- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിളിൽ സെർച്ച് ചെയ്തു കൊലപാതക രീതി ഉറപ്പിച്ചു; മരം മുറിക്കാനുള്ള യന്ത്രം ഓൺലൈനിൽ വാങ്ങിയത് കണ്ടം കണ്ടമായി മുറിക്കാൻ; ബാറ്ററി ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കാരണം ഇരുതല മൂർച്ചയുള്ള കത്തി സ്വന്തമായുണ്ടാക്കി; പൊന്നാനിക്കാരനായ സുഹൃത്തിനേയും സംശയ രോഗത്താൽ കൊല്ലാൻ പദ്ധതിയിട്ടു; പാനൂരിലേത് 'അഞ്ചാംപാതിര' കൊല! ശ്യാംജിത്തിന്റേത് പ്രണയപ്പക
കണ്ണൂർ : കണ്ണൂർ പാനൂരിൽ ഇരുപത്തിമൂന്ന് വയസുകാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയിൽ വീട്ടിൽ കയറി കൊന്ന കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്തിന് ക്രൂരതയ്ക്ക് പ്രേരണയായതും സിനിമ. അഞ്ചാംപാതിര സിനിമയിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. പെൺകുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് ഇയാൾ ഫോണിലൂടെ കണ്ടിരുന്നു. ഇയാളുമായി വിഷ്ണുപ്രിയ വീഡോയോ കോളിൽ സംസാരിക്കുമ്പോഴായിരുന്നു ശ്യാംജിത്തുകൊല ചെയ്യാൻ എത്തിയത്.
വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു. ആദ്യം പൊന്നാനിക്കാരെ കൊല്ലാനായിരുന്നു പദ്ധതി. പിന്നീട് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിച്ചതോടെ തീരുമാനം മാറ്റി. അങ്ങനെ പ്രണയിച്ച യുവതിയെ തന്നെ വകവരുത്തി.
ശ്യാംജിത്ത് ചില ആയുധങ്ങൾ വാങ്ങിയത് ഓൺലൈനിലാണ്. ഓൺലൈനിൽ മിനി കോഡ് ലെസ് ചെയിൻസോ(തടി അറക്കുന്നതിനുള്ള ചെറിയ യന്ത്രം) ഓൺലൈനിൽ വാങ്ങി. ഇത് ഉപയോഗിച്ച് വിഷ്ണുപ്രിയയെ കഴുത്തറുത്തുകൊല്ലാനായിരുന്നു പദ്ധതി. എന്നാൽ കൊലപാതക ശ്രമത്തിനിടയിൽ മൽപ്പിടുത്തമുണ്ടായാൽ ബാറ്ററി ഊരിപോകുമെന്ന സംശയത്താൽ കത്തി ഉപയോഗിച്ചു. സ്വന്തമായി നിർമ്മിച്ച കത്തിയാണ് ഉപയോഗിച്ചത്. കത്തി മൂർച്ചയാക്കാനുള്ള ഉപകരണവും ഓൺലൈനിൽ വാങ്ങി. ഗൂഗിളിൽ സെർച്ച് ചെയ്താണ് കൊലപാതകം ആസൂത്രണം ചെയ്തത്. പിടിക്കപ്പെട്ടാൽ ജീവപര്യന്തം ശിക്ഷയുടെ വിശദാംശങ്ങളും ഗൂഗിളിൽ നിന്ന് മനസ്സിലാക്കി.
അഞ്ചാം പാതിരാ സിനിമ മാതൃകയിലാണ് ശ്യാംജിത്തുകൊലപാതകം ആസൂത്രണം ചെയ്തത്. കൊലക്ക് ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടി പ്രതി ബാഗിൽ കരുതി. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഓൺലൈൻ ആയി വാങ്ങിയപ്പോൾ കത്തി സ്വന്തമായി നിർമ്മിച്ചു. പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയുടെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങായിരുന്നു ഇന്നലെ. ഇതും മനസ്സിലാക്കിയാണ് ശ്യാംജിത്ത് തന്ത്രങ്ങളൊരുക്കിയത്.
വിഷ്ണുപ്രിയയെ കൊല്ലാനുള്ള കത്തി സ്വയം നിർമ്മിച്ചതാണെന്ന് തെളിവെടുപ്പിനിടെ ശ്യാംജിത്ത് പൊലീസിനോട് സമ്മതിച്ചു. ഇരുതല മൂർച്ചയുള്ള കത്തി നിർമ്മിച്ചത് മൂന്നുദിവസം കൊണ്ടാണെന്നും ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരിൽ നിന്നാണെന്നും പൊലീസ് പറയുന്നു. കത്തി മൂർച്ച കൂട്ടാനുള്ള ഉപകരണവും വീട്ടിൽനിന്ന് കണ്ടെത്തി. കട്ടിങ് മെഷീൻ ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടു. ഇതിനായി കട്ടിങ് മെഷീൻ വാങ്ങി, പവർ ബാങ്കും കരുതി. എന്നാൽ പദ്ധതി പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കട്ടിങ് മെഷീൻ ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. കൊന്ന ശേഷം മൃതദേഹം തുണ്ടം തുണ്ടമായി മുറയ്ക്കാനായിരുന്നു പദ്ധതി. പിന്നീട് പ്രായോഗിക ബുദ്ധിമുട്ടുകാരണം ഇത് വേണ്ടെന്നു വച്ചു. അതുകൊണ്ടാണ് തലയ്ക്ക അടിക്കാൻ ചുറ്റിക വാങ്ങിയത്.
വീട്ടിൽ കയറി പെൺകുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്തുകൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. കുളത്തിൽ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ എന്നിവയും ബാഗിലുണ്ടായിരുന്നു.
അച്ഛന്റെ അമ്മയുടെ മരണാനന്ദര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബന്ധുവീട്ടിലായിരുന്നു വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും. അനുജന് ജോലി ആവശ്യാർത്ഥം ഹൈദരാബാദിലേക്ക് പോകേണ്ടതിനാൽ രാവിലെ പത്ത് മണി വരെ വീട്ടിൽ സുഹൃത്തുക്കളും മറ്റുമുണ്ടായിരുന്നു. പതിനൊന്ന് മണിയോടെ വിഷ്ണുപ്രിയ വീട്ടിലേക്ക് വന്നു. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാതായതോടെ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്.
മഞ്ഞ തൊപ്പിയും മാസ്കും ധരിച്ച ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം അന്വേഷണം തുടങ്ങിയത്. ഇതിനിടെ വിഷ്ണുപ്രിയയ്ക്ക് വന്ന ഫോൺ കോൾ പ്രതിയുടെ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇത് പരിശോധിച്ച് പ്രതിയുടെ ടവർ ലൊക്കേഷനും പൊലീസിന് കണ്ടു പിടിക്കാനായി. താൻ പൊലീസ് വലയത്തിലാണെന്നും രക്ഷയില്ലെന്നും മനസിലാക്കിയ പ്രതി കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ പ്രതി ശ്യാംജിത് കുറ്റം സമ്മതിച്ചു.
മറുനാടന് മലയാളി ബ്യൂറോ