മലപ്പുറം: കോഴിക്കോട്ടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പരുവണ്ണാമുഴി ഇർഷാദ് കൊലക്കേസിൽ ഒരാൾ കൂടി പിടിയിൽ. മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ് എന്ന ബാവയെ(37) യാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സ്വർണ്ണ കടത്തു സംഘം ഇർഷാദിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രധാന കണ്ണിയാണ് പിടിയിലായ ജുനൈദെന്നും ഇർഷാദിനെമർദിച്ച സംഘത്തിൽ ജുനൈദ് ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കേരളത്തിന് പുറത്തും വയനാട്ടിലുമായി ഒളിവിൽ കഴിഞ്ഞ് വരവെ വഴിക്കടവിലെ സ്വന്തം വീട്ടിലെത്തിയതായി രഹസ്യ വിവരം കിട്ടിയതോടെ, പ്രതിയെ വഴിക്കടവ് പൊലീസാണ് പിടികൂടിയത്. ഇതിന് ശേഷം പരുവണ്ണാമുഴി പൊലീസിനു കൈമാറി. കൊലക്കുറ്റം ഉൾപ്പടെയുള്ള ഗുരുതര വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണ്ണ കടത്തു കൊലപാതക കേസിൽ 12 പേർ അറസ്റ്റിലായിട്ടുണ്ട്.

ജൂലൈ 6ന് കാണാതായ ഇർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേ താണെന്ന് ഡിഎൻഎ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്. നേരത്തെ മേപ്പയൂർ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാൽ ഇർഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരം ലഭിച്ചത്.

രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തിൽ നിന്ന് ഇർഷാദ് ചാടി രക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. ജൂലൈ 17ന് പരിസരപ്രദേശത്ത് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയ കാര്യം പൊലീസ് അറിഞ്ഞ് എത്തിപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന ധാരണയിൽ ബന്ധുക്കൾ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്റെ ചില ബന്ധുക്കൾ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ പരിശോധിച്ചത് നേട്ടമായി. പരിശോധനയിൽ മൃതദേഹം ഇർഷാദി ന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.

മെയ് 23 നാണ് ജോലിക്കെന്നും പറഞ്ഞ് ഇർഷാദ് വയനാട്ടിലേക്ക് പോവുന്നത്. പിന്നാലെ ജുലൈ എട്ടിനാണ് ഇർഷാദിനെ തട്ടിക്കൊണ്ട് പോയെന്ന സന്ദേശം വീട്ടിൽ ലഭിക്കുന്നത്. വിദേശത്ത് നിന്നും എത്തിച്ച 60 ലക്ഷം രൂപ വില വരുന്ന സ്വർണം തിരികെ നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു തട്ടിക്കൊണ്ട് പോയവരുടെ ഭീഷണി.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിൽപെട്ട സബ്ബ് ഇൻസ്പെക്ടർ എം. അസൈനാർ , പൊലീസുകാരായ റിയാസ് ചീനി, പ്രശാന്ത് കുമാർ.എസ്, പരുവണ്ണാമൂഴി ഇൻസ്‌പെക്ടർ സുശീർ.പി, എസ് ഐ ബിജു, ബാബു കക്കട്ടിൽ കോഴിക്കോട് ജില്ല റൂറൽ എസ്‌പി സ്‌ക്വാഡിലെ എസ് ഐ മാരായ രാജീവ് ബാബു, സുരേഷ്. വി.കെ, ബിജു.പി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.