച്ചു. പത്മകുമാറിന്റെ ഭാര്യ എം.ആർ.അനിതകുമാരി , മകൾ പി.അനുപമ എന്നിവർ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്.

കഴിഞ്ഞ ദിവസം ജയിലിൽ ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ അനിതകുമാരി വികാരാധീനയായിരുന്നു. 'പറ്റിപ്പോയി, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല' ജയിൽ ഉദ്യോഗസ്ഥരോട് അനിത കുമാരി പറഞ്ഞു. ജയിലിൽ പൊതുവേ ശാന്തയായാണ് ഇവർ പെരുമാറുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തറ തുടയ്ക്കലാണ് അനിതകുമാരിക്ക് നൽകിയിരിക്കുന്ന ജോലി. അനിതകുമാരിയെയും കൂട്ടുപ്രതിയായ മകൾ അനുപമയെയും വെവ്വേറെ സെല്ലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. അനുപമയ്ക്ക് പ്രത്യേക ജോലിയൊന്നും നൽകിയിട്ടില്ല. സഹതടവുകാരോട് മിണ്ടാതെ സെല്ലിന്റെ മൂലയിൽ ഒരേ ഇരിപ്പാണ് അനുപമയെന്നാണ് റിപ്പോർട്ട്. തീർത്തും നിരാശയാണെന്നാണ് സൂചന.

അനുപമയ്ക്ക് യൂട്യൂബിൽ നിന്ന് അഞ്ചു ലക്ഷം രൂപവരെ മാസ വരുമാനം ഉണ്ടായിരുന്നതായി എഡിജിപി എംആർ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ജൂലൈ മാസത്തിൽ യുട്യൂബിൽ നിന്ന് പണം ലഭിക്കുന്നത് നിലച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ബുദ്ധി അനിതാകുമാരിയുടേത് യൂട്യൂബിൽ നിന്ന് വരുമാനം വന്നതുകൊണ്ടാകാം തട്ടിക്കൊണ്ടുപോകലിനുള്ള ആദ്യത്തെ ശ്രമം മാറ്റിവച്ചത്. തട്ടിക്കൊണ്ടുപോകലിനെ ആദ്യം എതിർത്ത അനുപമയും വരുമാനം നിലച്ചതോടെ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും എംആർ അജിത് കുമാർ പറഞ്ഞിരുന്നു.

ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവിൽനിന്നാണു കേസ് തെളിയിക്കാനായതെന്നും പ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു വ്യക്തമായതെന്നും എഡിജിപി പറഞ്ഞിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു നടന്നതെന്നും എഡിജിപി വിവരിച്ചു.'ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന ആളാണ്.

കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു. വളരെയധികം കടമുണ്ടായിരുന്നു. ഒരുവർഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു' - അജിത് കുമാർ പറഞ്ഞു.