കമ്പംമെട്ട്: മന്തിപ്പാറയ്ക്ക് സമീപം തമിഴ്‌നാട് വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വയലാർ നഗർ സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളിയിലെ സുവിശേഷകൻ പത്തനംതിട്ട ചിറ്റാർ സ്വദേശിയായ എബ്രാഹാമിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കടബാധ്യതയെ തുടർന്ന് ഇയാൾ തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് കേരള അതിർത്തിയോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ വനത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കമ്പം സൗത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. ലാവണ്യയുടെ നേതൃത്വത്തിൽ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിനായി തേനി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

ശനിയാഴ്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ട എബ്രാഹാമിന് 45 ലക്ഷം രൂപയോളം കടബാധ്യതയുള്ളതായി കണ്ടെത്തിയത്. ബാധ്യത തീർക്കാൻ കഴിയാത്തതിനാൽ മനോവിഷമത്തിലായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു.പള്ളിയോട് ചേർന്നുള്ള പാഴ്സണേജിൽ കുടുംബമായി താമസിച്ചിരുന്ന എബ്രാഹം കഴിഞ്ഞ എട്ടിന് വീടു വീട്ടു പോവുകയായിരുന്നു. ഏറെ വൈകിയും തിരികെയെത്താത്തിനെ തുടർന്ന് ബന്ധുക്കൾ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.