- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്റ് അതിക്രമ കേസിൽ കർണാടക പൊലീസ് മുൻ ഡിവൈഎസ്‌പിയുടെ മകൻ അറസ്റ്റിൽ; പിടിയിലായത് ധാർവാഡ് സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ; കസ്റ്റഡിയിലെടുത്തത്, പ്രതി ഡി മനോരഞ്ജന്റെ ഡയറിയിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം; അന്വേഷണം തുടരുന്നു
ന്യൂഡൽഹി: പാർലമെന്റ് അതിക്രമക്കേസിൽ കർണാടക പൊലീസിനെ മുൻ ഡിവൈഎസ്‌പിയുടെ മകൻ അറസ്റ്റിൽ. ധാർവാഡ് സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ സായി കൃഷ്ണയാണ് അറസ്റ്റിലായത്. ലോക്സഭയിൽ അതിക്രമം കാട്ടിയ മനോരഞ്ജൻ എന്നയാളുടെ സുഹൃത്താണ് സായ്കൃഷ്ണ. യുവാവിനെ പൊലീസ് ഡൽഹിയിലെത്തിക്കും. കർണാടകയിലെ ബാഗൽകോട്ടുള്ള വസതിയിൽനിന്ന് ബുധനാഴ്ച രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് എൻഡിടിവി റിപ്പോർട്ടുചെയ്തു.
ഡൽഹി പൊലീസ് ചോദ്യംചെയ്യുന്നതിനിടെ മനോരഞ്ജനാണ് സായ്കൃഷ്ണയുടെ പേര് പറഞ്ഞതെന്നാണ് വിവരം. വിരമിച്ച ഡിവൈഎസ്‌പി വിത്തൽ ജഗാലിയുടെ മകനാണ് സായി കൃഷ്ണ. ബെംഗളൂരുവിലെ എൻജിനിയറിങ് കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ് മനോരഞ്ജനും സായ്കൃഷ്ണയും. ബാഗൽകോട്ടിലെ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു സായ്കൃഷ്ണ. പാർലമെന്റ് അതിക്രമക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട നാല് പ്രതികളിൽ ഒരാളാണ് മനോരഞ്ജൻ.
ഡി മനോരഞ്ജനും സായി കൃഷ്ണയും ഒരുമിച്ച് പഠിച്ചവരാണ്. ഹോസ്റ്റലിലും ഇവർ ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. ഡി മനോരഞ്ജന്റെ ഡയറിയിൽ സായി കൃഷ്ണയുടെയും പേരുണ്ടെന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഡൽഹി പൊലീസ് ഇന്നലെ അർദ്ധരാത്രിയോടെയാണ് ധാർവാഡിലെ വിദ്യാഗിരിയിലുള്ള വീട്ടിലെത്തി സായി കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ എഞ്ചിനീയറായ സായി കൃഷ്ണ വീട്ടിലിരുന്നാണ് (വർക്ക് ഫ്രം ഹോം) ജോലി ചെയ്തിരുന്നത്.
പാർലമെന്റ് അതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളെയും അയൽക്കാരെയും ഡൽഹി പൊലീസ് ചോദ്യംചെയ്തിരുന്നു. മുഖ്യസൂത്രധാരനായ ലളിത് ഝായുടെ കൊൽക്കത്തയിലെ വാടകവീട്ടിലും പരിസരങ്ങളിലുമായി പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. കൊൽക്കത്തയിലെ രണ്ട് ബാങ്കുകളിലും ബി.എസ്.എൻ.എൽ. ആസ്ഥാനത്തും പരിശോധന നടന്നു. സെൻട്രൽ കൊൽക്കത്തയിലെ ഗിരീഷ് പാർക്ക് പ്രദേശത്തുള്ള സ്വകാര്യ, ദേശസാത്കൃത ബാങ്കുകളിലാണ് പൊലീസെത്തിയത്.
ലളിത് ഝായുടെ മൊബൈൽഫോണിൽ ബി.എസ്.എൻ.എൽ. സിംകാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അന്വേഷണസംഘത്തിന് എല്ലാ സഹായങ്ങളും നൽകുന്നതായി കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ പറഞ്ഞു. കൊൽക്കത്തയിലെ രബീന്ദ്ര സരണിയിലുള്ള ലളിത് ഝായുടെ വാടകവീട് തിങ്കളാഴ്ച പൊലീസ് പരിശോധിച്ചിരുന്നു. അച്ഛനമ്മമാരും രണ്ട് സഹോദരങ്ങളുമായി നാലുവർഷമായി ലളിത് ഝാ ഇവിടായിരുന്നു താമസം. ഡിസംബർ 10-ന് ഝായുടെ അച്ഛനമ്മമാർ ബിഹാറിലെ ദർഭംഗ ജില്ലയിലേക്ക് പോയിരുന്നു. ഇവർ പോയശേഷമാണ് ഝാ ഡൽഹിക്കു പോയത്.
കൊൽക്കത്തയിൽ ഝായ്ക്ക് ബന്ധമുണ്ടായിരുന്ന സംയബാദി സുഭാഷ് ദളിന്റെയും റിസർവേഷൻ ഫ്രീ ഇന്ത്യയുടെയും പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായ നീലംദേവിയുടെ ഹരിയാണയിലെ ജിന്ദിലുള്ള വീട്ടിലും പൊലീസ് പരിശോധന നടത്തി. ഡയറിക്കുറിപ്പുൾപ്പെടെ പരിശോധിച്ചു. മൈസൂരു, കർണാടക, രാജസ്ഥാൻ, ഹരിയാണ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് പൊലീസിന്റെ പരിശോധന.
ഭഗത് സിങ്ങിന്റെയും ചന്ദ്രശേഖർ ആസാദിന്റെയും പേരിലുള്ള അര ഡസനോളം വാട്‌സ്ആപ് ഗ്രൂപ്പുകളിൽ അംഗങ്ങളായിരുന്നു പാർലമെന്റ് അതിക്രമത്തിൽ അറസ്റ്റിലായ ആറു പേരുമെന്ന് പൊലീസ് പറയുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ചിന്തകളും ആശയങ്ങളും ഇവർ നിരന്തരം ചർച്ച ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഡിയോകളും പങ്കുവെച്ചു.
കുറ്റാരോപിതർ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഭഗത് സിങ് പാർലമെന്റിൽ ഉയർത്തിയ പ്രതിഷേധം പുനരാവിഷ്‌കരിക്കാനാണ് ശ്രമിച്ചതെന്ന് അനുമാനമുണ്ട്. 'സിഗ്‌നൽ' ആപ് വഴി ആശയക്കൈമാറ്റം നടത്തിയ ഇവർ, കഴിഞ്ഞ വർഷം മൈസൂരുവിൽവെച്ച് കണ്ടിരുന്നു. മൈസൂർ സ്വദേശിയായ ഡി. മനോരഞ്ജനാണ് എല്ലാവരുടെയും യാത്ര ചെലവ് വഹിച്ചത്. ഇവരുടെ ഫോൺ നശിപ്പിച്ചതിനാൽ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് ചെയ്ത് വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്.
ശനിയാഴ്ച പാർലമെന്റിൽ പ്രതിഷേധ രീതി അന്വേഷണസംഘം പുനരാവിഷ്‌കരിച്ചു. സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് ഇതിന് നേതൃത്വം നൽകിയത്. പാർലമെന്റ് സുരക്ഷ ഉദ്യോഗസ്ഥരും ഡൽഹി പൊലീസ് ഉന്നതരും സന്നിഹിതരായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ