- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിയെ കണ്ടെത്താൻ കുട്ടിയെ കാണിച്ചത് 30 ചിത്രങ്ങൾ; ഭയമാകുന്നുവെന്ന് പറഞ്ഞതോടെ ആ രീതിയിലെ ചോദ്യം ചോദിക്കൽ മതിയാക്കി; കാർ യാത്രയ്ക്കിടെ ബഹളമുണ്ടാക്കാതിരിക്കാൻ മയക്കു മുരന്ന് നൽകിയെന്നും സംശയം; കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനയ്ക്ക്; തെളിവ് രേഖാചിത്രം മാത്രം
കൊല്ലം: ഓയൂരിലെ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. ഇതുറപ്പിക്കാൻ കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. ഈ പരിശോധനാ ഫലം നിർണ്ണായകമാകും.
പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. ഈ ചിത്രവും കുട്ടിയെ സാവധാനം കാണിക്കും. അതിനിടെ കുട്ടിയുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്.
പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാണ്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. പൊലീസിന്റെ കൈയിൽ രേഖാ ചിത്രം മാത്രമാണ് തെളിവായുള്ളത്.
അതിനിടെ കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു. നല്ലരീതിയിലാണ് അന്വേഷണം പോകുന്നതെന്നാണ് മനസിലാക്കുന്നതെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊലീസ് നന്നായിത്തന്നെ അന്വേഷണം മുന്നോട്ടുകൊണ്ടുപോയി. പ്രതികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത ഒരു സാഹചര്യത്തിലേക്കെത്തി. മാധ്യമങ്ങളും ജനങ്ങളും വളരെ ജാഗരൂകരായി. എല്ലാ സംവിധാനങ്ങളും ഏകോപിച്ച് നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി കൊല്ലം ജില്ലയിൽ നിന്ന് പുറത്തേക്കുപോകാൻ സംഘത്തിനു കഴിഞ്ഞില്ല. അധികം വൈകാതെ തന്നെ പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി. രാജീവ് പറഞ്ഞു.
ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയവർ കൊല്ലം ജില്ലക്കാർ തന്നെയെന്ന സംശയത്തിലാണ് പൊലീസ്. തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് വർക്കല കല്ലുവാതുക്കൽ ഭാഗത്തേക്കാണെന്ന് പൊലീസിനു സൂചന ലഭിച്ചു. അന്നു രാത്രി ഒറ്റ നിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് കുട്ടി പൊലീസിനു മൊഴി നൽകി. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ പ്രദേശവാസികൾ തന്നെയാണെന്ന സംശയം ആദ്യം മുതൽക്കേ പൊലീസിനുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ കാർ ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ കുട്ടിയെ യുവതിയും സംഘവും കൊല്ലം നഗരത്തിലെത്തിച്ചത്. ഓട്ടോയിലും സംഘം സഞ്ചരിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ