പാലക്കാട്: പാലക്കാട് ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾ മരിച്ച നിലയിൽ. സംഭവത്തിൽ മകനെതിരെ ബന്ധുക്കൾ പരാതിയുമായി രംഗത്തുവന്നതോടെ യുവാവ് കസ്റ്റഡിയിൽ. ദുരൂഹത ആരോപിച്ചു ബന്ധുക്കൾ നൽകിയ പരാതിയിൽ ഇവരുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കാടാങ്കോട് അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി (67) ഭാര്യ യശോദ (62) എന്നിവരെയാണു ഇന്നലെ ഉച്ചയ്ക്കു 12നു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ മകൻ മർദ്ദിച്ചതിനെ തുടർന്നാണ് ഇരുവരും മരിച്ചതെന്നു കാണിച്ചു ബന്ധുക്കൾ നൽകിയ പരാതിയിൽ എ.അനൂപിനെ (26) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കഴിഞ്ഞ ദിവസമാണു അപ്പുണ്ണി വീട്ടിലെത്തിയത്. അപ്പുണ്ണിയെ സന്ദർശിക്കാൻ അയൽവായിയായ ബന്ധു വീട്ടിലെത്തിയിരുന്നു. അപ്പുണ്ണി കട്ടിലിൽനിന്നു വീണു കിടക്കുന്നതാണു കണ്ടത്. യശോദയെ അനൂപ് മർദ്ദിക്കുന്നതായും കണ്ടു. ഇതു തടയാനെത്തിയ ബന്ധുവിനും മർദ്ദനമേറ്റതായി പരാതിയുണ്ട്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളെയും അനൂപ് മർദ്ദിച്ചു.

പിന്നീട് അപ്പുണ്ണിയെയും യശോദയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. അനൂപിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഒട്ടേറെ ലഹരി കേസുകളിൽ അനൂപ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു.