- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവിടെ കഷായമെങ്കിൽ അവിടെ ഹോർലിക്സ്; ഷാരോണിനെ ഇല്ലാതാക്കിയ പോലെ പാറശാലയിലെ കെ എസ് ആർ ടിസി ഡ്രൈവർക്കും ഹോർലിക്സിൽ അലൂമിനിയം ഫോസ്ഫെയ്റ്റ് ചേർത്ത് നൽകിയെന്ന പരാതിയിൽ കേസ്; ശിവകാശിയിലെ പടക്ക വ്യാപാരിയെയും ഭാര്യയേയും ചോദ്യം ചെയ്യും
തിരുവനന്തപുരം. നാലു വർഷം മുൻപ് പാറശാല പൊലീസ് പരിധിയിലെ നെടിയവിള നടന്ന സംഭവത്തിന്റെ ചുരുളഴിക്കാനുറച്ച് പാറശാല പൊലീസ്. കാമുകൻ അയച്ച് കൊടുത്ത വിഷം ഭാര്യ ഹോർലിക്സിൽ കലക്കി നൽകിയെന്ന ആരോപണവുമായി നെടുവാൻവിള അയണിമൂട് സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ സുധീർ നൽകിയ പരാതിയിലാണ് സുധീറിന്റെ ആദ്യ ഭാര്യയ്ക്കും ശിവകാശിയിലെ പടക്ക വ്യാപാരിയായ ജി. മുരുകനും എതിരെ പാറശാല പൊലീസ് കേസെടുത്തിരിക്കുന്നത്. കൊലപാതക ശ്രമത്തിന് സി.ആർ .പി സി 307 അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പാറശാല പൊലീസ് ഉടൻ ശിവകാശിയിലേക്ക് പോകും. കാമുകന്റെ നിർദ്ദേശ പ്രകാരം 2018-ൽ ഭാര്യ ഹോർലിക്സിൽ അലുമിനിയം ഫോസ്ഫേറ്റ് ചേർത്ത് നൽകിയെന്നാണ് സുധീർ പറയുന്നത്.
പാറശാലയിൽ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം നൽകിയ സംഭവം ഏറെ ചർച്ചയായതോടെയാണ് വീണ്ടും സുധീർ പൊലീസിൽ പരാതി ഉന്നയിച്ചത്. കെ.എസ് ആർ.ടി സി ഡ്രൈവർ കൂടിയായ സുധീർ തന്റെ പരാതിക്ക് ശക്തി പകരുന്ന ചില തെളിവുകളും പൊലീസിന് മുന്നിൽ ഹാജരാക്കിയിരുന്നു. നൽകിയെന്ന് സംശയിക്കുന്ന വിഷത്തിന്റെ കുപ്പി , അത് ശിവകാശിയിൽ നിന്നയച്ച പാഴ്സൽ ,ഈ വിഷം കഴിച്ചത് മൂലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞതിന്റെ രേഖകൾ ഇതൊക്കെ തന്നെ പൊലീസ് പരിശോധിച്ച് വിശ്വാസ്യത ഉറപ്പു വരുത്തും.
സംഭവം ഇങ്ങനെ
2018 ജുലൈയിൽ ഭാര്യ തനിക്ക് ഹോർലിക്സിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സുധീറിന്റെ പരാതിയിൽ പറയുന്നത്. ഭാര്യയുടെ കാമുകന്റെ നിർദ്ദേശപ്രകാരമാണ് വിഷം നൽകിയതെന്നും പരാതിയിൽ ഉണ്ട്. ഭാര്യ പ്രിയയും കാമുകൻ മുരുകനും തമിഴ്നാട് ശിവകാശി സ്വദേശികളാണ്. ഭാര്യ വീട് വിട്ട് പോയപ്പോൾ വീട്ടിൽ നിന്നും സിറിഞ്ചും നീഡിലും അലൂമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയെന്നും സുധീർ പറയുന്നു.
ഭാര്യ നൽകിയിരുന്ന ഹോർലിക്സ് കുടിക്കുമ്പോൾ പലപ്പോഴും തലവേദനയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെടാറുണ്ടെന്നും സുധീർ പറയുന്നു. ദേഹാസ്യസ്ഥ്യത്തെ തുടർന്ന് പാറശാല ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നത്രേ. മെഡിക്കൽ കോളേജിൽ വെറ്റിലേറ്ററിൽ കിടന്നതായും സുധീർ പരാതിയിൽ പറയുന്നുണ്ട്. ദേഹാസ്വസ്ഥ്യത്തിന് കാരണം അലൂമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യമാണെന്ന മെഡിക്കൽ റിപ്പോർട്ടുകളും സുധീർ പരാതിയ്ക്കൊപ്പം പൊലീസിന് നൽകിയിട്ടുണ്ട്. തനിക്ക് തരാനുള്ള വിഷപദാർത്ഥം മുരുകൻ തമിഴ്നാട്ടിൽ നിന്നും കൊറിയറായി ശാന്തിക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്നും ഇതിന്റെ തെളിവ് തന്റെ പക്കൽ ഉണ്ടെന്നും സുധീർ പരാതിയിൽ അവകാശപ്പെട്ടു.
സംശയത്തെ തുടർന്ന് ആറുമാസം മുൻപായിരുന്നു സുധീർ പൊലീസിൽ പരാതി നൽകിയത്. പാറശാല പൊലീസിലായിരുന്നു പരാതി കൊടുത്തത്. എന്നാൽ തന്റെ കൈയിലുള്ള എല്ലാ തെളിവുകളും പൊലീസിന് നൽകിയിട്ടും കേസിൽ യാതൊരു നടപടിയോ അന്വേഷണമോ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് സുധീർ പറയുന്നു. ഇതൊരു കുടുംബ പ്രശ്നമായി കാണാനായിരുന്നു പൊലീസിന് താൽപര്യം
ഇതിനിടയിലാണ് പാറശാല ഷാരോൺ വധക്കേസ് വലിയ രീതിയിൽ ചർച്ചയാകുന്നത്. തുടർന്ന് വീണ്ടും സുധീർ പൊലീസിനെ സമീപിച്ചു. പരാതിയിൽ സുധീറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 2003ലാണ് തക്കലയിലെ കല്യാണ മണ്ഡപത്തിൽ വെച്ച് സുധീർ പ്രിയയുടെ കഴുത്തിൽ താലികെട്ടുന്നത്. ദാമ്പത്യം തുടങ്ങിയ ശേഷം സ്ഥിരം പിണങ്ങുന്ന ശീലം പ്രിയയ്ക്ക് ഉണ്ടായിരുന്നു. പിണങ്ങി ശിവകാശിയിലെ വീട്ടിലേക്ക് പോകുകയും ആ യാത്ര പഴയ കാമുകനായ മുരുകനുമായി വീണ്ടും അടുക്കാൻ വഴിവെയ്ക്കുകയും ചെയ്തുവെന്നും സുധീർ പറയുന്നു.
ആദ്യം ജോലിയൊന്നും ഇല്ലാതിരുന്ന മുരുകൻ പടക്ക വ്യാപാരത്തിൽ ശക്തനായതോടെ തന്നെ വകവരുത്തി ഒന്നിച്ച് ചേരാൻ ഇരുവരും തരുമാനിച്ചു ഇതിന്റെ ഭാഗമായാണ് അലുമിനിയം ഫോയ്സ് ഫൈറ്റ് എന്ന സ്ലോ പോയിസൺ നൽകിയതെന്നും സുധീർ പറയുന്നു. രണ്ടു വർഷം മുൻപ് കുട്ടികളെയും കൂട്ടി തന്റെ ഭാര്യ മുരുകനൊപ്പം പോയപ്പോഴും പൊലീസിൽ പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്ന് സുധീർ പരാതിപ്പെടുന്നു. പിന്നീട് വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് വിഷം നൽകിയതിന്റെ തെളിവുകൾ ലഭിച്ചതെന്നും ഇയാൾ പറഞ്ഞു. ഷാരോൺ കേസിന്റെ പശ്ചാത്തലത്തിലാണ് താൻ നീതി തേടി വീണ്ടും പൊലീസിന് മുന്നിലെത്തിയതെന്നും സുധീർ പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച കൊലപാതകമാണ് ഷാരോൺ കേസ്. ഡിഗ്രി വിദ്യാർത്ഥിയായ പാറശാല ഷാരോൺ എന്ന യുവാവിനെ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മറ്റൊരു വിവാഹ ജീവിതത്തിന് വേണ്ടിയായിരുന്നു ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്