കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടു പോകലിന് പിന്നിലെ സ്ത്രീയെ കുറിച്ച് പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. വീട്ടിലേക്ക് വിളിച്ച സ്ത്രീ ശബ്ദത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും കഴിയുന്നില്ല. അതിനിടെ പൊലീസ് നാടടച്ചു തിരച്ചിൽ നടത്തുമ്പോൾ പ്രതിയെന്നു സംശയിക്കുന്ന സ്ത്രീ കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കയറ്റി അബിഗേലിനെ ആശ്രാമം മൈതാനത്തെത്തിച്ച ശേഷം കടന്നുകളഞ്ഞത് പൊലീസിന് നാണക്കേടാണ്. ഇവരെ കുട്ടിക്ക് അറിയാമെന്നതാണ് ഏക ആശ്വാസം. അതുകൊണ്ട് തന്നെ ഇവരുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണു പൊലീസ്.

ആശ്രാമം മൈതാനത്ത് കുട്ടിയെ തിരിച്ചറിഞ്ഞ എസ്എൻ കോളജ് വിദ്യാർത്ഥിനികളാണു പൊലീസിൽ വിവരം അറിയിച്ചത്. തുടർന്നെത്തിയ പൊലീസ് കുട്ടിയെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് എആർ ക്യാംപിലും എത്തിച്ചു. ഇവിടെനിന്നു അച്ഛൻ കുട്ടിയെ ഏറ്റുവാങ്ങി. ഡോക്ടറെത്തി വിദഗ്ധ പരിശോധന നടത്തി. ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണു റിപ്പോർട്ട്. പിന്നീടു വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. അമ്മയും സഹോദരനും പിന്നാലെ എആർ ക്യാംപിലെത്തി. ആശുപത്രിയിലുള്ള കുട്ടിയെ ഇന്ന് വീട്ടിലേക്ക് പറഞ്ഞു വിടും.

പൂയപ്പള്ളി കാറ്റാടി ഓട്ടുമലയിൽനിന്നും തിങ്കളാഴ്ച നാലരയ്ക്ക് കാറിൽ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്നും 21-ാം മണിക്കൂർ, ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കണ്ടെത്തി. ഓട്ടോറിക്ഷയിൽ വന്ന 35 വയസ്സുതോന്നിക്കുന്ന സ്ത്രീ കുഞ്ഞിനെ അവിടെയിരുത്തി കടന്നു കളയുകയായിരുന്നു. എസ്.എൻ. കോളേജിലെ ബിരുദവിദ്യാർത്ഥികളായ ധനഞ്ജയ, ജിൻഷ, ദിവ്യ എന്നിവരാണ് കുട്ടിയെ ആദ്യം കണ്ടത്. കൂടെയുണ്ടായിരുന്ന സ്ത്രീ കുട്ടിയെ ഇരുത്തി പോയിട്ടും തിരിച്ചുവരാത്തതിനെത്തുടർന്ന് ചെന്നുനോക്കുകയായിരുന്നു. വാട്‌സാപ്പിലുണ്ടായിരുന്ന കുട്ടിയുടെ ചിത്രവുമായി ഒത്തുനോക്കിയപ്പോൾ ഓയൂരിലെ കുട്ടിയാണ് എന്നു മനസ്സിലാക്കി പൊലീസിൽ അറിയിച്ചു.

തട്ടിക്കൊണ്ടുപോയവരെപ്പറ്റി വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല. അന്വേഷണത്തിനായി റൂറൽ എസ്‌പി.യുടെ നേതൃത്വത്തിൽ അഞ്ചുസ്‌ക്വാഡുകൾ നിയമിച്ചിട്ടുണ്ട്. വ്യക്തിവിരോധമോ സാമ്പത്തിക ഇടപാടുകളോ സംഭവത്തിനു പിന്നിലുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. പൊലീസ് വലവിരിച്ചതും മാധ്യമങ്ങൾ നിരന്തരജാഗ്രത പുലർത്തിയതും കാരണം സംഘത്തിന് പൊറുതിമുട്ടിയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ പറഞ്ഞു. ഇന്നലെ രാവിലെ തന്നെ എഡിജിപി എം.ആർ.അജിത് കുമാർ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി തിരച്ചിലിനു മേൽനോട്ടം വഹിച്ചെങ്കിലും രാവിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു സംഘത്തിന്റെ യാത്രാവഴി തെളിഞ്ഞത്.

എന്നിട്ടും പ്രതികളെയോ അവർ ഉപയോഗിച്ച വാഹനങ്ങളോ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഇപ്പോഴും നൽകുന്നത്. പിടികൂടിയ ചിലർ പൊലീസിനൊപ്പമുണ്ട്. ഇവർക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. തട്ടിക്കൊണ്ടുപോകൽ സംഘം കള്ളമൊഴി നൽകാനും കുട്ടിയെ ഭീഷണിപ്പെടുത്തിയതായി വിവരം ഉണ്ട്. നീല കാറിൽ തിരിച്ചു കൊണ്ടാക്കിയെന്ന് പറയാൻ ഒരു സ്ത്രീ നിർബന്ധിച്ചുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്നും പറയാൻ ഉപദേശിച്ചുവെന്നും പൊലീസിനോട് പറഞ്ഞു.

അതേസമയം, കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടെന്ന് എഡിജിപി എംആർ അജിത്കുമാർ പറഞ്ഞു. പൊലീസ് സേനയും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉറങ്ങാതെയിരുന്ന് കുഞ്ഞിനെ കണ്ടെത്താൻ പരിശ്രമിച്ചുവെന്ന് എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികൾ ഒളിച്ചു താമസിക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളെല്ലാം പരിശോധിച്ചു. പൊലീസ് ഇടപെടലും മാധ്യമപ്രവർത്തകരുടെ ശുഷ്‌കാന്തിയും കാരണമാണ് കുഞ്ഞിനെ കിട്ടിയതെന്നും എഡിജിപി കൂട്ടിച്ചേർത്തു.

കുട്ടി പൂർണമായും ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല. പ്രാഥമികമായി കുട്ടി പറഞ്ഞത് വാഹനത്തിനുള്ളിൽ കയറ്റി വായ പൊത്തി പിടിച്ചു. പിന്നെ ഒരു വീട്ടിൽ എത്തിച്ചു എന്നാണ്. ഭക്ഷണം നൽകി, കാർട്ടൂൺ കാണിച്ചു. രാവിലെ ഒരു വാഹനത്തിൽ ചിന്നക്കടയിൽ എത്തിച്ചുവെന്നും കുട്ടി പറഞ്ഞതായി എഡിജിപി പറയുന്നു.