- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാലക്കാട് ശ്രീനിവാസൻ കൊലയിൽ ഒരാൾ കൂടി അറസ്റ്റിൽ
കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. രു പ്രതിയെ കൂടി കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. മാട്ടൂൽ സൗത്തിൽ താമസിച്ചിരുന്ന 38കാരൻ ജാഫർ അഷ്റഫ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളെ വിശദ ചോദ്യം ചെയ്യലിനായി കൊച്ചിയിൽ എൻഐഎ ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ജാഫറിന്റെ കേസിലെ ബന്ധത്തെ കുറിച്ച് എൻഐഎ ഇനിയും വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അതീവ രഹസ്യ നീക്കത്തിനൊടുവിലാണ് അറസ്റ്റ്.
കണ്ണൂർ റൂറലിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നിർണ്ണായക നീക്കം ഉണ്ടായത്. ആഴ്ചകൾക്ക് മുമ്പ് കണ്ണൂരിൽ നിന്നും കൈവിട്ട് കേസിലെ പ്രതിയേയും നാടകീയമായി കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ആറുമണിക്ക് മറ്റൊരു നിർണ്ണായക അറസ്റ്റും കണ്ണൂരിൽ നിന്നും എൻഐഎ നടത്തുന്നത്. 68 പ്രതികൾ കേസിലുണ്ടെന്നാണ് എൻഐഎയുടെ ഇപ്പോഴത്തെ നിഗമനം. കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുകാർ ഒളിത്താവളം സൃഷ്ടിക്കുന്നത് എങ്ങനെയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്. കൈവെട്ട് കേസിലെ പ്രതി സവാദും ദീർഘകാലം ഒളിവിൽ താമസിച്ചത് കണ്ണൂരിലാണ്.
പാലക്കാട്ടെ കൊലക്കേസിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ പല ഭാഗത്തുള്ളവരെ ഏകോപിപ്പിച്ച ഗൂഢാലോചനയ്ക്ക് ഒടുവിലാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയിരുന്നു. എൻഐഎ അന്വേഷണത്തിൽ ഈ ഗൂഢാലോചന തെളിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ അറസ്റ്റ്. ഈ പ്രതിയെ ചോദ്യം ചെയ്ത ശേഷം കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നുള്ളവർ പാലക്കാട്ടെ കൊലപാതകത്തിൽ പല തരത്തിൽ പങ്കാളിയായെന്നാണ് എൻഐഎ കണ്ടെത്തൽ.
2022 ഏപ്രിൽ 16നാണ് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ.സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നായിരുന്നു കേരളാ പൊലീസ് കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്ന് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വിശദീകരിച്ചിരുന്നു. ഇതിനിടെ തീവ്രവാദ ബന്ധത്തിന് തെളിവ് കിട്ടി. ഇതോടെ അന്വേഷണം എൻഐഎയ്ക്കും എത്തി.
ഇത്തരത്തിൽ അതിവേഗ തിരിച്ചടിക്ക് സംസ്ഥാനത്തുട നീളം കില്ലർ സക്വാഡുകൾ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിരുന്നു. കൃത്യമായ ഏകോപനത്തിലൂടെ ശ്രീനിവാസനെ കൊന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണമായ സംഭവങ്ങളുടെ കൂട്ടത്തിൽ ശ്രീനിവാസൻ കൊലക്കേസും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്.
കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളടക്കം 42 പേരെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എനഐഎ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടരന്വേഷണത്തിൽ 68ഓളം പ്രതികളുണ്ടെന്ന് എൻഐഎ കണ്ടത്തിയിരുന്നു. കേസ് അന്വേഷണം ഏറ്റെടുത്ത എൻഐഎ വിശദമായ അന്വേഷണത്തിന് ശേഷം 2023 മാർച്ചിൽ 59 പ്രതികൾക്കെതിരായ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽപോയ മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷിഹാബ് എന്ന ബാബുവിനെയാണ് എൻഐഎ സംഘം ഒക്ടോബറിൽ പിടികൂടിയിരുന്നു. മലപ്പുറത്തെ ഇയാളുടെ വീട്ടിൽ നിന്നാണ് എൻഐഎയുടെ പ്രത്യേക ടീം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മേയിൽ കേസിലെ പത്താം പ്രതിയായ സഹീർ കെവിയെ എൻഐഎ പിടികൂടിയിരുന്നു.
ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘത്തിലെ പ്രധാന അംഗമാണ് പിടിയിലായ ഷിഹാബെന്ന് എൻഐഎ വിശദീകരിച്ചിരുന്നു. പിഎഫ്ഐ നേതാക്കൾ നടത്തിയ ഗൂഢാലോചനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഇയാൾ പിഎഫ്ഐ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കേസിലെ നിർണായക തെളിവുകൾ നശിപ്പിച്ച മുഹമ്മദ് ഹക്കീമിന് അഭയം നൽകിയതായും എൻഐഎ സംശയിക്കുന്നു.