മലപ്പുറം: ബൈബിൾ വചനങ്ങൾ പോക്സോ കേസിലെ വിധിന്യായത്തിൽ ഉദ്ദരിച്ച് പോക്സോ കോടതി ജഡ്ജി. അദ്ധ്യാത്മിക മാർഗ്ഗ ദർശനം നൽകുന്നയാൾ തികച്ചും വിശ്വസ്ത പരിചാരകൻ കൂടിയാകണമെന്ന ബൈബിൾ വചനങ്ങളാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി പി ടി പ്രകാശൻ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയത്.

മലപ്പുറത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർ ജോസ് പ്രകാശിനെ ശിക്ഷിച്ചു കൊണ്ടുള്ള വിധിന്യായത്തിലാണ് മഞ്ചേരി പോക്സോ കോടതി ജഡ്ജിയുടെ പരാമർശം. ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡ് എന്ന സംഘടനയിൽ പ്രവർത്തിച്ചു വരികയായിരുന്നു. മത പ്രബോധകനായ പ്രതി പെന്തക്കോസ്ത് വിഭാഗത്തിന്റെ പെരിന്തൽമണ്ണ മേഖല കൺവെന്റഷനിൽ വച്ചാണ് മാതാപിതാക്കളോടൊപ്പമെത്തിയ കുട്ടികളെ കാണുന്നത്. 12കാരനും 13കാരിയുമായ സഹോദരങ്ങളുടെ മേൽ ബാധ കയറിയിട്ടുണ്ടെന്നും പ്രത്യേക പ്രാർത്ഥന നടത്താതെ ബാധ ഒഴിയുകയില്ലെന്നും മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു.

മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ച് പ്രതി 2016 ഫെബ്രുവരി 16ന് പുല്ലൂരിലെ വീട്ടിലെത്തി. പ്രാർത്ഥനക്കിടെ പ്രതി കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. പിറ്റേന്ന് രാവിലെ 9 മണിക്ക് പ്രാർത്ഥന പുനരാരംഭിച്ചു. പെൺകുട്ടിക്ക് പ്രത്യേക പ്രാർത്ഥന അത്യാവശ്യമെന്ന് മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനായി പെൺകുട്ടിയെ കിടപ്പു മുറിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടിയെ പ്രതി ആദ്യം ബലാൽസംഗം ചെയ്യുന്നത്.

പ്രാർത്ഥന തുടരേണ്ടതുണ്ടെന്ന് പറഞ്ഞ് മൂന്നാഴ്ചക്ക് ശേഷം കുട്ടിയെ ആനമങ്ങാടുള്ള കുടുംബ സുഹൃത്ത് ബാബുവിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രാത്രി ഒപ്പം കിടന്ന പെൺകുട്ടിയെ കാണാതായപ്പോൾ മാതാവ് വീടിനകത്ത് തിരയുകായയിരുന്നു. ഇതിനിടെ കുട്ടി പ്രതിയുടെ മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. പീഡന വിവരം പുറത്തു പറഞ്ഞാൽ ദൈവദോഷമുണ്ടാകുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ സംഭവം കുട്ടി മറച്ചുവെച്ചു.

എന്നാൽ കുട്ടി ധൃതിയിൽ ചുരിദാർ ധരിച്ചത് പുറം മറിഞ്ഞായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മാതാവ് ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. പിറ്റേന്ന് കുട്ടിയും മാതാവും ചൈൽഡ് ലൈനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മലപ്പുറം വനിതാ സെൽ പൊലീസ് കേസ്സെടുക്കുകയായിരുന്നു. കേസിൽ പ്രതിയായ പാസ്റ്റർ തിരുവനന്തപുരം ബാലരാമപുരം മുടവൂർപാറ കാട്ടുകുളത്തിൻകര ജോസ്പ്രകാശ് (51) നെയാണ് ജഡ്ജി പി ടി പ്രകാശൻ ശിക്ഷിച്ചത്.

ഇന്ത്യൻ ശിക്ഷാനിയമം 376 (2) എൻ പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒന്നിലധികം തവണ ബലാൽസംഗം ചെയ്തതിന് ജീവിതാന്ത്യം വരെ തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു വർഷത്തെ അധിക കഠിന തടവ്, 12 വയസ്സുകാരനെ മാനഭംഗപ്പെടുത്തിയതിന് പോക്‌സോ ആക്ടിലെ 7, 8 വകുപ്പുകൾ പ്രകാരം അഞ്ചു വർഷം തടവ്, 75000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വർഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.

പ്രതി പിഴയടക്കുന്ന പക്ഷം രണ്ടു ലക്ഷം രൂപ പെൺകുട്ടിക്കും 50000 രൂപ ആൺകുട്ടിക്കും നൽകണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ കോടതിയിൽ 14 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി. ഡബ്ല്യുസിപിഒമാരായ എൻ സൽമ, ഷാജിമോൾ എന്നിവരായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലെയ്‌സൻ ഓഫീസർമാർ.

മഞ്ചേരി സി ഐയായിരുന്ന സണ്ണിചാക്കോയുടെ നേതൃത്വത്തിൽ എസ് ഐ എസ് ബി കെലാസ്‌നാഥ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി സഞ്ജീവ് എന്നിവരടങ്ങുന്ന സംഘം 2016 മാർച്ച് 22നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.