- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി; ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു; മകളുടെ നോട്ടു ബുക്കിലും 'ഡാറ്റ'! ആസൂത്രണം തെളിയിക്കുന്നത് വൻ മാഫിയാ ഗൂഢാലോചന; അന്വേഷണത്തോട് സഹകരിക്കാതെ ആ കുടുംബം
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ വൻ മാഫിയയുണ്ടെന്ന് അന്വേഷണ സംഘത്തിനും സംശയം. പുതിയ തെളിവുകൾ പുറത്തുവിട്ട് അന്വേഷണ സംഘം പുതിയ തലത്തിലേക്ക് കടക്കുകയാണ്. പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും അതിനായി ആസൂത്രണം നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇത് സ്ഥിരീകരിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്തമകുമാറിനെ വിശദമായി ചോദ്യം ചെയ്തു. ഭാര്യ അനിതയേയും മകൾ അനുപമയേയും വീട്ടും ചോദ്യം ചെയ്യും. അതിൽ നിന്നും മാഫിയാ ബന്ധത്തിലേക്ക് തെളിവ് കിട്ടുമെന്നാണ് സൂചന. നിലവിൽ അന്വേഷണത്തോട് അവർ പൂർണ്ണമായും സഹകരിക്കുന്നില്ല.
പ്രതികൾ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി തുടക്കത്തിൽ തന്നെ സംശയം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ അനുപമയുടെ നോട്ട്ബുക്കുകളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ തയ്യാറാക്കിയ പദ്ധതികളുടെ രേഖകൾ ലഭിച്ചതായി അന്വേഷണ സംഘം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളെ ഇവർ ഉന്നം വച്ചിരുന്നതിന്റെ തെളിവാണിത്. വിവാദമായതു കൊണ്ടും ഒളിപ്പിക്കാൻ കഴിയാത്തതും കൊണ്ടാണ് ഓയൂരിലെ കുട്ടിയെ വെറുതെ വിട്ടത്. അല്ലാത്ത പക്ഷം ഈ കുട്ടിയെ മറ്റാർക്കോ കൈമാറുകയായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. വലിയ ഗൂഢാലോചന ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ പത്മകുമാർ ഒന്നും പറയുന്നില്ല. ആരേയോ രക്ഷിക്കാനാണ് ശ്രമം.
ചോദ്യങ്ങളിൽ പലതിനും കൃത്യമായ മറുപടി നൽകാതെ മൗനം പാലിക്കുകയാണ് പ്രതികളെന്ന് അന്വേഷണ സംഘം അറിയിച്ചു .കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി പ്രതികളെ ഏഴ് ദിവസത്തേക്കാണ് ഇന്നലെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ വിട്ടുനൽകിയത്. പ്രതികളുടെ മൊഴികൾ നിലവിലുള്ള തെളിവുകളുമായി ഒത്തുനോക്കിയാണ് ചോദ്യം ചെയ്യൽ. തട്ടിക്കൊണ്ടു പോകൽ നടന്ന പൂയപ്പള്ളി, കടന്നുപോയ വഴികൾ, ഒളിവിൽ പാർപ്പിച്ച ചാത്തന്നൂരിലെ പ്രതികളുടെ വീട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. മറ്റു ചിലർക്കും ഇവരുടെ മാഫിയാ ബന്ധത്തെ കുറിച്ച് അറിയാമെന്നും സൂചനയുണ്ട്. എന്നാൽ ഇതിലേക്ക് അന്വേഷണം കടക്കുന്നതിന് ചില തടസ്സങ്ങൾ അന്വേഷകർക്ക് മുമ്പിലുണ്ടെന്നും സൂചനകളുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണ ഏജൻസിയായ ജില്ലാ ക്രൈംബ്രാഞ്ച് പ്രതികളെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങുന്നതോടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. കടബാധ്യത സംബന്ധിച്ച നിലവിലുള്ള വിശദീകരണങ്ങൾ അന്വേഷണസംഘം വിശ്വസിക്കുന്നില്ല. വായ്പകൾമൂലമുള്ള കടബാധ്യതയെക്കാൾ ഓൺലൈൻ വാതുവെപ്പു പോലുള്ള ഇടപാടുകളിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു അന്വേഷണവും നടത്തും. നരബലിയിലേയും ആവയവ കടത്ത് മാഫിയയിലേക്കും സംശയങ്ങൾ നീളുന്നുണ്ട്. ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. കേസിൽ നാലാമനുണ്ടെന്ന അഭ്യൂഹം ശക്തമാണ്.
പത്മകുമാർ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറിയും നോട്ട് ബുക്കും പൊലീസിനു ലഭിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് കുട്ടികളെ തട്ടിയെടുക്കാൻ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങൾ, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പത്മകുമാർ വിശദമായി പഠിച്ചിരുന്നു. 25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാനായിരുന്നു ആലോചന. ഇതിൽ ആദ്യത്തേതായിരുന്നു ഓയൂരിലേത്.
ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പത്മകുമാർ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു. ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കുഞ്ഞയ്യപ്പക്ഷേത്രപരിസരത്തെ വീടിനടുത്ത് മൂന്നുമണിക്കൂറോളം ചെലവഴിച്ചതായി പൊലീസ് കണ്ടെത്തി. എന്നാൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു.
ഓയൂരിനടുത്ത് കാറ്റാടിയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് നവംബർ 27-ന് വൈകീട്ട് 4.20-നാണ്. ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാർ പലയിടങ്ങളിൽ ചുറ്റുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പലയിടത്തും തട്ടിയെടുക്കൽശ്രമം പരാജയപ്പെട്ടതായി പ്രതി പൊലീസിനോട് പറഞ്ഞു. ഒരു കുട്ടിയെമാത്രം തട്ടിയെടുത്ത് പത്തുലക്ഷം രൂപ കൈക്കലാക്കാനായിരുന്നില്ല പത്മകുമാർ ഉദ്ദേശിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലമനുസരിച്ച് മൂന്നുലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു തീരുമാനം.
പിടിക്കപ്പെടുമെന്ന ചിന്ത ആസൂത്രണവേളയിലൊന്നും കുടുംബത്തിനുണ്ടായിരുന്നില്ലെന്നും ഇതിന്റെ ആത്മവിശ്വാസത്തിലാണ് പത്മകുമാറും അനിതയും അനുപമയും മുന്നോട്ടുപോയിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ