കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കൊട്ടാരക്കര മജിസ്ട്രേറ്റിന് മുന്നിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സുരക്ഷയിലാണ് കുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള യാത്ര. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ് പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നും പൊലീസിന് പിടികിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ വിശദമായ അന്വേഷണത്തിലേക്കാണ് പൊലീസും കടക്കുന്നത്.

വീട്ടിലെത്തുന്ന കുട്ടിയെ കാണാനെത്തുന്ന സന്ദർശകർക്ക് പൂർണനിയന്ത്രണം ഏർപ്പെടുത്തും. കുഞ്ഞിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്നുമാണ് മൊഴി നൽകിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാ ചിത്രം തയ്യാറാക്കി. രേഖാ ചിത്രം കൊല്ലം എസിപി ഇന്നുതന്നെ കൊട്ടാരക്കരയിലെ അന്വേഷണസംഘത്തിന് കൈമാറി

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്റെ ഫ്‌ളാറ്റിൽ പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റിലാണ് പരിശോധന. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയുടെ അച്ഛൻ ജോലി ചെയ്തിരുന്നത്. പിതാവിനോട് വൈരാഗ്യമുള്ളവർ ആരെങ്കിലുമാണോ തട്ടിക്കൊണ്ടു പോയത് എന്നത് അടക്കം പരിശോധിക്കുന്നുണ്ട്.

എന്നാൽ പൊലീസ് ഒരു കാര്യവും സ്ഥിരീകരിച്ചിട്ടില്ല. കേസിൽ മാഫിയ സംഘങ്ങളുടെ ഇടപെടലും പൊലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. അതിനിടെ, കുട്ടിയെ ആശ്രാമം മൈതാനത്തുകൊണ്ടെത്തിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പകൽ 1.14 ന് കുട്ടിയെ ഒക്കത്തിരുത്തി ഒരു സ്ത്രീ ഓട്ടോയിൽ നിന്നിറങ്ങി മൈതാനത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

പട്ടാപ്പകൽ ചിന്നക്കടയിൽ നിന്ന് കാൽനടയായി കൊല്ലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തി ലിങ്ക് റോഡ് വഴി ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീയെയും കുട്ടിയേയും ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറുന്നതുവരെ ആരും തിരിച്ചറിഞ്ഞില്ല. ഓട്ടോയിൽ മൈതാനത്തേക്ക് സഞ്ചരിച്ചത് അര കിലോമീറ്റർ ദൂരമാണ്. ഓട്ടോയിൽ കയറിയ സ്ഥലത്തിന് തൊട്ടടുത്താണ് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസ്. മൈതാനത്ത് എത്തിയ സമയം ഒരു പൊലീസ് ജീപ്പ് അതുവഴി കടന്നു പോയതായും വിവരമുണ്ട്. ആരാണ് ആ സ്ത്രീയെന്ന് കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. സംഘം പാരിപ്പള്ളിയിൽ കറങ്ങിയ ഓട്ടോ കണ്ടെത്തിയാൽ പ്രതികളിലേക്കും എത്താൻ കഴിയും. എന്നാൽ ഇക്കാര്യത്തിലും പൊലീസ് അന്വേഷണം മുമ്പോട്ട് പോകുന്നില്ല.

അതിനിടെ കൊല്ലം ഓയൂരിൽ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ കേരളം വിടാൻ സാധ്യതയില്ലെന്നും പ്രതികളെ പൊലീസ് ഉടൻ പിടികൂടുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.

2014 ന് ശേഷം രജിസ്റ്റർ ചെയ്ത സ്വഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് മോട്ടോർ വാഹന വകുപ്പിനോടും കാർ കമ്പനിയോടും തേടിയിട്ടുണ്ട്. റേഞ്ച് ഡിഎജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ തുടർച്ചയായ ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഓട്ടോയെ പറ്റിയും ഇതുവരെ ഒരു സൂചനയുമില്ല. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളുമായി ബന്ധപ്പെട്ടും ഇതുവരെ വിവരമില്ല.