കൊച്ചി : കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് മയക്ക് മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് പേരെ നൈട്രാസെപാം എന്ന അതിമാരക മയക്കു മരുന്നുകളുമായി എക്‌സൈസ് പിടികൂടി. എറണാകുളം എളംകുളം ഐശ്വര്യ ലൈനിൽ പണ്ടാതുരുത്തി വീട്ടിൽ വിഷ്ണു പ്രസാദ് (29) എറണാകുളം ഏലൂർ ഡിപ്പോ സ്വദേശി പുന്നക്കൽ വീട്ടിൽ ടോമി ജോർജ്ജ് (35) എന്നിവരാണ് എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണറുടെ സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെയും, എക്‌സൈസ് ഇന്റലിജൻസിന്റെയും, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.

മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഇവരുടെ രണ്ട് സ്മാർട്ട് ഫോണുകളും ടോമിയുടെ ഇരുചക്ര വാഹനവും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. ഏറെ നാളുകളായി മയക്ക് മരുന്ന് ഗുളികകൾ വിൽപ്പന നടത്തി വന്നിരുന്ന ഇവർ ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. 'പടയപ്പ ബ്രദേഴ്‌സ്' എന്ന പ്രത്യേക തരം കോഡിൽ ആണ് ഇവർ വൻതോതിൽ മയക്ക് മരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്. അമിത ഭയം , ഉത്കണ്ഠ, എന്നിങ്ങനെയുള്ള മാസസീക വിഭ്രാന്തികൾ നേരിടുന്നവർക്ക് സമാശ്വാസത്തിനായി നൽകുന്ന അതിമാരകമായ നൈട്രാസെപാം ഗുളികകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. വിഷ്ണു പ്രസാദിന്റെ കൈയിൽ നിന്ന് 50 എണ്ണം ഗുളികകളും ടോമി ജോർജ്ജിന്റെ പക്കൽ നിന്ന് 80 എണ്ണം ഗുളികകളും പിടിച്ചെടുത്തു.

ഇത്തരത്തിലുള്ള മയക്ക് മരുന്ന് ഗുളികൾ 20 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്ത ലഹരി മരുന്ന് ഗുളികകൾ 70 ഗ്രാമോളം തൂക്കം വരുന്നതാണ്. പ്രധാനമായും ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർത്ഥികളും യുവതിയുമാക്കളുമാണ് ഇവരുടെ മുഖ്യ ഇരകൾ. ഇത് ഉപയോഗിക്കാത്തവർക്ക് ഇത് ഉപയോഗിച്ച് നോക്കുന്നതിന് ഇവർ 'ടെസ്റ്റ് ഡോസ് ' എന്ന രീതിയിൽ മയക്ക് മരുന്ന് ഗുളിക ആദ്യം സൗജന്യമായി നൽകിയിരുന്നു.

ഈ ഗുളികകൾ കഴിച്ചാൽ എച്ച്.ഡി. വിഷനിൽ വിവിധ വർണ്ണങ്ങളിൽ കാഴ്ചകൾ കാണാൻ കഴിയുമെന്നും കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉന്മേഷത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാർത്ഥികൾ അടക്കമുള്ള വരെ ഇതിലേക്ക് ആകർഷിച്ചിരുന്നത്. ഇതിന്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും എന്നതാണ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതിയുവാക്കൾ ഇതിലേക്ക് ആകൃഷ്ടരാക്കാൻ കാരണം.

ഉപഭോക്താക്കളുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇവർ മയക്ക് മരുന്നുകൾ എത്തിച്ചിരുന്നതെന്നും ഒരു ദിവസത്തിൽ നാല് മയക്ക് മരുന്ന് ഗുളികകൾ കഴിച്ച് കഴിഞ്ഞാൽ വേദന, സ്പർശനം തുടങ്ങിയ വികാരങ്ങൾ ഒന്നും അറിയില്ല എന്നും ഇവർ വെളിപ്പെടുത്തി. ഇതിന്റെ അനാവശ്യമായ ഉപയോഗം അമിത രക്ത സമർദ്ദത്തിന് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം സംഭവിക്കുവാനും മൂകമായ അവസ്ഥയിൽ എത്തിച്ചേരുവാനും ഇതേ തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

'പടയപ്പ ബ്രദേഴ്‌സ് ' എന്ന പേരിൽ വിദ്യാർത്ഥികൾക്കും, യുവതിയുവാക്കൾക്കും മയക്ക് മരുന്ന് ഗുളികകൾ വിൽപ്പന നടത്തിയിരുന്ന രണ്ടംഗ സംഘത്തെ കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ തന്നെ എക്‌സൈസിന് ലഭിച്ചിരുന്നു. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് അസി.കമ്മീഷണറുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീം ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. കണ്ടെയ്‌നർ റോഡിലെ ചേരാനെല്ലൂർ സിഗ്‌നലിന് പടിഞ്ഞാറ് വശമുള്ള അണ്ടർ പാസിന് സമീപം മയക്ക് മരുന്ന് ഗുളികകൾ കൈമാറ്റം ചെയ്യുന്നതിന് വിഷ്ണു പ്രസാദ് നിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഷാഡോ സംഘം ഇയാളെ വളയുകയായിരുന്നു.

പിടിയിലാകുമെന്ന് ഉറപ്പായതോടെ മയക്ക് മരുന്നുകൾ ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഈ മയക്ക് മരുന്ന് ഗുളികകളുടെ മൊത്ത വിതരണക്കാരൻ ടോമി ജോർജ്ജിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയ എക്‌സൈസ് സംഘം പാതാളം ഇഎസ്‌ഐ ജംഗ്ഷന് സമീപം മയക്ക് മരുന്നുമായി ആവശ്യക്കാരെ കാത്ത് നിൽക്കുകയായിരുന്ന ടോമി ജോർജ്ജിനെ കൈയോടെ പിടികൂടുകയായിരുന്നു. പിടിയിലാക്കുന്ന സമയം ഇയാൾ മാരക ലഹരിയിലായിരുന്നു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും അധികം നൈട്രസെപാം ടാബ്ലെറ്റ് പിടിച്ചെടുക്കുന്നത്. നേരത്തെ വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇത്തരം ഗുളികകൾ വാങ്ങുന്നത് വ്യാപകമായതോടെ എക്‌സൈസ് പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ ഇതിന് പൂർണ്ണമായും തടയിടാൻ കഴിഞ്ഞിരുന്നു. ഷെഡ്യൂൾഡ് ഒ1 വിഭാഗത്തിൽപ്പെടുന്ന ഈ മയക്ക് മരുന്ന് വളരെ അപൂർവ്വം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഈ മയക്ക് മരുന്ന് ഗുളികക ട്രിപ്പിൾ പ്രിസ്‌ക്രിപ്ഷൻ വഴി ലഭിക്കുന്ന ഒന്നാണ്. ഈ ട്രിപ്പിൾ പ്രിസ്‌ക്രിപ്ഷനുകളിൽ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്.

ഈ മയക്ക് മരുന്ന് ഗുളികകൾ സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് കടത്തികൊണ്ട് വന്നിട്ടുള്ളതാണെന്നാണ് പ്രാഥമികമായ നിഗമനം. 6 രൂപ വിലയുള്ള ഒരു ഗുളിക 100 രൂപക്കാണ് ഇവർ മൊത്ത വിൽപ്പന നടത്തിയിരുന്നത്. ചില്ലറ വിൽപ്പനക്കാർ ഡിമാന്റ് അനുസരിച്ച് ഇത് കൂടിയ വിലക്ക് ആവശ്യക്കാർക്ക് മറിച്ച് വിറ്റിരുന്നു. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും, ഈ മയക്ക് മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ലഹരി സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും എൻഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണർ ടി എൻ സുദീർ അറിയിച്ചു. സ്‌പെഷ്യൽ സ്‌ക്വാഡ് സി ഐ സജീവ് കുമാർ എം, ഇൻസ്‌പെക്ടർ പ്രമോദ് കെ.പി. ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ , പ്രിവന്റീവ് ഓഫീസർ എം ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോ സിഇഒ എൻ.ഡി. ടോമി, എ. ജയദേവൻ, വനിത സിഇഒ അഞ്ജു ആനന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.