- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 മണിക്കൂർ രക്ഷാകർത്താക്കളിൽനിന്ന് അകലേണ്ടി വന്ന കുട്ടിയെ ആഘാതത്തിൽനിന്നു പൂർണമായി മോചിപ്പിക്കാൻ രണ്ടുദിവസം കൂടി വേണ്ടിവരും; തട്ടിക്കൊണ്ടു പോയവർ മയക്കു മരുന്ന് നൽകിയില്ല; ഓയൂരിലെ വീട്ടിലേക്ക് അവരെ ഉടൻ വിടില്ല; വിവര ശേഖരണത്തിന് കരുതൽ തുടരും
കൊല്ലം: കുട്ടിക്ക് ആരോഗ്യപ്രശ്നമില്ലെങ്കിലും ഉടൻ വീട്ടിലേക്ക് വിടില്ല. ഓയൂരിൽ നിന്നും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിക്കും കുടുംബത്തിനും കൊല്ലം വിക്ടോറിയ ആശുപത്രിയിൽ കൗൺസലിങ് തുടരും. രണ്ടുദിവസം കൂടി കൗൺസലിങ് തുടരാൻ കഴിഞ്ഞ ദിവസം ചേർന്ന മെഡിക്കൽ ബോർഡ് യോഗം നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ അതിന് ശേഷവും കരുതൽ തുടരും. അതിനിടെ അന്വേഷണത്തിനെ സ്വാധീനിക്കുന്ന വിവരങ്ങൾ പുറത്ത് പോകാതിരിക്കാനാണ് ഇതെന്നും സൂചനയുണ്ട്.
ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്ന കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ഡിഎംഒ വസന്തദാസ് പറഞ്ഞു. സംഭവത്തിന്റെ ആഘാതത്തിൽനിന്ന് കുട്ടിയും സഹോദരനും മുക്തരായി വരുന്നതേയുള്ളു. 20 മണിക്കൂർ രക്ഷാകർത്താക്കളിൽനിന്ന് അകലേണ്ടിവന്ന കുട്ടിയെ ആഘാതത്തിൽനിന്നു പൂർണമായി മോചിപ്പിക്കാൻ രണ്ടുദിവസം കൂടി വേണ്ടിവരും. അച്ഛനമ്മമാർ ആശുപത്രിയിൽ ഒപ്പമുണ്ട്. കുട്ടി സന്തോഷവതിയാണ്. പൊലീസ് സുരക്ഷയുമുണ്ട്. ഇനിയും കുട്ടിയിൽ നിന്നും പൊലീസിന് വിവരം കിട്ടാനുണ്ട്. മാനസികാരോഗ്യം പൂർണ്ണമായും വീണ്ടെടുത്ത ശേഷമേ അതുണ്ടാകൂ. കുട്ടിക്ക് അറിയാവുന്ന കാര്യങ്ങൾ പുറത്ത് പോകാതിരിക്കാൻ കൂടിയാണ് ആശുപത്രിയിലെ വാസമെന്നും സൂചനയുണ്ട്. കുട്ടിയെ കാറിൽ തട്ടിക്കൊണ്ട് പോകുമ്പോൾ മയക്കുമരുന്ന് നൽകിയോ എന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലന്ന് പരിശോധനയിൽ തെളിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
ഡിഎംഒയുടെ നേതൃത്വത്തിൽ ആശുപത്രിയിലെ രണ്ട് ശിശുരോഗ വിദഗ്ദ്ധർ, രണ്ട് ഗൈനക്കോളജിസ്റ്റുകൾ, ജില്ലാ ആശുപത്രിയിലെ രണ്ട് സൈക്യാട്രിസ്റ്റുകൾ എന്നിവർ അംഗങ്ങളായ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശത്തിലാണ് ചികിത്സ. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടികൾക്കും അച്ഛനമ്മമാർക്കും കൗൺസലിങ് നൽകി. കൊല്ലം ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം ആകുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ് പ്രതിസന്ധിയിലാണ്. വാഹനങ്ങളെ കുറിച്ചോ പ്രതികളെ കുറിച്ചോ കൃത്യം ആയ വിവരം ഇല്ല. ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മേൽ വലിയ സമ്മർദ്ദമാണ്.
സിസി ടിവി ദൃശ്യങ്ങളും വാഹന പരിശോധനയും രേഖ ചിത്രങ്ങളും തയ്യാറാക്കിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ചകൾ വന്നുവോ എന്നതും പരിശോധിക്കുന്നുണ്ട്. കുറ്റവാളികളിലേക്ക് നയിക്കുന്ന ഒന്നും തന്നെ കണ്ടെത്താനും കഴിഞ്ഞില്ല. പ്രതീക്ഷ മുഴുവൻ കുട്ടിയിലാണ്. കുട്ടി ആരോഗ്യം വീണ്ടെടുത്ത ശേഷം നൽകുന്ന ഓരോ മൊഴിയും നിർണ്ണായകമാകും. അതോടെ എല്ലത്തിനും വ്യക്തത വരുമെന്ന് പൊലീസും പറയുന്നു. കൊല്ലം റൂറൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്‌പി മാരേയും കൊല്ലം സിറ്റിയിലെ എസിപിമാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഘം രാവും പകലും ഓട്ടത്തിലാണ്. ഡി.ഐ.ജി കൊല്ലത്ത് തന്നെ ക്യാമ്പ് ചെയുന്നുണ്ട്.
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ വാഹനം കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി കൊല്ലം റൂറൽ പൊലീസ്. കാറിന്റെ കെഎൽ 04 എഎഫ് 3239 നമ്പർ പ്ലേറ്റ് നിർമ്മിച്ച സ്ഥാപനങ്ങൾ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നാണ് നിർദ്ദേശം. അതേസമയം, ഈ നമ്പർ മലപ്പുറം എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കാറിന്റെ നമ്പർ ആണെന്ന് സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന് ഈ നമ്പർ വ്യാജമായി നിർമ്മിച്ചതാണെന്ന സംശയവും ഉയരുന്നുണ്ട്.
ചില സൂചനകൾ ഉണ്ടെന്ന് ആവർത്തിക്കുമ്പോഴും പ്രതികളിലേക്ക് എത്താൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഘത്തിലുള്ളവർ കൊല്ലം ജില്ലയിൽത്തന്നെ ഉണ്ടെന്നാണ് പൊലീസ് നിഗമനം. ഇവർ രാത്രി തങ്ങിയ വലിയ വീടിനെക്കുറിച്ചും വ്യക്തതയില്ല. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമല്ലെന്നും ഇവർക്ക് പുറത്തുനിന്നു സഹായം ലഭിച്ചതായും പൊലീസ് സംശയിക്കുന്നു. തട്ടിക്കൊണ്ടുപോകലിനു പിന്നിൽ പ്രഫഷണൽ സംഘമല്ലെന്നാണ് പൊലീസ് ഉറപ്പിച്ച് പറയുന്നത്. സംഭവത്തിൽ ഒട്ടേറെ ദുരൂഹതകൾ ഉള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തുടർന്ന് നാല് സംഘങ്ങളായി പിരിഞ്ഞ് നഗരത്തിലും പരിസരത്തുമുള്ള ചില കേന്ദ്രങ്ങളിൽ പരിശോധനകളും നടത്തി. മുമ്പ് സാമ്പത്തികതട്ടിപ്പിൽ ഉൾപ്പെട്ട സ്ത്രീകൾ അടക്കമുള്ളവരുടെ വിവരങ്ങൾ സ്‌പെഷൽ ബ്രാഞ്ച് പൊലീസ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ