- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതിനൊപ്പം ഒറ്റയ്ക്കു താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും പദ്ധതിയിട്ടു! ഹണിട്രാപ്പിന് പദ്ധതികളൊരുക്കി എല്ലാം ഡയറിയിൽ കുറിച്ചു; ചാത്തന്നൂരിലെ 'വില്ലൻ' കുടുംബം ആളു ചില്ലറക്കാരല്ല; ആ ഫാം ഹൗസിൽ നിറയുന്നത് അസ്വാഭാവികത മാത്രം
കൊല്ലം: ഓയൂർ കാറ്റാടിയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പത്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടുവെന്ന് വ്യക്തമായി. ഇതിന്റെ വിവരങ്ങൾ അനിതകുമാരിയും അനുപമയും ചേർന്ന് എഴുതിയ കുറിപ്പുകളിൽനിന്ന് പൊലീസിനു ലഭിച്ചു. ഇതോടെ ഇവർക്ക് പിന്നിൽ വൻ മാഫിയയുണ്ടെന്ന സൂചനകളും വരികയാണ്. നരബലിയിലേയ്ക്കും അവയവ കച്ചവട മാഫിയയിലേക്കുമെല്ലാം സംശയം നീളുകയാണ്.
ഒറ്റയ്ക്കു താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും പദ്ധതിയിട്ടു. ഇതിനായി വിവിധ സ്ഥലങ്ങളിൽ പോയി വൃദ്ധരെ നിരീക്ഷിച്ച് അവരുടെ മാല, വള, കമ്മൽ എന്നിവയുടെ വിവരങ്ങൾ എഴുതിവെച്ചു. കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവങ്ങളുണ്ടെന്നും അത് ഒതുക്കിത്തീർക്കണമെങ്കിൽ പണം നൽകണമെന്നും പറഞ്ഞ് തട്ടിപ്പിനു പദ്ധതി തയ്യാറാക്കി.
പൊളിഞ്ഞതും പൊളിയാറായതുമായ കെട്ടിടങ്ങൾ അങ്ങിങ്ങ്...നായ്ക്കളെയും പശുക്കളെയും പാർപ്പിക്കാനുള്ളത് വേറെ. സംരക്ഷണമില്ലാതെ നശിക്കുന്ന ഫലവൃക്ഷങ്ങളും അലങ്കാരച്ചെടികളും-പത്മകുമാറിന്റെ തെങ്ങുവിളയിലെ ഫാം ദുരൂഹതകളുടേതാണ്. യഥാവിധം നോക്കിനടത്തിയിരുന്നെങ്കിൽ ഇവിടെനിന്നുമാത്രം പത്മകുമാറിന് ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കാമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികപ്രതിസന്ധിയുണ്ടായിട്ടും ഫാം വിൽക്കാനോ നന്നായി നോക്കിനടത്താനോ ഇയാൾ തയ്യാറാകാത്തതും സംശയത്തിനിടയാണ്.
കാറിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുമ്പോൾ ഉപയോഗിക്കാൻ തയ്യാറാക്കിയ വ്യാജ നമ്പർ പ്ലേറ്റുകൾ പ്രതികൾ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് പല കഷണങ്ങളായി മുറിച്ച് വിവിധയിടങ്ങളിൽ ഉപേക്ഷിച്ചിരുന്നു. പത്മകുമാറിന്റെ ഒഴുകുപാറയ്ക്കടുത്ത് തെങ്ങുവിളയിലുള്ള ഫാമിൽ ഞായറാഴ്ച നടന്ന തെളിവെടുപ്പ് ഒന്നരമണിക്കൂറോളം നീണ്ടു. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം പ്രതികൾ ഫാം ഹൗസിലെത്തിയിരുന്നു. മാമ്പള്ളികുന്നത്തെ വീട്ടിലുണ്ടായിരുന്ന നായ്ക്കളെ ഇവിടേക്ക് മാറ്റാനായിരുന്നു ഇത്.
പ്രതികൾ തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയുടെ കൈയിലുണ്ടായിരുന്ന പെൻസിൽ ബോക്‌സ് ഫാമിൽനിന്ന് അടുത്ത പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത് കണ്ടെടുത്തു. ശനിയാഴ്ച മാമ്പള്ളികുന്നത്തെ വീട്ടിൽവച്ച് ചോദ്യംചെയ്തപ്പോൾ കുട്ടിയുടെ ബാഗ് ഫാമിൽവച്ച് കത്തിച്ചുകളഞ്ഞതായി പ്രതികൾ മൊഴിനൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഫാമിൽ നായ്ക്കളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിനുസമീപം ചാരം കിടന്നയിടത്തുനിന്ന് ബാഗിന്റെ അവശിഷ്ടങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. അനിതകുമാരിയെ അടുത്തുള്ള വയലിനരികിലേക്ക് കൊണ്ടുപോയും തെളിവെടുത്തു. ഫാം ഹൗസിലെ ജീവനക്കാരി ഷീബയിൽനിന്നു വിവരങ്ങൾ തേടി. പ്രതികൾ ഒളിവിൽ കഴിഞ്ഞ തെങ്കാശിയിലും തെളിവെടുപ്പ് നടത്തി.
പ്രതികൾ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് കുളത്തുപുഴ ആര്യങ്കാവ് ഭാഗത്ത് കാടിൽ ചുരുട്ടി മടക്കി എറിഞ്ഞ നിലയിലായിരുന്നു. സംഭവ ദിവസം കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടലിലും തെളിവുകൾ ശേഖരിച്ചു. പ്രതികളെ പിടികൂടിയ തമിഴ്‌നാട്ടിലെ പുളിയറയിലും ഒളിവിൽ കഴിഞ്ഞ തെങ്കാശി കൃഷ്ണ ലോഡ്ജിലും തെളിവെടുത്തു.
കഴിഞ്ഞ മാസം 30 തിന് രാത്രി 11 മണിക്കെത്തിയ പ്രതികൾ എസി ഡബിൾ റൂമെടുത്തു പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം റൂം വെക്കേറ്റ് ചെയ്തതായി സൂചന 1800 രൂപയും ആധാർ രേഖകളും നൽകിയാണ് റൂം എടുത്തത്. ഇനി കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം കൊല്ലം ബിഷപ്പ് ജറോം നഗറിലും വരും ദിവസങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുക്കും.
മറുനാടന് മലയാളി ബ്യൂറോ