- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്റ് അതിക്രമ കേസിൽ പ്രതി നീലം ആസാദിന്റെ ഹരിയാനയിലെ വീട്ടിൽ റെയ്ഡ്; കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്; കീഴടങ്ങും മുൻപ് ലളിത് ഝാ ഫോണുകൾ നശിപ്പിച്ചു; കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ രാജസ്ഥാനിൽ
ന്യൂഡൽഹി: പാർലമെന്റ് അതിക്രമ കേസിൽ അന്വേഷണം തുടർന്ന് ഡൽഹി പൊലീസ്. പ്രതി നീലം ആസാദിന്റെ ഹരിയാനയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘമാണ് ജിൻഡിലെ ഖാഗോ ഗ്രാമത്തിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. നീലത്തിന്റെ മുറിയിൽ പരിശോധന നടത്തിയ പ്രത്യേക സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ ബൽവാൻ സിങ്ങും വനിത ഓഫീസറുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അറസ്റ്റിലായവർക്കെതിരായ എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് നീലത്തിന്റെ മാതാപിതാക്കൾ ഡൽഹി പാട്യാല ഹൗസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. റിമാൻഡ് സമയത്ത് എഫ്.ഐ.ആറിനായി ഡൽഹി പൊലീസിനെ സമീപിക്കാനായിരുന്നു കോടതി നിർദ്ദേശം. കേസിലെ മറ്റൊരു പ്രതിയായ സാഗർ ശർമയുടെ ലക്‌നോയിലെ വസതിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സാഗർ ധരിച്ച ഷർട്ട് വീട്ടിൽ നിന്ന് കണ്ടെടുത്തു. കൂടാതെ, സാഗർ ഷൂസ് വാങ്ങിച്ച ആലംബാഗിലെ കടയിലും പൊലീസ് പരിശോധന നടത്തി. 600 രൂപ വരുന്ന രണ്ട് ജോടി ഷൂസ് ആണ് വാങ്ങിയത്. കടയിലെ സി.സി.ടിവി പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ കത്തിച്ചുകളഞ്ഞ മൊബൈൽ ഫോണുകളുടെ അവശിഷ്ടങ്ങൾ രാജസ്ഥാനിൽ നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു.
2001ലെ പാർലമെന്റ് ഭീകരാക്രമണത്തിന്റെ 22-ാം വാർഷിക ദിനമായ ഡിസംബർ 13നായിരുന്നു രാജ്യത്തെ നടുക്കിയ പാർലമെന്റ് അതിക്രമം. സംഭവത്തിൽ സാഗർ ശർമ, മനോരഞ്ജൻ, പാർലമെന്റിന് പുറത്ത് പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധിച്ച അമോൾ ഷിൻഡെ, നീലം ആസാദ് എന്നിവർ പിടിയിലായി. കേസിൽ രണ്ടു പേരെ കൂടി ഡൽഹി പൊലീസ് സ്‌പെഷൽ സെൽ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരുമായി ബന്ധമുള്ള രാജസ്ഥാനിൽ നിന്നുള്ള കൈലാശ്, മഹേഷ് എന്നിവരാണ് പിടികൂടിയത്.
അതേസമയം, മുഖ്യസൂത്രധാരനെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ബിഹാർ സ്വദേശി ലളിത് ഝായെ ചോദ്യം ചെയ്യാനായി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റു നാലുപേരെയും പോലെ യു.എ.പി.എ 16, 18 വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമം 153, 186, 120ബി, 353, 452 വകുപ്പുകളും ലളിതിനെതിരെയും ചുമത്തി.
ലളിത് ഝാ സംഭവത്തിന് ശേഷം രാജസ്ഥാനിലേക്ക് പോയെന്നാണ് പൊലീസ് പറയുന്നത്. സാഗർ ശർമ, മനോരഞ്ജൻ, നീലം, അമോൾ ഷിൻഡെ എന്നീ പ്രതികളുടെ മൊബൈൽഫോണുകൾ കത്തിക്കാൻ 'സൂത്രധാരനായ' ലളിത് ഝായെ മഹേഷ് സഹായിച്ചെന്നും പൊലീസ് ആരോപിക്കുന്നു. മറ്റു പ്രതികളെ പോലെ 'ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിങ്' എന്ന സമൂഹ മാധ്യമ ഗ്രൂപ്പിലുള്ളവരാണ് ഇരുവരും. മഹേഷ് ആക്രമണ സംഘത്തിന്റെ ഭാഗമാകേണ്ടതായിരുന്നുവെങ്കിലും കുടുംബം തടയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തെളിവില്ലാതാക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ഫോണുകൾ നശിപ്പിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. രാജസ്ഥാനിലെ കുചാമണിലാണിൽ നിന്നാണ് കത്തിക്കരിഞ്ഞ ഫോണുകൾ കണ്ടെത്തിയത്. അന്വേഷണ സംഘത്തെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. ലളിത് മോഹൻ ജാ തന്റെ കൂടെയുള്ള നാല് പേരുടെ മൊബൈൽ ഫോണുകൾ ആദ്യം നശിപ്പിച്ചെന്നും, ശേഷം ഡൽഹിയിലേക്ക് വരുന്നതിനു തൊട്ടു മുമ്പ് തന്റെ സ്വന്തം ഫോണും നശിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ലളിതിന്റെയും മറ്റു നാലുപേരുടെയും സിം കാർഡ് വിവരങ്ങൾ ലഭിക്കുന്നതിനായി അന്വേഷണസംഘം സേവനദാതാക്കളുമായി ബന്ധപ്പെട്ടു കഴിഞ്ഞു.
തീപിടിക്കാത്ത ജെല്ലുകൾ ശരീരത്തിൽ തേച്ച്, ജീവൻ പോകില്ലെന്നുറപ്പാക്കി ആത്മഹത്യാ ഭീഷണി ഉയർത്താനും ഇവർക്ക് ഉദ്ദേശമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇത് മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമമായാണ് പൊലീസ് കാണുന്നത്. ഡിസംബർ 13നാണ് തൊഴിലില്ലായ്മയിൽ പ്രതിഷേധിച്ച്, 'ഏകാധിപത്യം തുലയട്ടെ' എന്ന മുദ്രാവാക്യമുയർത്തി രണ്ടുപേർ പാർലമെന്റ് നടുത്തളത്തിൽ അതിക്രമിച്ച് കടന്നത്. സാഗർ ശർമയും മനോരഞ്ജൻ ഡിയുമാണ് ലോക്‌സഭയിലെ സന്ദർശക ഗാലറിയിൽ നിന്ന് നടുത്തളത്തിലേക്ക് ചാടിയത്. പല നിറങ്ങളിലുള്ള പുക പറത്തിയാണ് ഇവർ പാർലമെന്റിൽ പ്രതിഷേധിച്ചത്.
മറുനാടന് ഡെസ്ക്