ന്യൂഡൽഹി: പാർലമെന്റ് അതിക്രമ കേസിലെ മുഖ്യസൂത്രധാരൻ ലളിത് ഝാ ആക്രമണത്തിന്റെ വീഡിയോ പശ്ചിമബംഗാളിലെ തന്റെ സുഹൃത്തുമായി പങ്കിട്ടിരുന്നുവെന്ന് വ്യക്തമായി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ സുഹൃത്തായ സൗരവ് ചക്രവർത്തിയോട് തന്റെ സന്ദേശത്തിൽ, ലളിത് ആവശ്യപ്പെട്ടിരുന്നു. ജയ് ഹിന്ദ് എന്ന് പറഞ്ഞുകൊണ്ടാണ് ലളിത് സന്ദേശം അവസാനിപ്പിക്കുന്നത്.

ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് സൗരവ് ചക്രവർത്തി, ലളിതുമായുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മെയ് 14 മുതൽ സൗരവിനെ തനിക്കറിയാം. ഫേസ്‌ബുക്കിലൂടെയാണ് പരിചയം. എന്നാൽ, ലളിതിന്റെ ഗൂഢപദ്ധതിയെ കുറിച്ച് തനിക്കറിവില്ലായിരുന്നു.

' ഞങ്ങൾ ഫേസ്‌ബുക്കിലാണ് പരിചയപ്പെട്ടത്. എന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ ലളിത് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റുകളിൽ അദ്ദേഹം എന്നെ പിന്തുണച്ചിരുന്നു. എന്നാൽ, പാർലമെന്റ് സുരക്ഷാ വീഴ്ചയിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് അയാൾ ഒന്നും എന്നോടുപറഞ്ഞിരുന്നില്ല', സൗരവ് ചക്രവർത്തി പറഞ്ഞു.

1947 ന് മുമ്പാണ് ഇത്തരം സംഭവം നടന്നിരുന്നതെങ്കിൽ, താൻ പിന്തുണയ്ക്കുമായിരുന്നു. ഇപ്പോൾ, ഇത്തരം പ്രതിഷേധം അനാവശ്യമാണ്, സൗരവ് അഭിപ്രായപ്പെട്ടു. ലളിത് ഝാ, സാമൂഹിക നീതിയെയും ക്ഷേമത്തെയും കുറിച്ച് പലപ്പോഴും സംസാരിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു പദ്ധതിയെ കുറിച്ച് ഒരു സൂചനയും തന്നില്ല. കൊൽക്കത്തയിലെ രണ്ടുറാലികളിൽ വച്ച് ലളിതിനെ നേരിൽ കണ്ടിരുന്നു. വളരെ സഹായമന:സ്ഥിതിയുള്ള ആളായാണ് തോന്നിയത്. യുപിയിൽ ഒരുറാലിയിൽ പങ്കെടുക്കാൻ തന്റെ താമസത്തിനായി ലളിത് ഏർപ്പാടുകൾ ചെയ്തിരുന്നു, സൗരവ് ചക്രവർത്തി പറഞ്ഞു.

അതേസമയം, പാർലമെന്റ് അതിക്രമക്കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോൺ കത്തിക്കരിഞ്ഞതിന്റെ അവശിഷ്ടങ്ങൾ രാജസ്ഥാനിൽനിന്നും കണ്ടെത്തി. പാർലമെന്റിനകത്തും പുറത്തും അതിക്രമത്തിൽ നേരിട്ട് പങ്കാളികളായ നാല് പ്രതികളുടെ ഫോണുകൾ കേസിലെ മുഖ്യപ്രതിയായ ലളിത് ഝാ ആയിരുന്നു സൂക്ഷിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലേക്ക് കടന്ന ഇയാൾ ഇവിടെവെച്ച് ഫോണുകൾ കത്തിച്ചു നശിപ്പിച്ചശേഷമാണ് കീഴടങ്ങിയത്. ഫോണുകൾ കത്തിച്ചു കളഞ്ഞതായി ലളിത് ഝാ വെളിപ്പെടുത്തിയിരുന്നു.

ആദ്യം നാല് പ്രതികളുടെയും ഫോണുകൾ കത്തിച്ചതിന് ശേഷം സ്വന്തം ഫോണും ലളിത് ഇവിടെവച്ച് നശിപ്പിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തി. കേസന്വേഷണം വഴിതെറ്റിക്കാനും തെളിവ് നശിപ്പിക്കാനുമായി പ്രതികളുടെ ഫോണുകൾ ലളിത് ഝാ നശിപ്പിച്ചിരിക്കാമെന്ന് നേരത്തെതന്നെ ഡൽഹി പൊലീസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. മൊബൈൽ ഫോണിനൊപ്പം കത്തിക്കരിഞ്ഞ നിലയിൽ ചില വസ്ത്രങ്ങളുടെയും ഷൂവിന്റെ അവശിഷ്ടങ്ങളും രാജസ്ഥാനിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ലളിത് ഝായെ ഡൽഹിയിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചത് രാജസ്ഥാനിലെ നഗരൂർ സ്വദേശി മഹേഷായിരുന്നു. ഇയാൾക്കൊപ്പം താമസിക്കവെയാണ് ലളിത് ഫോണുകൾ നശിപ്പിച്ചത്. മഹേഷിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവം നടക്കുന്ന ദിവസം രാജസ്ഥാനിൽനിന്നാണ് മഹേഷ് ഡൽഹിയിലേക്ക് വന്നത്. ശേഷം, രാജസ്ഥാനിലെ മഹേഷിന്റെ ഒളിത്താവളത്തിലേക്കാണ് ലളിത് ഝാ രക്ഷപ്പെട്ടത്. കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടായേക്കുമെന്നാണ് സൂചന.

പാർലമെന്റിലെ അക്രമ സംഭവങ്ങൾ അരങ്ങേറുന്നതിനിടെ ദേഹത്ത് സ്വയം തീകൊളുത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ലളിത് ഝാ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നു. തീകൊളുത്തുമ്പോൾ ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാൻ പുരട്ടുന്ന ക്രീം കിട്ടാതെ വന്നപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു. പാർലമെന്റിനകത്തും പുറത്തും സ്വയം തീകൊളുത്തുക എന്നതായിരുന്നു പ്രതികളുടെ ആദ്യപദ്ധതി. ഇത് നടക്കില്ലെന്നു മനസ്സിലായതോടെയാണ് പ്ലാൻ ബി അനുസരിച്ച് സ്പ്രേ അടിക്കുന്ന രീതിയിലേക്ക് പദ്ധതി മാറ്റിയത്.

സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവർ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ലോക്സഭയുടെ ശൂന്യവേളയിൽ ചേംബറിൽ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗർ, സന്ദർശക ഗാലറിയിൽനിന്ന് ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്പ്രേ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജൻ, ഈ സമയം സന്ദർശക ഗാലറിയിൽത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാൻ തുറക്കുകയും ചെയ്തു. അമോൽ, നീലംദേവി എന്നിവരെ പാർലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്. പിന്നീട് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഡൽഹിയിലെ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ലളിത് ഝാ  കീഴടങ്ങിയത്.