കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതി കെ.ആർ. പത്മകുമാറിന്റെ ഉടമസ്ഥതയിലുള്ള പോളച്ചിറയിലെ ഫാമിലെ ജീവനക്കാരിയുടെ ഭർത്താവിനെയും സഹോദരനെയും ആക്രമിച്ച നാലംഗ സംഘം അറസ്റ്റിലാകുമ്പോൾ പൊലീസ് തള്ളുന്നത് ആ നാലാം സാധ്യത. കാരംകോട് പുത്തൻവീട്ടിൽ അനന്തു വിക്രമൻ (31), ചാത്തന്നൂർ ഏറം താന്നിവിള വീട്ടിൽ സജീവ് (39), കാരംകോട് കല്ലുവിള വീട്ടിൽ അജിൽ (30), കാരംകോട് സനൂജ് മൻസിലിൽ സനൂജ് (31) എന്നിവരെയാണ് പരവൂർ പൊലീസ് പിടികൂടിയത്.

ഫാം ജീവനക്കാരി ഷീബയുടെ ഭർത്താവ് ചിറക്കര തെങ്ങുവിള അരുണോദയം വീട്ടിൽ ആർ.ഷാജി (44), സഹോദരൻ ബിജു (40) എന്നിവർക്കു നേരെയാണു കഴിഞ്ഞ ദിവസം രാത്രി അക്രമം ഉണ്ടായത്. വാഹനത്തിന് സൈഡ് നൽകുന്നതും റോഡിലിരുന്നു മദ്യപിച്ചതും ചോദ്യം ചെയ്തതും സംബന്ധിച്ച തർക്കമാണ് സംഘർഷത്തിനു കാരണമെന്നാണു പൊലീസ് പറയുന്നു. ഈ കേസിന് പത്മകുമാറുമായി ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ ഇത് ആർക്കും പൂർണ്ണമായും വിശ്വസിക്കാനും കഴിയുന്നില്ല. ഷാജിയും ബിജുവും പത്മകുമാറിനെ പരസ്യമായി കുറ്റം പറഞ്ഞിട്ടില്ല. അത് പൊലീസിന് ആശ്വാസമാണ്. അതുകൊണ്ട് തന്നെ കേസ് ഇവിടെ തീരും.

ഓയൂരിനടുത്ത് ഓട്ടുമലയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന് പിന്നിൽ വൻ മാഫിയ ഉണ്ടെന്നാണ് സൂചന. പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും ഭർത്തൃസഹോദരനും നേരേ ആക്രമണമുണ്ടായെന്നാണ് ആരോപണം അതുകൊണ്ട് തന്നെ ചർച്ചയായി. പത്മകുമാറിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ ഷീബയെ കൊലപ്പെടുത്തുമെന്ന് ഞായറാഴ്ച വൈകീട്ട് ഷാജിയെ ഫോണിൽ വിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഫോൺ ചെയ്ത ആളുടെ പേരുൾപ്പെടെ വ്യക്തമാക്കി രാത്രിതന്നെ പരവൂർ പൊലീസിൽ പരാതി നൽകി.

എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഇതോടെ വൻ റാക്കറ്റ് പത്മകുമാറിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. മൂന്ന് പേർ ചേർന്നാണ് തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്. ഇവർക്ക് പിന്നിൽ മറ്റാരുമില്ലെന്നും പറഞ്ഞു. അങ്ങനെ അല്ല കാര്യങ്ങളെന്നും ഇവർക്കൊപ്പം നിരവധി ക്രിമിനലുകളുണ്ടെന്നും സൂചന നൽകുന്നതായിരുന്നു ഫോൺ വിളിയിലെ ഭീഷണി. അതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളച്ചിറ തെങ്ങുവിള സ്‌കൂളിനുസമീപത്തുവെച്ച് ഓട്ടോയിൽ എത്തിയവർ മർദിക്കുകയായിരുന്നു. ബൈക്ക് ചവിട്ടിവീഴ്‌ത്തി മർദിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് ശേഷം ഇരുവരേയും ഉപേക്ഷിച്ച് സംഘം മടങ്ങി. പിന്നീട് അതുവഴി സ്‌കൂട്ടറിൽ പോയ ഒരു സ്ത്രീയാണ് പ്രദേശത്തെ വാർഡ് മെംബറെ വിവരമറിയിച്ചത്. അതിക്രൂര ആക്രമണമാണ് ഉണ്ടായത്.

നിഗൂഡതകൾ തുടരുന്നതിനിടെയാണ് ഫാം ഹൗസ് ജീവനക്കാരിക്ക് നേരെ ആക്രമണം ഉണ്ടായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതായി പരാതി കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് ഷാജിക്ക് ഫോൺ വിളി എത്തിയത്. ഷീബ പത്മകുമാറിനെപ്പറ്റി മാധ്യമപ്രവർത്തകരോട് അനാവശ്യം പറഞ്ഞതുകൊണ്ട് വെട്ടിക്കൊല്ലുമെന്നും ശവപ്പെട്ടി തയ്യാറാക്കിവെച്ചേക്കാനുമാണ് സന്ദേശമെന്ന് ഷാജി പറയുന്നു. ഒപ്പം അസഭ്യം പറഞ്ഞതായും ഷാജി പറയുന്നു.

കുട്ടിയ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പത്മകുമാർ പിടിയിലായശേഷവും ഷീബ പൊലീസിന്റെയും മറ്റും ആവശ്യപ്രകാരം ഫാമിലെ പശുക്കൾക്കും നായ്ക്കൾക്കും ആഹാരം നൽകുന്നുണ്ട്. സംഭവത്തിൽ ഫോൺ ചെയ്തയാളുടെ പേരുൾപ്പെടെ ഷാജി പരവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ പ്രതികളെ ഇനിയും പൊലീസ് കണ്ടെത്തിയിട്ടില്ല.