- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പദ്ധതിയിട്ടത് പാർലമെന്റിന് അകത്തും പുറത്തും സ്വയം തീകൊളുത്താൻ; സംഘം പുകയാക്രമണം നടത്താൻ കാരണം വെളിപ്പെടുത്തി ഡൽഹി പൊലീസ്;ആറാമത്തെ പ്രതി മഹേഷ് കുമാവത്തും കസ്റ്റഡിയിൽ
ന്യൂഡൽഹി: പാർലമെന്റ് അതിക്രമ സംഭവത്തിൽ ആറാമത്തെ പ്രതിയും കസ്റ്റഡിയിൽ. മഹേഷ് കുമാവത്തിനെയാണ് പിടികൂടിയത്. അതിക്രമത്തിന്റെ സൂത്രധാരനായ ലളിത് ഝായുടെ കൂട്ടാളിയാണ് ഇയാൾ. രാജസ്ഥാനിലെ നാഗോർ ജില്ലക്കാരനാണ്. ഡിസംബർ 13 ന് ഇയാളും ഡൽഹിയിൽ എത്തിയിരുന്നു. മഹേഷിന്റെ ഒളിയിടത്തിലേക്കാണ് ലളിത് ഝാ, സംഭവത്തിന് ശേഷം ഡൽഹിയിൽ നിന്ന് രക്ഷപ്പെട്ടത്. ആദ്യം അറസ്റ്റിലായ നാലുപ്രതികളുടെയും മൊബൈലുകൾ നശിപ്പിക്കുന്നതിന് ലളിതിനൊപ്പം മഹേഷും പങ്കാളിയായി.
പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം ദേവിയുമായി മഹേഷ് നിരന്തരം ആശയവിനിമയം നടത്തിയിരുന്നുവെന്നും വ്യക്തമായി. നീലം, സാഗർ ശർമ, മനോരഞ്ജൻ ഡി, അമോൽ ഷിൻഡെ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ.
അതിനിടെ, കേസിലെ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടു. തങ്ങളുടെ ആദ്യശ്രമം പരാജയപ്പെട്ടാൽ, നടപ്പാക്കാനായി ഒരു പ്ലാൻ ബി സംഘം തയ്യാറാക്കിയിരുന്നു. സ്വയം തീകൊളുത്താനായിരുന്നു ഇവർ ആദ്യം പദ്ധതി തയ്യാറാക്കിയതെന്ന് ഡൽഹി പൊലീസ് പറയുന്നു. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാൽ ദേഹത്ത് പുരട്ടാൻ ജെൽ കിട്ടാത്തതിനാൽ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പാർലമെന്റിന് അകത്ത് ലഘുലേഖകൾ വിതറുന്ന കാര്യവും ആലോചിച്ചിരുന്നു. പിന്നീടാണ് രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവർ പാർലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കിയത്. സംഘം അകത്തേക്ക് കടക്കാൻ ഉപയോഗിച്ച പാസിന് ശുപാർശ ചെയ്ത മൈസൂരിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ
യുടെ മൊഴി എടുക്കാനും സ്‌പെഷ്യൽ സെല്ലിന്റെ കൗണ്ടർ ഇന്റലിജൻസ് ടീം തീരുമാനിച്ചിട്ടുണ്ട്.
പാർലമെന്റിന് അടുത്ത് സ്‌മോക് കാനിസ്റ്ററുകൾ പൊട്ടിച്ചാണ് നീലം സിങ്ങും അമോലും പ്രതിഷേധം അറിയിച്ചത്. എന്നാൽ, ഇവർ ഈ ദൗത്യത്തിൽ പരാജയപ്പെട്ടാൽ, പ്ലാൻ ബി തയ്യാറായിരുന്നു. മഹേഷും, കൈലാസും മറ്റൊരു വഴിയിലൂടെ പാർലമെന്റിനെ സമീപിച്ച് മാധ്യമങ്ങളുടെ ക്യാമറകൾക്ക് മുന്നിൽ പടക്കവും കളർ കാനിസ്റ്ററുകറുകളും പൊട്ടിച്ച് മുദ്രാവാക്യം വിളിക്കാനായിരുന്നു പ്ലാൻ ബി. സംഘം താമസിച്ചിരുന്ന ഗുരുഗ്രാമിലെ വിശാൽ ശർമയുടെ വസതിയിൽ മഹേഷിനും, കൈലാസിനും എത്തിച്ചേരാൻ സാധിക്കാതിരുന്നതുകൊണ്ട് നീലവും അമോലും എന്തുവില കൊടുത്തും പ്രതിഷേധിക്കാനായിരുന്നു ലളിതിന്റെ നിർദ്ദേശം.
സംഭവത്തിന് ശേഷം ലളിത് മുങ്ങാനും പ്ലാനിട്ടിരുന്നു. രാജസ്ഥാനിലെ ഒളിയിടത്തിൽ ലളിതിന് സഹായിയായി മഹേഷിനെയാണ് ചുമതല ഏൽപ്പിച്ചിരുന്നത്. ഗസ്റ്റ് ഹൗസിൽ തന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ലളിതിന് വേണ്ടി മഹേഷ് മുറി ബുക്ക് ചെയ്തത്. ലളിതും, മഹേഷും കൈലാസും സംഭവത്തിന്റെ വിവരങ്ങൾ അറിയാൻ തുടർച്ചയായി ടിവി കണ്ടുകൊണ്ടിരുന്നു.
ലളിത് ഫോണുകൾ ഉപേക്ഷിച്ചത് ഹരിയാന രാജസ്ഥാൻ അതിർത്തിയിലാണെന്നാണ് സംശയം. ഡൽഹിയിലെ ഒരു ഹോട്ടലിലും പ്രതികൾ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായിൽ സംഘം മൈസൂരിൽ ഒത്തുകൂടിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഷൂവിൽ അറയുണ്ടാക്കി ഒളിപ്പിച്ചാൽ കണ്ടെത്തില്ലെന്ന പദ്ധതി മനോരഞ്ജന്റേതായിരുന്നു. അമോൽ ഷിൻഡേ മുംബൈയിൽ നിന്ന് 1200 രൂപക്ക് സ്‌മോക്ക് ഗൺ വാങ്ങിയെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ