ന്യൂഡൽഹി: സന്ദർശക പാസിലെത്തി ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് റിപ്പോർട്ടുകൾ. ഇക്കാര്യം ശരിവെച്ച് മറ്റൊരാളെ കൂടി പൊലീസ് പിടികൂടി. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം അഞ്ചായി. ഗുരുഗ്രാമിൽ വച്ചാണ് ഇയാൾ പിടിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. മറ്റൊരാൾക്ക് കൂടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

തൽക്കാലം പാർലമെന്റിലേക്ക് സന്ദർശക പാസ് അനുവദിക്കില്ല. സുരക്ഷാപ്രോട്ടോക്കോളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. എംപിമാർക്കും എംഎൽമാർക്കും ജീവനക്കാർക്കും പ്രത്യേകം പ്രവേശനം ഏർപ്പെടുത്തി. പ്രതികളിൽ രണ്ടു പേരുടെ മൊബൈൽ ഫോണുകൾ കണ്ടെത്താൻ ആയില്ല. പിടിയിലായ നീലത്തിന്റെയും അമോൽ ഷിൻഡെയും ഫോണുകളാണ് കണ്ടെത്താനുള്ളത്. ഇതിനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവരുടെ തിരിച്ചറിയൽ രേഖകളും കണ്ടെത്താനായില്ല. മാധ്യമങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവരാണ് ലോക്‌സഭ സന്ദർശക ഗാലറിയിൽ നിന്നും നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളർ പുക പരത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു ഇത്. ഇതേസമയം തന്നെ പാർലമെന്റിന് പുറത്തും സമാനമായ രീതിയിൽ കളർ പുക പരത്തുന്ന കാനിസ്റ്റർ കൈയിലേന്തിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നീലം ദേവി, അമേൽ ഷിൻഡെ എന്നിവരാണ് അറസ്റ്റിലായത്.

പിടിയിലായ അഞ്ചാമത്തെയാളുടെ പേര് ലളിത് ഝാ എന്നാണെന്നാണ് റിപ്പോർട്ടുകൾ. ആറാമത്തെയാളുടെ പേര് പുറത്തുവന്നിട്ടില്ല. ഗുരുഗ്രാമിലെ ഒരു വീട്ടിൽ ആറ് പേരും ഒരുമിച്ച് താമസിച്ചതായും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ന് പാർലമെന്റിൽ അരങ്ങേറിയ സംഭവങ്ങൾ വ്യക്തമായി ആസൂത്രണം ചെയ്താണെന്നും പൊലീസ് പറയുന്നു.

യു.പി സ്വദേശിയാണ് സാഗർ ശർമ. മൈസൂരു സ്വദേശിയാണ് 35കാരനായ മനോരഞ്ജൻ. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ഇയാൾ. അമോൽ ഷിൻഡെ മഹാരാഷ്ട്രയിലെ ലത്തൂർ സ്വദേശിയും നീലം ദേവി ഹരിയാനയിലെ ഹിസാർ സ്വദേശിനിയുമാണ്. കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യംചെയ്യുകയാണ്.

മൈസൂരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിൻഹയുടെ ഓഫിസിൽ നിന്നുള്ള സന്ദർശക പാസ്സ് ഉപയോഗിച്ചാണ് മനോരഞ്ജനും സാഗർ ശർമയും ലോക്‌സഭ ഗാലറിയിലെത്തിയത്. തന്റെ ഓഫിസിൽ നിന്നുള്ള പാസ്സ് ഇവർക്ക് അനുവദിച്ചത് സംബന്ധിച്ച് സ്പീക്കർ ഓം ബിർളയോട് വിശദീകരിക്കുമെന്ന് പ്രതാപ് സിൻഹ പറഞ്ഞു.

പൊലീസിനൊപ്പം ഐ.ബി ഉദ്യോഗസ്ഥർ പ്രതികളുടെ വീടുകളിലെത്തിയും പരിശോധന നടത്തി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തു. പ്രതികൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരുകയാണ്. ഇവരിൽനിന്ന് കണ്ടെടുത്ത രേഖകൾ തുടർപരിശോധനകൾക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

പിടിയിലായ നാലുപേർക്കും പരസ്പരം അറിയാമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. സാമൂഹിക മാധ്യമം വഴിയാണ് ഇവരുടെ പരിചയമെന്നും ഇതിലൂടെയാണ് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടതെന്നുമാണ് വിവരം. അക്രമികൾ പാർലമെന്റിൽ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഐബി മറ്റ് അന്വേഷണ ഏജൻസികളേയും ബന്ധപ്പെടുന്നുണ്ട്.

അതേസമയം നീലം, അമോൽ എന്നിവർ ആക്രമണ സമയത്ത് മൊബൈൽ ഫോൺ കൈയിൽ കരുതിയിരുന്നില്ല. ബാഗോ തിരിച്ചറിയൽ കാർഡോ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പാർലമെന്റിൽ എത്തിയതെന്നും ഒരു സംഘടനകളുമായും തങ്ങൾക്ക് ബന്ധമില്ലെന്നാണ് ഇരുവരുടേയും അവകാശവാദമെന്നും ഡൽഹി പൊലീസ് പറഞ്ഞു.

പാർലമെന്റ് ആക്രമണത്തിന്റെ വാർഷികത്തിലാണ് സംഭവം. പാർലമെന്റ് ആക്രമണ വാർഷിക ദിനം വീണ്ടും പാർലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാൻ വാദികൾ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, വൻ സുരക്ഷാപരിശോധന നിലനിൽക്കുന്ന പാർലമെന്റിന് അകത്തേക്ക് കളർ സ്പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനിൽക്കുന്നത്. പാർലമെന്റ് ആക്രമണ വാർഷികദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഇന്ന് പതിവിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.