തിരുവനന്തപുരം: കൊല്ലം ഓയൂരിലെത്തിയ തട്ടിക്കൊണ്ടു പോകൽ സംഘം കൂടുതൽ പേരെ ലക്ഷ്യമിട്ടിരുന്നോ എന്ന് സംശയം. ഇത് ശരിവെക്കുന്ന വിധത്തിലാണ് പുറത്തുവരുന്ന സിസി ടിവി ദൃശ്യങ്ങൾ. ഓട്ടുമലയിൽ നിന്ന് അബിഗേലിനെ (6) തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് അതേ ദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ സംഘം ലക്ഷ്യമിട്ടിരുന്നോ എന്ന സംശയമാണ് ഇതോടെ ശക്തമാകുന്നത്.

അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുൻപ് പള്ളിക്കൽ മൂതല ഭാഗത്തെ സിസിടിവികളിൽ പതിഞ്ഞ ദുരൂഹതയുണർത്തുന്ന വെള്ള കാറിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഒറ്റയ്ക്ക് നിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് വരുന്ന വാഹനം വേഗം കുറയ്ക്കുന്നതും, കുട്ടിയുടെ അമ്മ വരുന്നതു കണ്ട് ഓടിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്. തിങ്കൾ 3.22 എന്നാണ് ദൃശ്യങ്ങളിലുള്ളത്.

തിങ്കൾ നാലരയോടെയാണ് കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്ന് അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നത്. മുത്തശിയാണ് കുട്ടികളെ സാധാരണ ട്യൂഷനു കൊണ്ടാക്കുന്നത്. മുത്തശി ഫോൺ എടുക്കാൻ വീട്ടിലേക്കു കയറിയപ്പോൾ കുട്ടികൾ റോഡിലേക്കിറങ്ങുകയായിരുന്നു. കുട്ടികളുടെ വീട്ടിൽനിന്ന് ട്യൂഷൻ എടുക്കുന്ന വീട്ടിലേക്ക് ഏകദേശം 200 മീറ്ററാണ് ദൂരം. മുൻപും ഈ കാർ ഇവിടെ കണ്ടിരുന്നതായി കുട്ടികൾ വീട്ടുകാരോട് പറഞ്ഞിരുന്നു. വെള്ള നിറത്തിലുള്ള കാർ സ്ഥലത്ത് ചുറ്റിത്തിരിയുന്നതായി നാട്ടുകാരിൽ ചിലരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ആറു വയസുകാരിയായ അബിഗേൽ റെജിയെ നഗര മധ്യത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി 21 മണിക്കൂർ പിന്നിട്ടെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയോ തട്ടിക്കൊണ്ടുപോയ കാറോ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകൾ വന്നതിനുശേഷമാണ് പൊലീസ് അന്വേഷണം സജീവമാക്കിയത്. പ്രധാന റോഡുകളിൽ പൊലീസ് പരിശോധന നടത്തുമ്പോഴും സംഘം ഓട്ടോയിൽ കറങ്ങിയത് വീഴ്ചയായി.

സി.സി.ടി.വി ദൃശ്യങ്ങളും രേഖാചിത്രവും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണെങ്കിലും പ്രതികളെ പിടികൂടാനാവാത്തത് കനത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. അബിഗേലിനെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് പനയ്ക്കൽ ജംക്ഷനിലെ വീട്ടിലെത്തിയ സ്ത്രീയുടെ രേഖാചിത്രമാണിത്. പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്നാണ് നിഗമനം. അബിഗേലിന്റെ സഹായത്തോടെ പ്രതികളുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡി.ഐ.ജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല.

തട്ടിക്കൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ട ഓയൂരിലെ ആറുവയസ്സുകാരി അബിഗേൽ ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും. നിലവിൽ ഗവ. വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും നടന്ന സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായും മുക്തമായിട്ടില്ല. ആരോഗ്യനില വിലയിരുത്തിയ ശേഷമാകും ബന്ധുക്കൾക്കൊപ്പം വിടുക.

അതേസമയം, അബിഗേലിനെ വരവേൽക്കാനൊരുങ്ങുകയാണ് നാട്ടുകാർ. അബിഗേലിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിലെത്തിയിരുന്നു. ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ ആരെയും വ്യക്തിപരമായി സംശയമില്ലെന്നാണ് അച്ഛൻ റെജി പറയുന്നത്. സംഭവത്തിന് പിന്നിൽ എന്താണെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.