കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ തുടർ ചോദ്യം ചെയ്യൽ നിർണ്ണായകമാകും. പൊലീസിന്റെ ചില വാദങ്ങൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ 27 മുതൽ നടന്ന സംഭവങ്ങളുമായി പൊരുത്തപ്പെടുന്നവയല്ലെന്നതാണ് വസ്തുത. തട്ടിക്കൊണ്ടു പോകലിൽ കാറിൽ സ്ത്രീകളടക്കം 4 പേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരന്റെ മൊഴി. എന്നാൽ, അപ്പോഴത്തെ അങ്കലാപ്പിലാണ് ഇങ്ങനെ പറഞ്ഞതെന്നും കേസിൽ പത്മകുമാർ, ഭാര്യ, മകൾ എന്നിവർക്കു മാത്രമാണു പങ്കെന്നും എഡിജിപി എം.ആർ.അജിത്കുമാർ പറയുന്നു. പലവിധ സംശയങ്ങളുണ്ട്. ഇതെല്ലാം പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ മാറുമെന്നാണ് പൊലീസ് പ്രതീക്ഷ.

28നു പുലർച്ചെ പുറത്തുവിട്ടത് ആരുടെ രേഖാചിത്രം എന്ന ചോദ്യവും സജീവം. പൊലീസ് പറയുന്നതനുസരിച്ചാണെങ്കിൽ പത്മകുമാറും ഭാര്യ അനിതകുമാരിയും പാരിപ്പള്ളി കിഴക്കനേലയിലെ കടയിൽ സാധനം വാങ്ങാൻ പോയിരുന്നു. ഇവിടെനിന്നു ഫോൺ വാങ്ങിയാണു കുട്ടിയുടെ അമ്മയെ വിളിച്ചത്. സ്ത്രീക്കൊപ്പമുണ്ടായിരുന്ന പുരുഷന്റേതെന്നു പറഞ്ഞു തയാറാക്കിയ ആ രേഖാചിത്രത്തിനു പത്മകുമാറുമായി ഒട്ടും രൂപസാദൃശ്യമില്ല. ആ രേഖാ ചിത്രം കഷണ്ടിക്കാരന്റേതല്ല. ഇതാണ് കഥകളിലെ ഏറ്റവും വലിയ പൊരുത്തക്കേട്. നാലാമന്റെ സാന്നിധ്യത്തിന് തെളിവാണ്. സ്ത്രീയെ കുറിച്ചുള്ള അവരുടെ വിശദീകരണവും അനിതാ കുമാരിയുമായി യോജിക്കുന്നതല്ല.

പത്മകുമാറിന് 5 കോടിയുടെ ബാധ്യതയെന്നു പൊലീസ് പറയുന്നു. 1.1 കോടി ബാധ്യതയുടെ വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേരള ബാങ്കിൽ 60 ലക്ഷം, ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിൽ 10 ലക്ഷം, ചാത്തന്നൂർ അർബൻ ബാങ്കിൽ 25 ലക്ഷം, നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ 15 ലക്ഷം രൂപ എന്നിങ്ങനെ. പോളച്ചിറയിൽ 3 ഏക്കർ വസ്തു, തമിഴ്‌നാട്ടിൽ കൃഷി, ആഡംബര വീട്, 2 കാറുകൾ എന്നിവയുണ്ട്. 2 കാറു വിറ്റാലും ഈ ബാധ്യത തീർക്കാം. മകൾക്ക് യുട്യൂബിൽനിന്ന് മാസം 3.8 5 ലക്ഷം രൂപ വരുമാനം കിട്ടിയിരുന്നുവെന്ന പൊലീസ് വാദവും സാമ്പത്തിക പ്രതിസന്ധിയുമായി ചേരുന്നതല്ല.

കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം അനിതകുമാരിയും പത്മകുമാറും ഓട്ടോറിക്ഷയിൽ കൊല്ലം നഗരത്തിൽ തന്നെയുള്ള ബിഷപ് ജെറോം നഗറിൽ എത്തിയെന്നു പൊലീസ് പറയുന്നു. ഇത്തരത്തിൽ മഞ്ഞ ചുരിദാർ ധരിച്ച സ്ത്രീ ആശ്രാമം മൈതാനത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറിയെന്ന് ഇതുവരെ ഒരു ഓട്ടോ ഡ്രൈവറും വെളിപ്പെടുത്താത്തതും ദുരൂഹം. ഇതോടെ കൂടുതൽ ഓട്ടോക്കാരും ഇതുമായി സഹകരിച്ചുവെന്ന സംശയം ശക്തമാകുകയാണ്. പക്ഷേ പൊലീസ് മൂന്നേ പേരിലേക്ക് അന്വേഷണം ചുരുക്കുന്നു. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ എന്തെങ്കിലും കിട്ടിയാൽ മാത്രമേ ആ നിലയിലേക്ക് അന്വേഷണം കടക്കൂ.

പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20)എന്നിവരെ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്മകുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും ഭാര്യയെയും മകളെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി. തെങ്കാശിയിൽ നിന്ന് അടൂർ ബറ്റാലിയൻ ക്യാമ്പിലെത്തിച്ച് വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്ത പ്രതികളെ ഇന്നലെ പൂയപ്പള്ളി സ്റ്റേഷനിൽ കൊണ്ടുവന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പൊലീസിന്റെ വെളിപ്പെടുത്തലുകൾ വിശ്വസനീയമല്ലെന്ന വാദം ശക്തമാണ്. മൂന്നു പേർക്കേ നേരിട്ട് ബന്ധമുള്ളൂ, സഹോദരനു നേരെ നീട്ടിയ കത്തിൽ സംഘം തങ്ങളുടെ ഫോൺ നമ്പർ രേഖപ്പെടുത്തിയിരുന്നു എന്നീ കാര്യങ്ങളിലാണ് സംശയം. അമ്മയ്ക്ക് കൊടുക്കാനെന്നപേരിൽ ഒരു കത്ത് തനിക്കുനേരേ നീട്ടിയതായി ബാലികയുടെ സഹോദരന്റെ മൊഴിയുണ്ട്.

പ്രതികളെ ബന്ധപ്പെടാനായി ഫോൺ നമ്പർ എഴുതിയ പേപ്പർ ആയിരുന്നു. 'നിങ്ങളുടെ മകൾ സുരക്ഷിതയാണ്. ഞങ്ങൾക്ക് 10 ലക്ഷം രൂപയുടെ ആവശ്യമുണ്ട്. അത് നൽകിയാൽ കുട്ടിയെ വിട്ടുനൽകാ'മെന്നാണ് കത്തിൽ എഴുതിയിരുന്നതത്രെ! പെൺകുട്ടിയെ തട്ടിയെടുക്കുന്നതിനിടയിൽ പേപ്പർ സഹോദരനെ ഏൽപ്പിക്കാനായിരുന്നു നീക്കം. പിടിവലിക്കിടയിൽ പേപ്പർ കാറിനുള്ളിൽ വീണു. ഇതു വീട്ടിലെത്തിയശേഷം കത്തിച്ചുകളഞ്ഞു. പത്മകുമാറിന്റെ ചാത്തന്നൂരിലെ ബേക്കറിയുടെ ബോർഡിലുള്ള നമ്പരാണ് പേപ്പറിൽ എഴുതിയിരുന്നതെന്നും പൊലീസ് പറയുന്നു!

തട്ടിക്കൊണ്ടുപോകാൻ പഴുതടച്ച പ്ലാൻ തയ്യാറാക്കിയവർ തങ്ങളുടെ കടയുടെ ബോർഡിലുള്ള ഫോൺ നമ്പർ കത്തിൽ എഴുതി നൽകുന്ന വിഡ്ഢിത്തം കാട്ടുമോ വീട്ടുകാർ കത്ത് പൊലീസിന് കൈമാറിയാൽ ഉടൻ പിടിയിലാകുമെന്ന് ആസൂത്രണം നടത്തിയവർക്കില്ലേ തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. സംഘം സഞ്ചരിച്ച കാറിനൊപ്പം പലയിടങ്ങളിലും സംശയാസ്പദമായ രീതിയിൽ ബൈക്കുകളും സഞ്ചരിക്കുന്നുണ്ട്. എന്നിട്ടും മൂന്നു പേർക്കേ നേരിട്ട് പങ്കുള്ളൂവെന്നാണ് പൊലീസ് വാദം.