- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ചതെല്ലാം പാഴാക്കിയ അമ്മ; സാമ്പത്തിക പ്രതിസന്ധി ലോറി ഡ്രൈവറാക്കി; കല്യാണം കഴിച്ചപ്പോൾ ഭാര്യയേയും വീട്ടിൽ നിന്ന് പറഞ്ഞു വിട്ട അമ്മ; പത്മിനിയമ്മയെ കൊന്നത് മകനെന്ന് തെളിയിച്ചത് പൊലീസ് മികവ്; സതീഷ് കുറ്റസമ്മതം നടത്തുമ്പോൾ
കൊല്ലം: പക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത് പൊലീസിന്റെ കരുതൽ. മൂത്ത മകൻ അറസ്റ്റിൽ. ചെറുപൊയ്ക തെക്ക് നെടിയവിള ഭാഗം സതീഷ് ഭവനിൽ ശശിധരൻ പിള്ളയുടെ ഭാര്യ പത്മിനിയമ്മ (61) ആണു കൊല്ലപ്പെട്ടത്. അമ്മയെ അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ മകൻ സതീഷ് കുമാറിനെ (37) ആണു പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി കുറ്റം സമ്മതിച്ചു. ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ചതെല്ലാം പാഴാക്കിയത് അമ്മയാണെന്ന് ആരോപിച്ചു സതീഷ് പതിവായി മദ്യപിച്ചു വഴക്കിടുമായിരുന്നത്രെ. ഈ വഴക്കാണ് കൊലപാതകമായത്. ഇയാളുടെ ഭാര്യ കുറച്ചു ദിവസങ്ങൾക്കു മുൻപു പിണങ്ങിപ്പോയിരുന്നു. ഇതിനു ശേഷം വീട്ടിൽ വഴക്കു പതിവായി. ഉപദ്രവം സഹിക്കവയ്യാതെ പിതാവ് ശശിധരൻ പിള്ള 3 ദിവസം മുൻപ് വീടു വിട്ട് ഇറങ്ങിയിരുന്നു. ഭാര്യ പോകാൻ കാരണം അമ്മയാണെന്നും പ്രതി ആരോപിച്ചിരുന്നു.
അച്ഛനും വീടു വിട്ട് പോയതോടെ അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ. വെള്ളി രാത്രിയിൽ സതീഷ് പുറത്തു നിന്നു വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം കഴിക്കുന്നതിനിടെ പത്മിനിയമ്മയുമായി വഴക്കിടുകയും കട്ടിലിൽ കിടന്ന അമ്മയെ തള്ളി താഴെയിട്ടു തല പിടിച്ചു തറയിൽ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തൊഴിയേറ്റു വാരിയെല്ലു പൊട്ടി. ഇതും തലയ്‌ക്കേറ്റ ക്ഷതവും ആണു മരണകാരണം.
അയൽ വീട്ടിൽ നിന്നു ബന്ധുവായ യുവതി ചായയുമായി എത്തിയപ്പോഴാണു മുൻവശത്തെ മുറിയിൽ പത്മിനിയമ്മ മരിച്ചു കിടക്കുന്നതു കണ്ടത്. ഈ സമയം സതീഷ് കുമാർ അകത്തെ മുറിയിൽ കിടക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഒന്നുമറിയില്ല എന്നു ഭാവിച്ചു എങ്കിലും തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മദ്യപിച്ചുവന്ന് മാതാപിതാക്കളെ ഉപദ്രവിക്കുന്ന സ്വഭാവക്കാരനായിരുന്നു സതീഷ്. ഗൾഫിലായിരുന്ന ഇയാൾ കഴിഞ്ഞവർഷം നവംബറിലാണ് നാട്ടിൽ എത്തിയിരുന്നു. ഗൾഫിൽ നിൽക്കെ ഇയാൾ സമ്പാദിച്ച സ്വർണവും പണവും അമ്മയെ ഏൽപ്പിച്ചിരുന്നു. ഇത് ഇയാൾ തിരികെ ചോദിച്ചു.
നാട്ടിൽ വന്നപ്പോൾ അമ്മയുടെ കൈവശം ഇത് ഉണ്ടായിരുന്നില്ല. തുടർന്ന് സാമ്പത്തിക പ്രയാസത്തിലായ സതീഷ് ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിൽ ജനുവരിയിൽ വിവാഹിതനായി. പത്മിനി അമ്മയും മരുമകളും തമ്മിലുള്ള തർക്കം മൂലം ഒരാഴ്ച മുമ്പ് മരുമകൾ സതീഷുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. സംഭവ ദിവസം വഴക്കിനെ തുടർന്ന് അമ്മയെ കട്ടിലിൽനിന്ന് പിടിച്ചു തറയിലിട്ട് തല തറയിൽ ഇടിക്കുകയും വാരിയെല്ലിന് ചവിട്ടുകയുമായിരുന്നു പ്രതി. ഗുരുതരമായി പരിക്കേറ്റ് മരണം സംഭവിക്കുകയായിരുന്നു.
മരണത്തിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിൽ പ്രതി കിടന്ന കട്ടിലിലെ ഷീറ്റിലും ധരിച്ചിരുന്ന ഷർട്ടിലും ശരീരത്തും ചെരിപ്പിലും രക്തക്കറ കണ്ടെത്തിയിരുന്നു. ഇതാണ് നിർണ്ണായകമായത്.




