കൊല്ലം: ഓയൂർ ഓട്ടുമലയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കുടുംബത്തിലെ മൂന്ന് പേർക്കും തട്ടിക്കൊണ്ടു പോകലിൽ പങ്കുണ്ടെന്നും വ്യക്തമായി. ഓരോരുത്തരുടേയും റോളുകളിൽ വ്യക്തത വന്നിട്ടില്ല. വിശദമായ ചോദ്യം ചെയ്യല്ലിന് ശേഷമാണ് അറസ്റ്റ്. പൂയംപള്ളി പൊലീസാണ് അടൂർ കെ.എ.പി. മൂന്നാം ബറ്റാലിയൻ ക്യാമ്പിലെത്തി അറസ്റ്റു ചെയ്തത്. ഇവരെല്ലാം കുറ്റസമ്മതം നടത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സഹോദരന്റെ കയ്യിൽ കൊടുക്കാൻ ശ്രമിച്ചതു ഭീഷണിക്കത്താണെന്നു പ്രതികൾ പൊലീസിനോട് പറഞ്ഞതായാണു വിവരം. പണം തന്നാൽ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. പത്മകുമാർ മൊഴികൾ അടിക്കടി മാറ്റുന്നതായാണു വിവരം. ആറുവയസ്സുകാരിയുടെ അച്ഛനു പണം നൽകിയിരുന്നുവെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാൽ തട്ടിക്കൊണ്ടുപോകൽ കടം വീട്ടാൻ പണം കണ്ടെത്താനെന്നായിരുന്നു രണ്ടാമത്തെ മൊഴി. പെൺകുട്ടിയുടെ പിതാവിൽനിന്നും പത്തുലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം. പത്മകുമാറിനു വലിയ കടബാധ്യതയുള്ളതായാണു വിവരം. ലോൺ ആപ്പുകളിൽനിന്നും വായ്പ എടുക്കുകയും ക്രെഡിറ്റ് കാർഡ് വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പുളിയറയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്. ആറുവയസ്സുകാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പത്മകുമാറിലെത്തിയത്. സംഭവവുമായി തനിക്കുമാത്രമേ ബന്ധമുള്ളൂ എന്നും ഭാര്യയും മകളും നിരപരാധികളാണെന്നും ഇയാൾ പൊലീസിനോട് ആദ്യം വെളിപ്പെടുത്തി. പിന്നീട് മറ്റുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. അപ്പോഴേക്കും അങ്ങനെ അല്ല കാര്യങ്ങളെന്ന് ബോധ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മാറ്റാനായിരുന്നു ഈ തട്ടിക്കൊണ്ടു പോകൽ എന്നാണ് സൂചന.

മകളുടെ നഴ്‌സിങ് പ്രവേശനത്തിനായി റെജിക്ക് അഞ്ചുലക്ഷം രൂപ നൽകിയിരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പത്മകുമാർ ആദ്യം പറഞ്ഞു. എന്നാൽ അതും ശരിയല്ലെന്ന് പൊലീസ് തിരിച്ചറിയുന്നു. നിരവധി കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. ബി.ടെക്. ബിരുദധാരിയായ ഇദ്ദേഹം നേരത്തേ കേബിൾ ടി.വി. ബിസിനസ് നടത്തിയിരുന്നു. ഇപ്പോൾ ബേക്കറിയും ഫാമും ഉണ്ട്. തെങ്കാശിയിൽ സ്ഥലമുണ്ടെന്നും പരിസരവാസികൾ പറയുന്നു. കുട്ടിയുടെ പിതാവുമായി സാമ്പത്തിക ഇടപാടുള്ളതിന് തെളിവൊന്നും കിട്ടിയിട്ടില്ല.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം പാരിപ്പള്ളിക്കടുത്ത് കുളമടയിലെ ചായക്കടയിലെത്തിയത് ഓട്ടോയിലാണ്. ഈ ഓട്ടോയുടെ ഡ്രൈവർ കല്ലുവാതുക്കൽ സ്വദേശിയായ സലാഹുദ്ദീനിൽനിന്നു പൊലീസ് വിശദമായി മൊഴിയെടുത്തു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണത്തിനു സഹായകമായി. അങ്ങനെയാണ് അന്വേഷണം പത്മകുമാറിലേക്ക് എത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനെയും ബലംപ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാൽ തള്ളിമാറ്റി കുട്ടിയെയുംകൊണ്ടു കടക്കുകയായിരുന്നു.

പിന്നീട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തട്ടിക്കൊണ്ടുപോയത് വെള്ളക്കാറിലായിരുന്നെന്ന് സി.സി.ടി.വി.യിൽ വ്യക്തമായിരുന്നു. ഉപേക്ഷിക്കാൻ കൊണ്ടുവന്നത് നീലക്കാറിലായിരുന്നെന്ന് കുട്ടി പറഞ്ഞിരുന്നു. ഈ രണ്ടു കാറുകളും പത്മകുമാറിന്റേതാണ്. നീല, വെള്ള നിറമുള്ള രണ്ട് കാറുകളും കസ്റ്റഡിയിലുണ്ട്. കൃത്യത്തിൽ പങ്കെടുത്ത മറ്റുള്ളവരെ ഇനിയും കണ്ടെത്താനുണ്ട്.

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പത്മകുമാറാണെന്ന് പറയുമ്പോഴും എന്തായിരുന്നു ലക്ഷ്യമെന്നതിൽ വ്യക്തത വന്നിട്ടില്ല. കുട്ടിയുമായി പ്രതികളെത്തിയ നീല കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പൊലീസ് പുറത്തിറക്കിയ രേഖാചിത്രം കണ്ട് അയിരൂർ സ്വദേശി നൽകിയ വിവരവുമാണ് ഇവരിലേക്കെത്താൻ സഹായിച്ചത്.

തെങ്കാശിയിൽ നിന്ന് പിടിയിലായ 3 പേരെയും അടൂരിലെ എ.ആർ. ക്യാമ്പിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും എന്തിന്, എങ്ങനെ തുടങ്ങി പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരമില്ല. രാത്രി ഒമ്പതര മണിയോടെ എഡിജിപി എം.ആർ.അജിത്ത്കുമാർ വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിപ്പ് വന്നെങ്കിലും ഉണ്ടായില്ല. ഇതിനിടെ പല വിവരങ്ങളും പുറത്തുവന്നു. ഒന്നിനും സ്ഥിരീകരണമുണ്ടായില്ല.

പത്മകുമാറിന് വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നും അത് മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമാണ് പൊലീസ് ഭാഷ്യം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം കിട്ടിയെന്ന് പത്മകുമാർ പറഞ്ഞതായുള്ള വിവരങ്ങളും ഇതിനിടെ പുറത്തുവന്നു.